നെടുമങ്ങാട് ജ്വല്ലറി കവർച്ച: 3 കുട്ടികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
Mail This Article
നെടുമങ്ങാട് ∙ നഗര മധ്യത്തിലെ അമൃത ജ്വല്ലറിയിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ 3 കുട്ടികളും ഒരു യുവാവും അറസ്റ്റിൽ. കൊല്ലം ചവറ നഹാബ് മൻസിലിൽ നജീബും (28) 15 വയസ്സുകാരായ മൂന്നുപേരുമാണ് പിടിയിലായത്. ആർഭാട ജീവിതം നയിക്കാൻ പണം നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് കുട്ടികൾ കവർച്ചയിൽ പങ്കാളിയായതെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന നജീബ് കോഴിഅവശിഷ്ടം ശേഖരിക്കുന്ന ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിരുന്നത്.
നെടുമങ്ങാട്, ആറ്റിങ്ങൽ, ബാലരാമപുരം പ്രദേശങ്ങളിലെ കടകൾ നോക്കി മനസ്സിലാക്കിയ ശേഷമാണ് നജീബ് അമൃത ജ്വല്ലറിയിൽ കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2 മാസമായി നജീബ് തിരുവനന്തപുരം കരിമഠം കോളനിയിലാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്.മോഷ്ടിച്ച സ്വർണവും വെള്ളിയാഭരണങ്ങളും ചാലയിലെ ചില ജ്വല്ലറികളിൽ വിൽപന നടത്തി.അറസ്റ്റിലായ നജീബ് കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിൽ അടിപിടി കേസുമായി ബന്ധപ്പെട്ട് രണ്ടു മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
മോഷണ മുതലുകൾ ഏറെക്കുറെ പൊലീസ് കണ്ടെടുത്തു. ഡിവൈഎസ്പി ബി.ഗോപകുമാർ, ഇൻസ്പെക്ടർ ബി.അനീഷ്, സബ് ഇൻസ്പെക്ടർ മുഹ്സിൻ, എസ്ഐ ഡി.ഷാലു, ഷിബു, സജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സതികുമാർ, ഉമേഷ് ബാബു, അനൂപ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.