നവകേരള സദസ്സ്: അരുവിക്കര മണ്ഡലത്തിൽ ഇനി പുതിയ വേദി
Mail This Article
ആര്യനാട്∙ അരുവിക്കര നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വേദി സംബന്ധിച്ച് തീരുമാനം ആയി. പാലൈകോണം വില്ലാ നസ്രത്ത് സ്കൂൾ ഗ്രൗണ്ടിൽ ആണ് പരിപാടി നടക്കുക.
ഇന്നലെ ചേർന്ന സംഘാടക സമിതിയിൽ ആണ് പുതിയ വേദി സംബന്ധിച്ച് വ്യക്തത ആയത്. ഇനി കലക്ടർ കൂടി അംഗീകരിക്കണം. അരുവിക്കര മണ്ഡലത്തിൽ 22നു രാവിലെ 11നാണ് നവകേരള സദസ്സ് നടക്കുന്നത്. ആര്യനാട് ഗവ. വി ആൻഡ് എച്ച്എസ്എസ് മൈതാനത്താണ് ആദ്യം ഒരുക്കങ്ങൾ തുടങ്ങിയതെങ്കിലും ഈ ദിവസം ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷ ഉള്ളതിനാൽ മാറ്റേണ്ടി വന്നു. വേദി മാറ്റിയതിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാകും.
ആര്യനാട് സ്കൂൾ ഗ്രൗണ്ട് മാറ്റിയതിന് പിന്നാലെ ആര്യനാട് മാർക്കറ്റിന് സമീപത്തെ വസ്തു, കാഞ്ഞിരംമൂട്ടിൽ മുൻപ് മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലം, പാലൈകോണം വില്ല നസ്രത്ത് സ്കൂൾ തുടങ്ങിയ സ്ഥലങ്ങൾ സംഘാടക സമിതി പരിശോധിച്ചു.
5,000 പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് വേണം വേദി ഒരുക്കേണ്ടത്. കാഞ്ഞിരംമൂട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടാണ്. ആര്യനാട് മാർക്കറ്റിന് സമീപത്തെ സ്ഥലത്ത് ഇത്രയും പേരെ ഉൾക്കൊള്ളാൻ കഴിയില്ല. പാലൈകോണം സ്കൂൾ ഗ്രൗണ്ടിൽ സൗകര്യം ഉണ്ടെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന ബസ് ഇടറോഡിലൂടെ സ്കൂളിലേക്ക് എത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറ്റിച്ചൽ ആര്യനാട് റോഡിൽ സ്കൂളിലേക്ക് പോകുന്ന ഇടറോഡിന് മുന്നിൽ ഇറക്കിയ ശേഷം ആഘോഷപൂർവം വേദിയിലേക്ക് കൊണ്ടുപോകാൻ ആണ് ശ്രമം. പരിപാടി കഴിഞ്ഞ ശേഷം ഇവരെ മറ്റ് വാഹനങ്ങളിൽ ബസിലേക്ക് തിരികെ എത്തിക്കും.
നവകേരള സദസ്സിന്റെ വേദി ആര്യനാട് ഗവ. വി ആൻഡ് എച്ച്എസ്എസ് ഗ്രൗണ്ട് നിശ്ചയിക്കുകയും ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. മന്ത്രി ആന്റണി രാജുവും കലക്ടറും സ്കൂളിൽ എത്തി സ്ഥലം സന്ദർശിച്ചിരുന്നു.
പരിപാടിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും മണ്ഡലത്തിൽ നിരന്നു. 21ന് പരീക്ഷ തീരുമെന്ന കണക്കുകൂട്ടലിൽ ആണ് സംഘാടക സമിതി നവകേരള സദസ്സിന് സ്കൂൾ മൈതാനം തിരഞ്ഞെടുത്ത് ഒരുക്കങ്ങൾ തുടങ്ങിയത്. വിദ്യാഭ്യാസ കലണ്ടറിലും 21 വരെ ആയിരുന്നു പരീക്ഷ എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് 22ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷ ഉണ്ടെന്ന് ആര്യനാട് സ്കൂൾ അധികൃതർക്ക് അറിയിപ്പ് ലഭിച്ചത്. സ്കൂൾ അധികൃതർ മേലധികാരികളെ അറിയിച്ചതോടെ വിവരം വിദ്യാഭ്യാസ വകുപ്പ് നവകേരള സദസ്സ് സംഘാടക സമിതിയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് പുതിയ വേദി കണ്ടെത്താൻ ഭാരവാഹികൾ ശ്രമം തുടങ്ങിയത്. ഇന്ന് വൈകിട്ട് 4ന് സ്വാഗതസംഘം ഓഫിസ് ആര്യനാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചലച്ചിത്രതാരം സുധീർ കരമന ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരിഞ്ചലിൽ വീട്ടുമുറ്റ കൂട്ടായ്മയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.