ഇൻസ്പെക്ടർ റാങ്കിലുള്ള ‘കല്യാണി’യുടെ മരണത്തിൽ ദുരൂഹത; എസിപി അന്വേഷിക്കും
Mail This Article
തിരുവനന്തപുരം∙ ഒട്ടേറെ കേസുകളിൽ നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ(നിഷ) മരണത്തിൽ ദുരൂഹത. നായയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ പൂന്തുറ പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനു സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടു. ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണിയുടെ മരണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാകും അന്വേഷിക്കുക. സംഭവത്തിൽ ഡോഗ് സ്ക്വാഡിലെ എസ്ഐ, 2 പൊലീസുകാർ എന്നിവരെ മാറ്റി നിർത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. കഴിഞ്ഞ മാസം 20ന് ആണ് കല്യാണി മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കല്യാണിയുടെ ആന്തരിക അവയവങ്ങളിൽ വിഷാംശം കണ്ടെത്തിയതോടെ ഇവ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിൽ വിഷാംശം കണ്ടെത്തിയതോടെ സ്ക്വാഡിലെ മറ്റ് നായ്ക്കളെയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം വിഷമെത്തിയതിലാണ് ദുരൂഹത.
മസ്തിഷ്കാർബുദം ബാധിച്ച കല്യാണി, അതിനുള്ള മരുന്നു കഴിച്ചിരുന്നു. അതാണോ മരണകാരണമെന്നും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രഞ്ജിത്, ശ്യാം എന്നിവരെ മാറ്റിനിർത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലൻസ് പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ കല്യാണിക്ക് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു.