വർക്കല നഗരസഭയ്ക്ക് 75 കോടിയുടെ ബജറ്റ്; ബജറ്റ് അവതരണം തടയാൻ കോൺഗ്രസ് ശ്രമം
Mail This Article
വർക്കല∙ നഗരസഭയുടെ 2024–25 ലെ ബജറ്റ് ഉപാധ്യക്ഷ കുമാരി സുദർശിനി അവതരിപ്പിച്ചു. മൊത്തം 75,57,73,359 കോടി വരവും 67,12,19,236 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന നിർമാണം, ജലവിതരണം, റോഡ് നവീകരണം, മാലിന്യ സംസ്കരണത്തിനും എന്നിവയ്ക്കു പ്രാമുഖ്യം നൽകുന്നു. ഭവനരഹിതർക്ക് വീട് നിർമാണത്തിനും നവീകരണത്തിനുമായി ഈ വർഷം 2.5 കോടി ചെലവാക്കും. നീറുറവകൾ, കുളം, പൊതുകിണറുകൾ എന്നിവ സംരക്ഷിച്ചു ജലവിതരണം കാര്യക്ഷമമാക്കാൻ 9 കോടിയാണ് വകയിരുത്തിയത്. പട്ടികജാതി ക്ഷേമത്തിനു 2.5 കോടിയും റോഡ് ഉൾപ്പെടെ പശ്ചാത്തല മേഖലയുടെ വികസനത്തിനു 4 കോടിയും വകയിരുത്തി. താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം തുറന്നതോടെ പുതിയ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായി 3.5 കോടി നൽകും.
കാർഷികമേഖലയുടെ വികസനത്തിനു 1 കോടിയും മൃഗസംരക്ഷണ മേഖലയിൽ തെരുവുനായ വന്ധ്യംകരണത്തിനു എബിസി പദ്ധതി നടപ്പിലാക്കാൻ 1 കോടി ചെലവാക്കും. പുതുതായി പണിത സ്ലോട്ടർ ഹൗസ് ആധുനികവൽക്കരിക്കാൻ 1 കോടിയും പുന്നമൂട് മാർക്കറ്റ് നവീകരണത്തിനു 4 കോടിയും മാറ്റിവച്ചു. ടൗൺഹാൾ നവീകരണത്തിന്റെ അവസാന ഘട്ടം പൂർത്തിയാക്കാൻ 50 ലക്ഷവും ഷീ–ലോഡ്ജിനു ഫർണിച്ചറുകൾ ഉൾപ്പെടെ വാങ്ങാൻ 35 ലക്ഷവും നടയറയിൽ പുതിയ മിനി ഷോപ്പിങ് കോംപ്ലക്സിനു 35 ലക്ഷവും നൽകും. മേഖലയിൽ പുതിയ വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ 80 ലക്ഷവും ബഡ്സ് സ്കൂൾ പണിയാൻ 45 ലക്ഷവും വയോ ക്ലബ് ഒരുക്കാൻ 50 ലക്ഷവും നൽകും. സ്കൂളുകളിൽ കായിക വിനോദത്തിനും പരിശീലനത്തിനും കളി സ്ഥലം ഒരുക്കാൻ 75 ലക്ഷവും നൽകും. സൗരോർജം വ്യാപകമാക്കുന്നതിനു 80 ലക്ഷമാണ് നീക്കിയിരുപ്പ്.
സെപ്റ്റേജ് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനു 3 കോടിയും ക്രിമറ്റോറിയത്തിനു 1.5 കോടിയും അനുവദിക്കും. സംസ്കരണ പ്ലാന്റിന്റെ വ്യാപ്തി കൂട്ടാൻ 1.75 കോടിയും മാലിന്യ നിർമാർജനം കാര്യക്ഷമമാക്കാൻ മിനി സംസ്കരണ പ്ലാന്റ് അതത് സ്ഥലങ്ങളിൽ സ്ഥാപിക്കാൻ 40 ലക്ഷവും ചെലവാക്കും. ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 4,000 വീടുകളിൽ വിവിധ സംസ്കരണ ഉപാധികൾ വിതരണം ചെയ്യാൻ 1.4 കോടി വകയിരുത്തി. ബീച്ച് മേഖലയിലെ വാഹനപാർക്കിങ് പ്രശ്നത്തിനു പരിഹാരമായി മൾട്ടി ലെവൽ പാർക്കിങിനു 40 ലക്ഷം അനുവദിച്ചു. നഗരസഭ അധ്യക്ഷൻ കെ.എം.ലാജി ബജറ്റ് അവതരണവേളയിൽ അധ്യക്ഷത വഹിച്ചു. ഇന്നു 10.30ന് വിശദമായ ചർച്ച നടക്കും.
ബജറ്റ് അവതരണം തടയാൻ കോൺഗ്രസ് ശ്രമം
വർക്കല∙ കഴിഞ്ഞ മൂന്നു വർഷമായി ബജറ്റ് അവതരണം മാത്രമായെന്നും വികസനപ്രവർത്തനങ്ങൾ പൂർണമായി മുടങ്ങിയെന്നു ആരോപിച്ചു കോൺഗ്രസ് അംഗങ്ങൾ രംഗത്ത് വന്നു. ഇന്നലെ 11 മണിയോടെ അധ്യക്ഷൻ കെ.എം.ലാജിയുടെ ബജറ്റ് അധ്യക്ഷ പ്രസംഗത്തിനു ശേഷമാണ് കൗൺസിലർമാരായ പി.എം.ബഷീർ, എ.സലീം, എസ്.പ്രദീപ് ഉൾപ്പെടെയുള്ളവർ ഡയസിന്റെ സമീപത്തെത്തി പ്രതിഷേധിച്ചത്. ബജറ്റ് അവതരണം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഇവരെ സ്ഥലത്തെത്തിയ വർക്കല പൊലീസ് ഹാളിൽ നിന്നു നീക്കം ചെയ്ത ശേഷമാണ് ബജറ്റ് അവതരണം നടന്നത്.