വീടുവളഞ്ഞു, ജനലിൽ തട്ടിവിളിച്ചു; ഓപ്പറേഷൻ രാഹുൽ ഇങ്ങനെ
Mail This Article
അടൂർ / തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് മുതൽ ജയിലിലടയ്ക്കൽ വരെ ഇന്നലെയുണ്ടായ നാടകീയ സംഭവങ്ങൾ ഇങ്ങനെ:
പുലർച്ചെ 5.30
അടൂർ മുണ്ടപ്പള്ളിയിലെ രാഹുലിന്റെ വീട്
തിരുവനന്തപുരം കന്റോൺമെന്റ് എസ്ഐയുടെ നേതൃത്വത്തിൽ 2 ജീപ്പുകളിലായി പൊലീസ് സംഘം എത്തുന്നു. അടൂർ പൊലീസ് സംഘം ഒപ്പം. ഗേറ്റ് കടന്ന് അകത്തെത്തിയ സംഘം വീടു വളഞ്ഞു. രാഹുലിന്റെ അമ്മ ബീന ആർ. കുറുപ്പ് പറഞ്ഞത്: ‘പൊലീസ് കോളിങ് ബെൽ അടിച്ചില്ല. പകരം 4 വശത്തുമുള്ള ജനാലകളിലും വാതിലുകളിലും മുട്ടുകയായിരുന്നു. ശബ്ദം കേട്ട് ഉറക്കമുണർന്നു വാതിൽ തുറന്നപ്പോൾ മുറ്റത്ത് സിവിൽ ഡ്രസിൽ ഉൾപ്പെടെയുള്ള പൊലീസ് സംഘം. അപ്രതീക്ഷിതമായി വീടിനു 4 വശവും പൊലീസിനെ കണ്ടപ്പോൾ ഭയന്നുപോയി. കാര്യം അന്വേഷിച്ചിട്ടും ഒന്നും പറഞ്ഞില്ല. രാഹുൽ എവിടെ എന്ന് ചോദിച്ചപ്പോൾ മുകളിലത്തെ നിലയിലുണ്ടെന്ന് പറഞ്ഞു. പൊലീസ് അവിടേക്കു ചെന്നു. രാഹുലിന്റെ മുറിക്കു മുൻപിലെത്തി വിളിച്ചപ്പോൾ ആദ്യം വാതിൽ തുറന്നില്ല. അപ്പോൾ, വീടിനു പുറത്തേക്ക് വേറെ വാതിലുണ്ടോയെന്നുവരെ മകളോട് പൊലീസുകാർ ചോദിച്ചു. രാഹുൽ പുറത്തുവന്നപ്പോഴാണ് മാർച്ചിൽ സംഘർഷമുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് പൊലീസ് പറയുന്നത്.’
7.30
പൊലീസ് രാഹുലുമായി തിരുവനന്തപുരത്തേക്ക്. പൊലീസ് സംഘം പുറപ്പെടാൻ തുടങ്ങിയപ്പോൾ പഞ്ചായത്ത് അംഗം മുണ്ടപ്പള്ളി സുഭാഷ് ജീപ്പിനു മുന്നിൽക്കിടന്നു പ്രതിഷേധിച്ചു. ഇദ്ദേഹത്തെ നീക്കി വാഹനം മുന്നോട്ട്.
10.15
കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം
രാഹുലിന് നോട്ടിസ് നൽകി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.മാധ്യമങ്ങളോടു പ്രതികരിക്കുന്നതിൽനിന്നു രാഹുലിനെ ബലംപ്രയോഗിച്ചു തടഞ്ഞു. കന്റോൺമെന്റ് എസ്എച്ച്ഒ കഴുത്തിൽ ചുറ്റിപ്പിടിച്ച് രാഹുലിനെ പൊലീസ് വാഹനത്തിലേക്കു വലിച്ചിഴച്ച് തള്ളിക്കയറ്റി.
10.30
ഫോർട്ട് ആശുപത്രി, തിരുവനന്തപുരം
വൈദ്യപരിശോധന. സ്ഥലത്തു യൂത്ത് കോൺഗ്രസിന്റെ വൻ പ്രതിഷേധം. പ്രവർത്തകരെ തള്ളിമാറ്റി പൊലീസ് രാഹുലിനെയുംകൊണ്ട് കോടതിയിലേക്ക്.
11.45 – വൈകിട്ട് 6.30
വഞ്ചിയൂർ കോടതി
വാദം. ഡിസംബർ 20നു നടന്ന മാർച്ചിൽ പൊലീസുകാരെ ആക്രമിക്കാനും പൊതുമുതൽ നശിപ്പിക്കാനും രാഹുൽ നേതൃത്വം നൽകിയെന്നു പൊലീസ്. രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തിൽ വിശദവൈദ്യപരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം. ജനറൽ ആശുപത്രിയിൽ പരിശോധന നടത്തി തിരികെ. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിനെത്തുടർന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി 22 വരെ റിമാൻഡ് ചെയ്തു.
6.40
ജനറൽ ആശുപത്രി
ജയിലിൽ കൊണ്ടു പോകുന്നതിനു മുൻപുള്ള വൈദ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ. പരിശോധന കഴിഞ്ഞിറങ്ങിയ രാഹുലിനെ പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനു മുൻപും ശേഷവും കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ തടഞ്ഞു. പ്രവർത്തകരെ തള്ളി മാറ്റി പൊലീസ് ജീപ്പ് ജയിലിലേക്ക്.
രാത്രി 7.05
പൂജപ്പുര ജില്ലാ ജയിൽ
പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മറികടന്ന് രാഹുലിനെ പൊലീസ് ജയിലിലാക്കി.
ഇങ്ങനെയെങ്കിൽ ഡൽഹിയിലും കരിങ്കൊടി
‘യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ സമീപനം ഇതേപടി തുടർന്നാൽ പിണറായി വിജയൻ ഡൽഹിയിലെത്തുമ്പോഴും കരിങ്കൊടി പ്രതിഷേധമുണ്ടാകും. ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നത് പിണറായി അവസാനിപ്പിക്കണം. പൊളിറ്റിക്കൽ സെക്രട്ടറിയാണോ പിണറായിയാണോ കേരളം ഭരിക്കുന്നതെന്നു വ്യക്തമാക്കണം.’ – ബി.വി. ശ്രീനിവാസ്, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