കടുവപ്പാറയിൽ ബസ് മണ്ണിൽ പുതഞ്ഞു മാർഗതടസ്സമായി,യാത്രക്കാർക്ക് ദുരിതം
Mail This Article
പാലോട്∙ അടുത്തിടെ നവീകരിച്ച നന്ദിയോട് പഞ്ചായത്തിലെ കടുവപ്പാറ കലുങ്കിൽ ഇന്നലെ ബസ് മണ്ണിൽ പുതഞ്ഞു ഏറെ നേരം മാർഗതടസ്സം ഉണ്ടായി. മണ്ണുമാന്തി യന്ത്രം കൊണ്ടു വന്നു കെട്ടിവലിച്ചു നീക്കുകയായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് മഴക്കെടുതിയിൽ തോടിനു കുറുകെയുള്ള പാലത്തിന്റെ ഒരു വശം തകർന്നു വീഴുകയും ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം ജില്ലാ പഞ്ചായത്ത് ഇവിടെ കലുങ്ക് നവീകരിച്ചെങ്കിലും കോൺക്രീറ്റോ ടാറിങ് നടത്തുകയോ ചെയ്യാതെ ചെളിക്കളമായി മാറുകയായിരുന്നു. അടുത്തിടെ ഇവിടെ മണ്ണിട്ടതിനെ തുടർന്നാണ് ഇന്നലെ സ്വകാര്യ ബസ് പുതഞ്ഞത്.
കാൽനട പോലും അസാധ്യമായ ഇവിടെ ഇരുചക്രവാഹനക്കാർ നിത്യേന വീണു അപകടം സംഭവിക്കുകയാണ്. നന്ദിയോട് പഞ്ചായത്തിൽ ഇത്രയേറെ ഗതാഗത പ്രാധാന്യം ഉള്ള മറ്റൊരു റോഡ് ഇല്ല. പണിത കലുങ്കിൽ ടാർ ചെയ്യാത്തതിനാൽ ഫിറ്റ്നസ് കൊടുക്കാൻ കഴിയില്ലെന്നു ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഇതു വഴി സർവീസ് നടത്തുന്നില്ല. ഇത്രയും ദുരിതം അനുഭവിക്കുമ്പോഴും നന്ദിയോട് പഞ്ചായത്തിന് കണ്ട ഭാവമില്ല. കലുങ്ക് പണിത ജില്ലാ പഞ്ചായത്ത് പരിഹാരം കാണുന്നുമില്ല.