ADVERTISEMENT

തിരുവനന്തപുരം∙ കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ– ഈ പേരു കേൾക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാരൊന്ന് ‘കിടുങ്ങും’. സമരം നടത്തിയാൽ ഭാവിയിൽ ‘എട്ടിന്റെ പണി’ കയ്യോടെ കിട്ടുന്ന സ്റ്റേഷൻ! പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ‘കടുത്ത’ പരാമർശം കൂടിയുണ്ടെങ്കിൽ കേസുകളുടെ ‘റൂട്ട് മാർച്ചായിരിക്കും’. ശിഷ്ടകാലം അഴിയെണ്ണാം... കേരളത്തിലെ ഓരോ രാഷ്ട്രീയക്കാരന്റെയും പേടി സ്വപ്നമാണ് തലസ്ഥാനത്ത് ഭരണ സിരാകേന്ദ്രത്തിനു തൊട്ടരികെയുള്ള കന്റോൺമെന്റ് സ്റ്റേഷൻ. ഇവിടുത്തെ എഫ്ഐആറിൽ പേരില്ലാത്ത ഒരു രാഷ്ട്രീയക്കാരൻ പോലും കേരളക്കരയിൽ ഇല്ല.

സ്റ്റേഷനിലെ എഫ്ഐആറിൽ പേരു പതിഞ്ഞാൽ ഏതു പാതിരായ്ക്കും കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ ഏതു രാഷ്ട്രീയക്കാരന്റെയും വീട്ടിലെത്തും. നോട്ടീസയച്ചും ഇല്ലാതെയും പൊക്കിയെടുത്ത് സ്റ്റേഷനിൽ എത്തിക്കും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഭൂരിഭാഗം കേസുകളും റജിസ്റ്റർ ചെയ്യുന്നതെന്നാൽ അത്ര പെട്ടന്നൊന്നും പുറത്തിറങ്ങാൻ കഴിയില്ലെന്നുള്ളതാണ് കന്റോൺമെന്റ് എന്ന പേര് രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീടു വളഞ്ഞ് ചൊവ്വ പുലർച്ചെ അറസ്റ്റ് ചെയ്തതോടു കൂടി, സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഏതൊരു നേതാവിന്റെയും പിന്നാലെ എപ്പോഴും തങ്ങളുണ്ടെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ് കന്റോൺമെന്റ് സ്റ്റേഷൻ.

കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നവരും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും മുതൽ പ്രാദേശിക പാർട്ടികളുടെയും സംഘടനകളുടെയും ഭാരവാഹികൾ വരെ വരെ സ്റ്റേഷൻ രേഖകളിൽ ഇടം പിടിച്ചിട്ടുണ്ട്, ഓരോ ദിവസവും ഇടം പിടിക്കുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ അണികളുമായി എത്തി ഉശിരോടെ മുദ്രാവാക്യം വിളിച്ച് ഇത്തിരി ബഹളമുണ്ടാക്കിയ ശേഷം പൊടിയും തട്ടി മടങ്ങുന്ന നേതാക്കളും പ്രവർത്തകരും കാത്തിരിക്കുന്ന നിയമക്കുരുക്കുകൾ എന്താണെന്ന് വൈകി മാത്രമാണ് അറിയുക. വിവിധ വകുപ്പുകൾ ചുമത്തി ഓരോ ദിവസവും കുറഞ്ഞത് 10 കേസുകളെങ്കിലും ഇവിടെ റജിസ്റ്റർ ചെയ്യുന്നു. സമരങ്ങളുടെ എണ്ണം കൂടുമ്പോൾ കേസുകളുടെ എണ്ണവും ഇരട്ടിയിലേറെയാകും. പേരറിയാത്ത പ്രവർത്തകരെ ‘കണ്ടാലറിയാവുന്നവർ’ എന്ന ഗണത്തിൽപ്പെടുത്തി പൊലീസ് കേസെടുക്കും, കനപ്പെട്ട വകുപ്പുകളും ചുമത്തും. സമരം നടക്കുമ്പോൾ ഇതു വഴി നടന്നു പോയവർ വരെ കേസുകളിൽ പ്രതിയായിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോൾ മാത്രമാണ് ‘ചെയ്ത കുറ്റത്തിന്റെ’ ആഴവും പ്രത്യാഘാതങ്ങളും എന്താണെന്നു നേതാക്കളും പ്രവർത്തകരും അറിയുക.

