ADVERTISEMENT

തിരുവനന്തപുരം∙ കോട്ടയം ജനറൽ ആശുപത്രിയിൽ ജോലിവാഗ്ദാനം ചെയ്ത് അരലക്ഷം രൂപ കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവു നൽകിയ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ ഒട്ടേറെപ്പേരെ കബളിപ്പിച്ചിട്ടുണ്ടെന്നു പൊലീസ്. പത്തനംതിട്ട ജില്ലയിലെ 5 പേരിൽ നിന്നായി 3.5 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.

ഒരാളിൽ നിന്ന് 1.5 ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് അരലക്ഷം രൂപ വീതവുമാണു വാങ്ങിയത്. ഇവർക്കും വ്യാജ നിയമന ഉത്തരവു നൽകിയിട്ടുണ്ടെന്നും കന്റോൺമെന്റ് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷം, പണം നഷ്ടമായവരുടെ മൊഴിയെടുക്കും. 

അനധികൃത നിയമനത്തിനു ശ്രമിച്ചതിന്റെ ജാള്യം കാരണം ഒരു വിഭാഗം പേർ പരാതിയില്ലെന്നു പൊലീസിനെ അറിയിച്ചിട്ടുണ്ട്.എംപി ക്വോട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നു വാഗ്ദാനം നൽകി കരുനാഗപ്പള്ളി സ്വദേശിയിൽ നിന്ന് 50,000 രൂപ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവു നൽകിയിരുന്നു. 

ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്നായിരുന്നു ഉത്തരവ്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി വ്യാജ ഉത്തരവ് പ്രചരിപ്പിക്കുകയും വിഷയം ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഡയറക്ടറേറ്റിലെ സെക്‌‍ഷൻ ഓഫിസറുടെ പേരിൽ വ്യാജ ലെറ്റർപാഡ് തയാറാക്കിയാണ് തട്ടിപ്പു നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com