നടന്നു പോകുന്നവരുടെ കാര്യം പോക്കാണ്; ഇടിച്ചു തെറിപ്പിക്കും...
Mail This Article
തിരുവനന്തപുരം∙ നഗരത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സിറ്റി പൊലീസും മോട്ടോർവാഹന വകുപ്പും ഒട്ടേറെ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടും അപകടങ്ങൾ കുറയ്ക്കാനാകുന്നില്ല. ഫുട്പാത്തിലേക്കു വാഹനം ഇടിച്ചു കയറിയും റോഡ് കുറുകെ കടക്കുമ്പോഴും അപകടത്തിൽപെടുന്നവരാണ് ഏറെയും. വേഗപരിധി ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളാണ് കാൽനടയാത്രക്കാരുടെ ജീവനെടുക്കുന്നതിൽ പ്രധാന വില്ലൻ. റോഡുകളിലെ വെളിച്ചക്കുറവും രാത്രിയിലുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമാകുന്നു. പേരൂർക്കടയിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടുപേർ നടപ്പാതയിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിച്ചു മരിച്ചതാണ് ഒടുവിലത്തെ സംഭവം.
സീബ്രാലൈനിലൂടെ നടപ്പാതയിലൂടെയും നടക്കുന്നവർക്കും പോലും രക്ഷയില്ല. കാൽനടയാത്രക്കാർ സീബ്ര ലൈനിൽ പ്രവേശിക്കാൻ മുതിരുന്നതു കണ്ടാൽ പോലും വാഹനം നിർത്തി യാത്രക്കാരെ കടത്തിവിടണമെന്നാണ് നിയമം.എന്നാൽ നഗരത്തിൽ പലയിടത്തും വാഹനയാത്രക്കാർ ഇതു പാലിക്കുന്നില്ല. നേരത്തെ മോട്ടർ വാഹനവകുപ്പും എൻഫോഴ്സ്മെന്റ് സ്ക്വാഡും നടപടി ശക്തമാക്കിയപ്പോൾ കുറച്ച് മാറ്റം വന്നെങ്കിലും ഇപ്പോൾ നിയമലംഘനം കൂടി.
നഗരത്തിലെ അപകടങ്ങൾ ; അത്യാഹിതങ്ങൾ
∙2021 ഒക്ടോബർ 7: മരുന്നു വാങ്ങാൻ റോഡ് കുറുകെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച്, കൊല്ലം സ്വദേശികളായ ദമ്പതികൾക്കു ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 8.40 നായിരുന്നു സംഭവം. തിരുവനന്തപുരം ഫോർട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കൊല്ലം മൈലക്കാട് സ്വദേശിയായി ഡെന്നീസ് അനിയൻ (45) ഭാര്യ നിർമല (33) എന്നിവരാണ് മരിച്ചത്.
∙2022 ഫെബ്രുവരി 18: ദേശീയപാതാ ബൈപാസിൽ കരിക്കകത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു. വെൺപാലവട്ടം തോപ്പിനകം റാണി ഭവനിൽ ടൈറ്റാനിയം റിട്ട. ടെക്നിഷ്യൻ എസ്.മോഹനൻ (71) ആണു മരിച്ചത്. ബൈക്കോടിച്ച തമിഴ്നാട് സ്വദേശി റോയിയെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോയിക്കൊപ്പം ഭാര്യയും 7 വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. ഇവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
∙മാർച്ച് 12: മുട്ടത്തറയ്ക്കു സമീപം ബൈപ്പാസ് റോഡ് കുറുകെ കടക്കവെ യുവാവ് കാറിടിച്ചു മരിച്ചു. മുട്ടത്തറ വടുവത്ത് ആൽത്തറ മുടുക്കിന് സമീപം പരേതനായ രവിയുടെയും വിജയകുമാരി യുടെയും മകൻ ആർ.മനോജ്(37) ആണ് മരിച്ചത്. വൈകിട്ട് 4ന് കല്ലുമ്മൂട്-പരുത്തിക്കുഴി റോഡിൽ മുട്ടത്തറ ബവ്റേജ് ഔട്‌ലെറ്റിന് മുന്നിലായിരുന്നു ആയിരുന്നു അപകടം. ഇടറോഡിൽ നിന്നു ബൈപാസിലേക്ക് കയറുമ്പോൾ കല്ലുമ്മൂട് ഭാഗത്ത് നിന്ന് കോവളം റൂട്ടിലേക്ക് പോകുക യായിരുന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.
∙ഏപ്രിൽ 2: ബൈപാസിൽ അമിത വേഗത്തിൽ നിയന്ത്രണം വിട്ട് പാഞ്ഞ കാർ ഓടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അണ്ടൂർക്കോണം റിപ്പബ്ലിക് ലൈബ്രറിക്കു സമീപം റോസ് ഹൗസിൽ അബ്ദുൽ ഷിബിലിയുടെ മകൻ മുഹമ്മദ് ഷിബിൻ (37) മരിച്ചു. രാത്രി 11.15നു ലുലുമാളിനു മുന്നിലായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം. നിയന്ത്രണം തെറ്റി ഓടയിലേക്ക് പാഞ്ഞുകയറിയ കാർ റോഡരികിൽ നിന്ന ഷിബിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
∙2022 മേയ് 14 : റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് യുവതി മരിച്ചു. കരമന കുഞ്ചുവീട് ടി.സി 21/324ൽ ഈശ്വര മൂർത്തിയുടെ ഭാര്യ രേണുക (55) ആണ് മരിച്ചത്. വൈകിട്ട് കരമന ജംക്‌ഷനിലായിരുന്നു അപകടം.
∙ജൂലൈ 24 : ദേശീയപാത ബൈപാസിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച വയോധികൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു.
കമലേശ്വരം പണയിൽ ഗണപതിക്ഷേത്രത്തിനു എതിർവശം ദീപാനിവാസിൽ ശിവശങ്കരൻ നായർ(71)ആണ് മരിച്ചത്. ഞായർ രാത്രി 7.30ന് മുട്ടത്തറ തരംഗിണി നഗറിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനു സമീപത്തായിരുന്നു സംഭവം. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. മരുന്ന് വാങ്ങാനായി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.