സമര കേസുകളുടെ സ്റ്റേഷൻ
സംസ്ഥാനത്ത് സമരങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നതും, ഏറ്റവും കൂടുതൽ പേരെ പ്രതി ചേർക്കുന്നതും, ലാത്തിച്ചാർജ് നടക്കുന്നതും ജലപീരങ്കി ഏറ്റവും കൂടുതൽ വെള്ളം ചീറ്റുന്നതും കണ്ണീർ വാതക ഷെല്ലുകൾ ചിതറി തെറിക്കുന്നതും ബാരിക്കേഡുകൾ മറിച്ചിടുന്നതും ഇതേ സ്റ്റേഷൻ പരിധിയിലാണ്. ക്രൈം കേസുകൾ തീരെ കുറവാണ് ഇവിടെ. സമരങ്ങളുടെ പേരിൽ കുറഞ്ഞത് ഒരു മാസം ശരാശരി 100 ൽപ്പരം കേസുകളാണ് റജിസ്റ്റർ ചെയ്യുന്നത്. കേസുകളിൽ ഉൾപ്പെട്ട കണ്ടാലറിയാവുന്നരുടെ എണ്ണം ആയിരത്തിനും അയ്യായിരത്തിനുമപ്പുറം കടക്കും. സമരക്കാരുടെ മേൽ വെള്ളം ചീറ്റി ജലപീരങ്കിയുടെ ‘പള്ള’ കാലിയാകുന്നതും ‘വീർപ്പിച്ച്’ വീണ്ടും എത്തുന്നതും ഇവിടെ തന്നെ! സ്റ്റേഷനിൽ ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാർക്ക് ഒരിക്കലും വിശ്രമമില്ല.

ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമൊഴികെ എല്ലാ ദിവസവും കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിലുള്ള സെക്രട്ടേറിയറ്റിനു മുന്നിൽ സമരങ്ങളുണ്ടാകും. കുറഞ്ഞത് ഒരു ഒറ്റയാൾ സമരങ്ങളമെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ വിരളം. നിയമസഭ സമ്മേളിക്കുമ്പോൾ സമര പരമ്പരകളാണ് സെക്രട്ടേറിയറ്റിനു മുന്നിൽ. കുറഞ്ഞത് 20 സമരങ്ങൾ വരെ റിപ്പോർട്ടു ചെയ്ത സന്ദർഭങ്ങളുണ്ട്. ദിവസം മുഴുവൻ പ്രതിഷേധ പരമ്പരകൾ നടക്കുന്ന സ്ഥലം കൂടിയാണ് സമരഗേറ്റ്. മാർച്ചും ധർണയും ഏകദിന സമരവും, സത്യഗ്രഹത്തിനും പുറമേ സമരം അനിശ്ചിതമായി നീണ്ടാലും ഈ സ്റ്റേഷനിലെ പൊലീസുകാർക്ക് പിടിപ്പതു പണി. സമരക്കാരെ മാത്രമല്ല പൊലീസുദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടത്. ഓരോ വ്യക്തിയുടെയും ചിത്രം മൊബൈലിലും വിഡിയോയിലും പകർത്തണം. ആളെണ്ണണം, ബാനർ മുതൽ മുദ്രാവാക്യം വരെ നിരീക്ഷിക്കണം, കൈകളിൽ കല്ലും കമ്പും മറ്റ് മാരകായുധങ്ങളും ഉണ്ടോയെന്നും കൂടി ‘വാച്ച് ചെയ്യണം’. സ്റ്റേഷനിലെ പൊലീസുകാർ എടുക്കുന്ന കണക്കും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എടുക്കുന്ന സമരക്കാരുടെ കണക്കുകളുമായി പൊരുത്തപ്പെട്ടിലെങ്കിൽ പ്രശ്നം വേറെ. സമരക്കാരെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുമ്പോൾ ഉന്നത നേതാക്കൾ പിന്നാലെയെത്തും. സ്റ്റേഷൻ ചുമതലക്കാരായ ഉദ്യോഗസ്ഥരോട് കയർക്കുന്നതും പതിവ്.

