ചില്ലറ വിൽപനശാലകളിൽ പുതുവത്സരത്തലേന്ന് വിറ്റത് 111 കോടിയുടെ മദ്യം
Mail This Article
തിരുവനന്തപുരം∙ പുതുവത്സരത്തലേന്ന് ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്നു ചില്ലറ വിൽപനശാലകളിലൂടെ സംസ്ഥാനത്തു വിറ്റത് 111.04 കോടി രൂപയുടെ മദ്യം. കഴിഞ്ഞ പുതുവത്സരത്തലേന്നിനെ അപേക്ഷിച്ച് 26 ലക്ഷത്തിന്റെ അധികവിൽപന. 2022 ഡിസംബർ 31ന് 93.33 കോടിയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ 94.54 കോടിയുടെ വിൽപനയാണ് ബവ്കോ നടത്തിയത്. കൺസ്യൂമർഫെഡിന്റെ വിൽപന മുൻവർഷം 17.45 കോടിയുടേതായിരുന്നെങ്കിൽ ഈ വർഷം 95 ലക്ഷം കുറഞ്ഞ് 16.5 കോടിയായി.
ബവ്കോ ഷോപ്പുകളിൽ വിൽപനയിൽ മുന്നിൽ തിരുവനന്തപുരം പവർഹൗസാണ്. ഇവിടെ വിറ്റത് 1.02 കോടിയുടെ മദ്യം. രണ്ടാമതു രവിപുരവും (77 ലക്ഷം), മൂന്നാമത് ഇരിങ്ങാലക്കുട(76 ലക്ഷം)യുമാണ്. കൺസ്യൂമർഫെഡ് ഷോപ്പുകളിൽ 72 ലക്ഷത്തിന്റെ വിൽപനയുമായി വൈറ്റില ഒന്നാമതെത്തി. കഴിഞ്ഞ 10 ദിവസംകൊണ്ട് ബവ്കോ 543 കോടി രൂപയുടെയും നാലു ദിവസംകൊണ്ടു കൺസ്യൂമർഫെഡ് 40.5 കോടിയുടെയും മദ്യമാണു വിറ്റത്. ബാറുകളിലെ വിൽപനയുടെ കണക്ക് ലഭ്യമല്ല.