ഒഴുകിപ്പോയത് 90 വർഷങ്ങൾ; തിരുവനന്തപുരത്ത് പൈപ്പിലൂടെ കുടിവെള്ളമെത്തിയ 1933 ഡിസംബർ 11
Mail This Article
തിരുവനന്തപുരം ∙ നഗരത്തിൽ പൈപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിച്ചിട്ട് ഇന്ന് 90 വർഷം. 1933 ഡിസംബർ 11 നാണ് അന്നത്തെ വൈസ്രോയി വെല്ലിങ്‌ടൻ പ്രഭുവാണ് വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ടാപ്പ് തുറന്ന് വെള്ളം കൈകളിലെടുത്ത് ശുദ്ധജല വിതരണം ഉദ്ഘാടനം ചെയ്തത്.
വെല്ലിങ്ടൻ വാട്ടർ വർക്സിന്റെ ഉദ്ഘാടന വേദി കൂടിയായിരുന്നു ഇത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ, ആദ്യത്തെ ചീഫ് എൻജിനീയർ ബാലകൃഷ്ണറാവു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ശുദ്ധജലം എത്തിക്കുന്നതിന് നഗരത്തിന് 15 കിലോമീറ്റർ അകലെയുള്ള അരുവിക്കരയിൽ തടയണ കെട്ടിയാണ് നടപടികൾക്ക് തുടക്കമിട്ടത്. പ്രാഥമിക ശുദ്ധീകരണം നടത്തി 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പിലൂടെ ജലം വെള്ളയമ്പലത്ത് ഫിൽറ്റർ ഹൗസിൽ ഗ്രാവിറ്റിയിൽ എത്തിച്ച് പരുക്കൻ മണലിലൂടെയും കല്ലുകളിലൂടെയും കടത്തിവിട്ട് അണുനശീകരണം നടത്തിയ ശേഷമാണ് വിതരണം ചെയ്തത്.
രൂപരേഖ തയാറാക്കിയത് 1928 ൽ
ഒട്ടേറെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം 1928 ലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. 1961 ൽ നഗരത്തിന്റെ ജനസംഖ്യ 1,35,000 ആകും എന്നു കണക്ക് കൂട്ടിയാണ് പ്രതിദിനം 20 ദശലക്ഷം ലീറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചത്. വെള്ളത്തിൽ ക്ലോറിൻ കലർത്തി അണു നശീകരണം നടത്തി ജലവിതരണം ആരംഭിച്ചിട്ട് 31 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതി ആരംഭിക്കുന്നത്.
ഒരു ദിവസം നഗരം കുടിക്കുന്നത് 375 ദശലക്ഷം ലീറ്റർ വെള്ളം
നഗരത്തിന് ഇന്നും ശുദ്ധജലം നൽകുന്നത് അരുവിക്കര ശുദ്ധജല സംഭരണിയിൽ നിന്നാണ്. അരുവിക്കരയിൽ പമ്പിങ് മുടങ്ങിയാൽ നഗരത്തിനു ശുദ്ധജലം മുട്ടും. ഒരു ദിവസം പമ്പിങ് നിർത്തി വച്ചാൽ ജലവിതരണം സുഗമമാകണമെങ്കിൽ കുറഞ്ഞത് 2–3 ദിവസമെങ്കിലും വേണം. ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്.
ഒരു ദിവസം 375 ദശലക്ഷം ലീറ്റർ വെള്ളമാണ് അരുവിക്കരയിൽ നിന്നും പമ്പു ചെയ്യുന്നത്. 12 ലക്ഷം പേരാണ് അരുവിക്കരയിൽ നിന്നുള്ള വെള്ളം കുടിക്കുന്നതെന്നു വാട്ടർ അതോറിറ്റി പറയുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി കൂടി ഉൾപ്പെടുത്തുമ്പോൾ, ഇത് 25 ലക്ഷമായി ഉയരും. അരുവിക്കര, വെള്ളനാട്, കരകുളം എന്നീ പഞ്ചായത്തുകൾക്കും ശുദ്ധജലം നൽകുന്നതും അരുവിക്കരയിൽ നിന്നാണ്. തിരുവനന്തപുരം നഗരവാസികൾ മാത്രമല്ല, പള്ളിപ്പുറം വരെയുള്ളവർ കുടിക്കുന്നതും അരുവിക്കര ജലം തന്നെ.
6 പ്ലാന്റുകൾ; തികയുന്നില്ല
അരുവിക്കരയിലെ 4 , വെള്ളയമ്പലത്ത് ഒന്ന്, പിടിപി നഗറിൽ ഒന്ന് എന്നിങ്ങനെ ആകെ 6 ജല ശുദ്ധീകരണ പ്ലാന്റുകളാണ് ജല അതോറിട്ടിക്കുള്ളത്. ഇതിൽ നാലെണ്ണവും അരുവിക്കരയിലാണ്. ഒരെണ്ണം വെള്ളയമ്പലത്ത്, ഒരെണ്ണം പിടിപി നഗറിൽ. 74 എംഎൽഡി, 82 എംഎൽഡി, 75 എംഎൽഡി, 72 എംഎൽഡി പ്ലാന്റുകളാണ് അരുവിക്കരയിൽ.
36 എംഎൽഡി പ്ലാന്റാണ് വെള്ളയമ്പലത്തുള്ളത്. പിടിപി നഗറിൽ 29.5 എംഎൽഡിയും. അരുവിക്കര ജലസംഭരണിയിലെ വെള്ളം ശുദ്ധീകരിച്ചാണ് പമ്പ് ചെയ്ത് നഗരത്തിനകത്തും പുറത്തുമുള്ള വീടുകളിൽ എത്തിക്കുന്നത്. അരുവിക്കര ഡാമിൽ 46.3 മീറ്ററിൽ ജലനിരപ്പ് ഉണ്ടെങ്കിൽ മാത്രമേ പമ്പിങ് നടത്താൻ കഴിയൂ. 46.6 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
ഒരാൾക്ക് വേണ്ടത് 135 ലീറ്റർ
ജല അതോറിറ്റിയുടെ കണക്കുകൾ പ്രകാരം നഗരത്തിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ദൈനംദിന ഉപയോഗത്തിനായി വേണ്ടത് 135 ലീറ്റർ വെള്ളം. എന്നാൽ ഗാർഹികേതര കണക‍്ഷനുപയോഗിക്കുന്നവർ ഇതിന്റെ നാലിരട്ടി വെള്ളമാണ് ഉപയോഗിക്കുന്നത്.