‘കണ്ണായ’ കന്റോൺമെന്റ്
വഞ്ചിയൂർ വില്ലേജിൽപ്പെട്ട കുന്നുകുഴി, തമ്പുരാൻമുക്ക്, പാളയം, തൈക്കാട് വില്ലേജിൽപ്പെട്ട ബേക്കറി ജംക്‌ഷന്റെ ഭാഗം, തൈക്കാട് എന്നിവയാണ് കന്റോൺമെന്റ് സ്റ്റേഷന്റെ അധികാരപരിധി. അസിസ്റ്റന്റ് കമ്മിഷണർ, എസ്എച്ച്ഒ, 4 എസ്ഐമാർ എന്നിവരാണ് സ്റ്റേഷന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നഗരത്തിലെ ഈ സുപ്രധാന സ്റ്റേഷൻ. 4 ഗേറ്റുകളുള്ള സെക്രട്ടേറിയറ്റിൽ സമരങ്ങൾ അരങ്ങേറുന്നത് സെക്രട്ടേറിയറ്റിലെ ഏജീസ് ഓഫിസിനു മുന്നിലെ ‘സമരഗേറ്റിലാണ്’. സെക്രട്ടേറിയറ്റിന്റെ 4 ഗേറ്റി‍ന്റെയും സെക്രട്ടേറിയറ്റിലെ അനക്സിന്റെയും ഗേറ്റുകൾ കന്റോൺമെന്റ് സ്റ്റേഷന്റെ ചുമതലയാണ്. ഇവിടെയാണ് മന്ത്രിമാരുടെ ഓഫിസുകൾ എന്നതിനാൽ ആരെങ്കിലും ഗേറ്റ് കടന്നു ചെല്ലുന്നത് കണ്ണി‍ലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് കന്റോൺമെന്റ് പൊലീസാണ്. ആരെങ്കിലും കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റ് വളപ്പിലോ അനക്സ് വളപ്പിലോ പ്രവേശിച്ചാൽ കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർക്ക് പിന്നെ കണ്ടകശനിയുടെ കാലം. ചിലപ്പോൾ തൊപ്പിയും തെറിക്കും. മാതൃകാ പൊലീസ് സ്റ്റേഷനായ കന്റോൺമെന്റ് സ്റ്റേഷന് 45 വർഷത്തിലേറെ പഴക്കമുണ്ട്.

ചുമത്തുന്ന വകുപ്പുകൾ ഇതൊക്കെ
അന്യായമായി സംഘം ചേരൽ, പൊലീസിനെ ആക്രമിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് കൂടുതലായി ചുമത്തുന്നത്. സമരത്തിനിടെ, പൊലീസ് വാഹനങ്ങൾക്കു നേരെയോ ജലപീരങ്കിയെയോ കല്ലെറിയുകയോ, ബാരിക്കേഡുകൾ നശിപ്പിക്കാനോ ശ്രമിച്ചാൽ പൊതുമുതൽ നശിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി വേറെ കേസുകളും എടുക്കും.

