ADVERTISEMENT

നെയ്യാറ്റിൻകര ∙ കാത്തിരിപ്പിനൊടുവിൽ അതിയന്നൂർ സമഗ്ര ശുദ്ധജല പദ്ധതി  21നു നടത്തുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി നാടിനു സമർപ്പിക്കും. അതിയന്നൂർ പഞ്ചായത്തിനു പുറമേ, കോട്ടുകാൽ പഞ്ചായത്തിലെ ജനങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അതിയന്നൂർ പഞ്ചായത്ത് പ്രദേശത്തിന്റെ ഒരു ഭാഗം താരതമ്യേന ഉയർന്ന പ്രദേശമാണ്. ഇവിടെ ദശാബ്ദങ്ങളായി രൂക്ഷമായ ശുദ്ധജല ക്ഷാമമുണ്ട്. രണ്ടാഴ്ചയ്ക്ക് ഒരിക്കൽ പോലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ക്ഷാമം കാരണം ഈ പ്രദേശത്തെ ജനങ്ങളിൽ ഒട്ടേറെ പേർ വേനൽ കാലമാകുമ്പോൾ ബന്ധു വീടുകളിൽ മാറുന്ന സ്ഥിതിയുണ്ട്. 

അതിയന്നൂരിലെ ‘പോങ്ങിൽ’ ആണ് ജലശുദ്ധീകരണ പ്ലാന്റും പ്രധാന ടാങ്കും (15 എംഎൽഡി) നിർമിച്ചിട്ടുള്ളത്. ഹോമിയോ ആശുപത്രിയുടെ 60 സെന്റോളം ഭൂമിയിൽ ആണ് നിർമാണം. പദ്ധതിക്ക് ആവശ്യമായ ജലം എത്തിക്കുന്നത് അഞ്ചര കിലോമീറ്ററിനപ്പുറം പിരായുംമൂട് പാലത്തിനു സമീപത്തു നിന്നാണ്. പൈപ്പിലൂടെ എത്തിക്കുന്ന ജലം ഇവിടെ ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നു. കിഫ്ബി ഫണ്ട് 25.5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ 2 ശുദ്ധജല പദ്ധതികൾക്കായി ആകെ കിഫ്ബി ഫണ്ടിൽ നിന്ന് 115 കോടി രൂപ അനുവദിച്ചതായി കെ.ആൻസലൻ എംഎൽഎ അറിയിച്ചു. ഇതിൽ 25.5 കോടി രൂപ ഒഴികെയുള്ള തുക കാരോട് ശുദ്ധജല പദ്ധതിക്കാണ്. കാരോട്, കുളത്തൂർ, ചെങ്കൽ പഞ്ചായത്തുകൾക്ക് പ്രയോജനം ലഭിക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

സ്വാഗത സംഘം രൂപീകരിച്ചു
അതിയന്നൂർ ശുദ്ധജല പദ്ധതിയുടെ കമ്മിഷനുമായി ബന്ധപ്പെട്ട് നടത്തിയ സ്വാഗത സംഘം രൂപീകരണ യോഗം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാനായി അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാറിനെയും ജനറൽ കൺവീനറായി പഞ്ചായത്ത് അംഗം ബി.ടി.ബീനയെയും കൺവീനറായി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബിനുവിനെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com