ADVERTISEMENT

കോവളം∙ അൻപതാണ്ടിലേറെ മുൻപത്തെ കോവളം പഞ്ചാര മണൽത്തീരത്ത് ഓടിക്കളിച്ച ഓർമ്മചിത്രങ്ങളുമായി ഇംഗ്ലണ്ടിൽ നിന്നുള്ള കെയ്റ്റി വീണ്ടും ഈ തീരത്ത്. 58 വർഷം മുൻപ് 3 വയസ്സുള്ളപ്പോൾ സഹോദരിമാർക്കൊപ്പം ഈ തീരത്ത് പാറി നടന്ന നിറമുള്ള ഓർമകൾ പങ്കു വച്ച് കെയ്റ്റി(61), ഭർത്താവ് ഇയാനു(63)മായി കഴിഞ്ഞ ദിവസം ലൈറ്റ് ഹൗസ് തീരത്ത് ഇറങ്ങി. പതിറ്റാണ്ടുകൾക്കിപ്പുറമുള്ള കോവളത്തിന്റെ മാറ്റം അവർ കണ്ടു. അന്നത്തെ കോവളം തീരക്കാഴ്ചകളുൾപ്പെടെ ബാല്യകാല ഫോട്ടോകളുടെ ശേഖരവുമായാണ് വരവ്.

വിശാല തീരവും പിന്നിൽ പച്ചപ്പും കൂടിച്ചേർന്ന കോവളം തീരത്തിന്റെ പഴയ ഓർമയ്ക്ക് കെയ്റ്റിയുടെ മനസ്സിൽ ഇന്നും ചെറുപ്പം. സഹോദരിമാരായ സാലി, റേയ്ച്ചൽ എന്നിവർക്ക് ഒപ്പം തീരത്ത് ഉല്ലസിച്ച ഓർമകളും ഇവരുടെ മനസ്സിൽ നിറം മങ്ങാതെയുണ്ട്. പിതാവ് ഐവർ ഡേവിസ് ക്യാമറയിൽ പകർത്തിയ ഈ നിമിഷങ്ങൾ മാതാവ് സൂസൻ ആൽബമാക്കിയതാണ് ഓർമകളുടെ നിറവ്. കപ്പലിൽ പഴയ ബോംബെയിലും തുടർന്ന് കൽക്കരി തീവണ്ടിയിൽ തലസ്ഥാനത്തും വന്നിറങ്ങി. പിതാവിന് ദൈവ ശാസ്ത്ര അധ്യാപക ജോലിയായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കുടുംബമായി ഇവിടേക്ക് എത്തിയത്.

അഞ്ചാം വയസ്സിൽ നീലഗിരിയിലെ രാജ്യാന്തര സ്കൂളിൽ ചേർന്നു. കേരളക്കരയിൽ ഇടക്കിടെ വന്നു പോകുന്നതിനിടെ ഈ നാടും നാട്ടുകാരും പ്രിയപ്പെട്ടവരായി. മലയാളം വാക്കുകളും കാക്കേ കാക്കേ കൂടെവിടെ...എന്ന നഴ്സറി ഗാനവും കെയ്റ്റിക്ക് അറിയാം. നാട്ടിൽ ഇലസ്ട്രേറ്ററായി ജോലി നോക്കുന്ന കെയ്റ്റി കോവളം കാഴ്ചകൾക്കൊപ്പം വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയും കാൻവാസിലാക്കി. കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ സ്വപ്നതീരം ഹോംസ്റ്റേയിൽ കഴിയുന്ന ഇരുവരും വ്യാഴാഴ്ച മടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com