റോഡരികിൽ അപകടക്കെണിയായി തൊണ്ടി വാഹനങ്ങൾ
Mail This Article
ആര്യനാട് ∙ പൊലീസ് പിടികൂടുന്ന തൊണ്ടി വാഹനങ്ങൾ ആര്യനാട് സ്റ്റേഷനു മുൻവശത്തെ റോഡിന്റെ വശങ്ങളിൽ കൊണ്ടിട്ടിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ആര്യനാട്–പോസ്റ്റ് ഒാഫിസ് ജംക്‌ഷൻ–ആനന്ദേശ്വരം–അണിയിലക്കടവ് റോഡിന്റെ വശങ്ങളിൽ സ്റ്റേഷനോടു ചേർന്നാണ് ഒട്ടേറെ വാഹനങ്ങൾ ഉള്ളത്. പല വാഹനങ്ങളും ഇവിടെ ഇടം പിടിച്ചിട്ടു വർഷങ്ങളായി. ഇവ തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായിട്ടും മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഇടാൻ പൊലീസ് തയാറാകാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.
വാഹനങ്ങൾ കൊണ്ടിട്ടിരിക്കുന്നതിനു സമീപം റോഡിൽ കൊടും വളവാണ്. ഒരു വശത്തെ വാഹനങ്ങൾ മുഴുവൻ കാടുമൂടിയ നിലയിൽ ആയി. മുൻപ് ഇവ സ്റ്റേഷന്റെ മുൻപിൽ ആയിരുന്നു കൂട്ടിയിട്ടത്. നാട്ടുകാർ പ്രതിഷേധം അറിയിച്ചതോടെ ആണ് പൊലീസ് ഇവിടെ നിന്നു മാറ്റിയത്. റോഡിലെ ടാറിങ് തകർന്നു വൻ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനങ്ങൾക്കു യാത്ര ചെയ്യണമെങ്കിൽ ബുദ്ധിമുട്ടാണ്. ഇതിനിടയിലാണ് വാഹനങ്ങൾ കൂടി യാത്രക്കാർക്കു ദുരിതമാകുന്നത്. ആര്യനാട് സർക്കാർ ആശുപത്രിക്കു മുന്നിലൂടെ കടന്നു പോകുന്നതാണ് റോഡ്.
സമീപത്തുള്ള ഡോക്ടറെ കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ കൂടി വശങ്ങളിൽ ഒതുക്കുമ്പോൾ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. പ്രദേശവാസികൾ മുൻപ് ഉണ്ടായിരുന്ന പൊലീസ് ഇൻസ്പെക്ടറോട് പല തവണ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല. സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടർ എത്തിയതോടെ തങ്ങളുടെ ഇൗ പ്രശ്നത്തിനു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.