നവകേരള സദസ്സ്: വയൽ മണ്ണിട്ട് നികത്തുന്നുഎന്ന് ആരോപണം
Mail This Article
വെള്ളറട ∙ നവകേരള സദസിന്റെ മറവിൽ അനധികൃതമായി വയൽ മണ്ണിട്ട് നികത്തുന്നുവെന്ന് ആരോപണം. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് അങ്കണത്തിലാണ് 22ന് പാറശാല നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്. ഇതിനുള്ള തയാറെടുപ്പുകളുടെ മറവിൽ അവധി ദിനം നോക്കി മങ്കാരം ഏലായിലെ ഒരേക്കറോളം വയൽ മണ്ണിട്ട് നികത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. 10 വർഷം മുൻപ് ഈ വയലുകൾ മണ്ണിട്ടു നികത്താൻ നടത്തിയ ശ്രമം നാട്ടുകാർ സംഘടിച്ച് തടഞ്ഞിരുന്നു. അന്ന് വരമ്പിൽ കൊണ്ടു സംഭരിച്ചിരുന്ന മണ്ണാണ് ഇപ്പോൾ യന്ത്രസഹായത്തോടെ വയലിൽ ഇട്ട് നികത്തുന്നത്.
മുൻപ് നാട്ടുകാർ സംഘടിക്കുന്നതിന് മുൻപ് 6 വയലുകൾ നികത്തിയിരുന്നു. തുടർന്ന് റവന്യു അധികൃതർക്ക് പരാതി നൽകിയപ്പോൾ ആർഡിഒ ഇടപെട്ടാണ് നികത്തൽ നിർത്തിവച്ചതെന്ന് നാട്ടുകാർ പറയുന്നു. കണ്ടൻചിറ കുളത്തിനും മങ്കാരം കുളത്തിനും ഇടയിലാണ് മങ്കാരം ഏലാ. ഇവിടെ പുറംപോക്ക് ഭൂമിയിൽ ഉണ്ടായിരുന്ന 32 സെന്റ് തോടിന്റെ നല്ലൊരു ഭാഗവും ഇതിനകം മണ്ണിട്ടു നികത്തിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, നവകേരള സദസ്സിനെത്തുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.