നെടുമങ്ങാട് നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന
Mail This Article
നെടുമങ്ങാട്∙ നഗരത്തിലെയും സമീപത്തെയും അഞ്ച് ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, നാല് ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. ഒരു ഹോട്ടലിന്റെ പിന്നിൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി. പതിനൊന്നാം കല്ല് ഉള്ള ചിറയിൽ റസ്റ്ററന്റ്, സൽക്കാര ഹോട്ടൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീൻ, വട്ടപ്പാറ എസ്‌യുടി കന്റീൻ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.
മാർക്കറ്റ് ജംക്‌ഷനിലെ നൂരിയ ഫാമിലി റസ്റ്ററന്റിന്റെ പുറക് വശത്താണ് പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടെത്തിയത്. വട്ടപ്പാറ എസ്‌യുടി കന്റീൻ വൃത്തി ഹീനമായ നിലയിലും കാണപ്പെട്ടു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു.
9 പന്നി ഫാമുകൾക്ക് പിഴ ചുമത്തി
പഞ്ചായത്ത് പരിധിയിൽ കട്ടയ്ക്കോട് വാർഡിൽ അനധികൃതമായും വൃത്തി ഹീനമായ അന്തരിക്ഷത്തിലും പ്രവർത്തിച്ച 9 പന്നി ഫാമുകൾക്ക് 25,000 രൂപ വരെ പിഴ ചുമത്തിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്
.പട്ടണത്തിലെ വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടന്നു. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. അനധികൃതമായി പ്ലാസ്റ്റിക് കത്തിച്ച ചില സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി സെക്രട്ടറി അറിയിച്ചു.