ADVERTISEMENT

കിളിമാനൂർ∙ മടവൂർ പഞ്ചായത്തിൽ സീമന്തപുരത്ത് ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ നിർമിക്കുന്ന ഭവന സമുച്ചയം അടിത്തറ നിർമാണത്തിൽ മാത്രം ഒതുങ്ങി. 2020 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർമാണം ഉദ്ഘാടനം ചെയ്തു. അന്ന് മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തി തറക്കല്ലിടുകയും ചെയ്തു. അടിസ്ഥാനം കോൺക്രീറ്റ് ചെയ്യുന്നതിനായി കെട്ടിയ കമ്പികൾ രണ്ട് വർഷത്തിലേറെ മഴയും വെയിലും ഏറ്റ് തുരുമ്പെടുത്തു നശിച്ചിരുന്നു. അടിത്തറയ്ക്ക് കെട്ടിയ കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ രണ്ട് മാസം മുൻപ് കമ്പികൾ കോൺക്രീറ്റ് ചെയ്യുകയുണ്ടായി.

പ്ലമിങ് ജോലികളും നടത്തി. തുടർന്ന് വീണ്ടും നിർമാണം മുടങ്ങി.  കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്തി 40 മാസം പിന്നിട്ടിട്ടും ഭവന സമുച്ചയം ഇനിയും ഉയരുന്നില്ല. ഫ്ലാറ്റ് സമുച്ചയം ആണ് ഇവിടെ നിർമിക്കുന്നത്. 52 ഫ്ലാറ്റുകൾ നിർമിക്കും എന്നായിരുന്നു പ്രഖ്യാപനം. ആദ്യ ഘട്ടത്തിൽ നിർമിക്കുന്ന 36  ഫ്ലാറ്റിന്റെ നിർമാണം 10 മാസത്തിനകം  പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടത്തിൽ 36 ഫ്ലാറ്റ് നിർമാണത്തിനു 4 കോടി രൂപയാണ് അനുവദിച്ചത്. ഭവന സമുച്ചയം നിർമിക്കാനുള്ള ഭൂമിയും ഗുണഭോക്താക്കളെയും കണ്ടെത്തി നൽകുക എന്നീ ഉത്തരവാദിത്തം മാത്രമായിരുന്നു മടവൂർ പഞ്ചായത്തിന് ഉണ്ടായിരുന്നത്. ഒരു തുണ്ടു ഭൂമി സ്വന്തമായി ഇല്ലാതെയും അന്തിയുറങ്ങാൻ  അടച്ചുറപ്പുള്ള വീട് ഇല്ലാതെയും നിരവധി പേരാണ് മടവൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കുന്നതും കാത്തിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയിൽ അനുവദിക്കുന്ന പണം ഭൂമി വാങ്ങാനും വീട് നിർമിക്കാനും തികയില്ലെന്ന കാരണത്തലാണ് പഞ്ചായത്തുകളിൽ ഭൂമി കണ്ടെത്തി ഭവന സമുച്ചയം നിർമിച്ച്  നൽകാൻ തീരുമാനിച്ചത്.  സീമന്തപുരത്ത് പൊതു ചന്തയോടു ചേർന്നുള്ള  1.20 ഏക്കറിലാണ് ഭവന സമുച്ചയം നിർമിക്കുന്നത്. ഗുജറാത്തിലെ കമ്പനിയാണ് ഭവന സമുച്ചയം നിർമാണത്തിന്റെ കരാർ എടുത്തിരിക്കുന്നത്. എൽജിഎസ്എഫ് മാതൃകയിൽ ആണ് നിർമാണം. ഇപ്പോൾ ലഭ്യമായ വിവരം അനുസരിച്ച് നിർമാണം എന്ന് പൂർത്തിയാകും എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.  സാങ്കേതിക തകരാർ ആണ് നിർമാണം മുടങ്ങാൻ ഇടയായത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ 40 മാസങ്ങൾ ആയുള്ള വിശദീകരണം എന്നാണ് ഗുണഭോക്തക്കളുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com