‘കണ്ടാലറിയാവുന്നവരെ’ ‘കണ്ടെത്തും’ പൊലീസ്
കണ്ടാലറിയുന്ന 100 പേർ എന്ന വാചകം എഫ്ഐആറിൽ ആദ്യം എഴുതിച്ചേർക്കും. പിന്നീടാണ് നേതാക്കളുടെ പേരുകൾ ഒന്നൊന്നായി പൊലീസ് രേഖകളിൽ ഇടം പിടിക്കുക. സമരത്തിന് ആളു കൂടുമ്പോൾ കണ്ടാലറിയാവുന്നവരുടെ എണ്ണം നൂറും അഞ്ഞൂറും ആയിരവും പതിനായിരുമൊക്കെയായി എഫ്ഐആറിൽ ചേരുംപടി ചേർക്കും. സമരത്തിനിടെ പത്രങ്ങളിലും ചാനൽ വിഡിയോകളിലും നിറഞ്ഞു നിൽക്കുന്ന നേതാക്കളെ തിരഞ്ഞു പിടിച്ച് പ്രതിയാക്കുന്ന പൊലീസ് അണികളിൽ ഒരാളെ പോലും വെറുതേ വിടില്ല. പൊലീസിനെ കയ്യേറ്റം ചെയ്താൽ കേസ് വേറെയും. ഇതോടെ കേസുകളുടെ എണ്ണം ഇരട്ടിയാകും. കണ്ടാലറിയാവുന്ന സമരക്കാർക്കെതിരെ എഫ്ഐആറുകൾ റജിസ്റ്റർ ചെയ്ത ശേഷം കോടതിക്കു കൈമാറും.

നന്ദി, വീണ്ടും വരിക, വന്നേ പറ്റൂ!
സമരക്കേസുകൾ കൈകാര്യം ചെയ്യുന്നത് വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ്. റജിസ്റ്റർ ചെയ്ത കേസുകളിൻമേൽ കോടതി സമൻസ് അയയ്ക്കാറുണ്ടെങ്കിലും ഒരൊറ്റ രാഷ്ട്രീയക്കാരും ‘മൈൻഡ്’ ചെയാറില്ലെന്നു പൊലീസ് പറയുന്നു. 3 തവണ സമൻസ് അയച്ചാലും രാഷ്ട്രീയക്കാർ ഹാജരാകില്ല. തുടർന്ന് വാറണ്ട് അയയ്ക്കും. എന്നിട്ടും ഹാജരാകാതെ വന്നാൽ ലോങ് പെൻഡിങ് വാറണ്ടാക്കും. ഇതോടെ സമരക്കാരെ ഒന്നൊന്നായി വീടുകളിലെത്തി പൊലീസ് ‘പൊക്കും’. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിലാണ് ഇത്തരം കേസുകൾ രാഷ്ട്രീയക്കാർക്ക് പുലിവാലാകുന്നത്. സമൻസ് കിട്ടിയാൽ കോടതിയിൽ ഹാജരായി ജാമ്യമെടുക്കുന്ന ‘മര്യാദ’ക്കാരായ രാഷ്ട്രീയക്കാരും ഉണ്ട്.

സമരത്തിൽ പങ്കെടുത്ത് സ്ഥലം വിട്ടവരിൽ ചിലർക്ക് ജോലി കിട്ടുന്ന വേളയിൽ കേസ് ഒഴിവാക്കുന്നതിനായി കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഒരു ഓട്ടമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തനിക്കെതിരെ എന്തെങ്കിലും കേസുണ്ടോ എന്ന സംശയവുമായി കേരളത്തിലെ നേതാക്കൾ വിവരാവകാശ നിയമപ്രകാരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് അപേക്ഷ നൽകുന്നതും പതിവ്. നേതാക്കളെ വെട്ടിലാക്കാൻ എതിരാളികളും പ്രത്യേകമായി വിവരാവകാശം നൽകുമ്പോൾ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിയിലേറെ. നാമനിർദേശ പത്രികയിൽ കേസുകളുടെ എണ്ണം കൃത്യമായി ഉൾപ്പെടുത്തിയില്ലെങ്കിൽ പണി വേറെ വരുമെന്ന പേടിയും രാഷ്ട്രീയക്കാർക്കുണ്ട്.

English Summary:

Story of Cantonment Police Station Trivandrum Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com