വലിയ പാലം: ഇടയാർ ദ്വീപിന്റെ യാഥാർഥ്യമാകാത്ത സ്വപ്നം
Mail This Article
തിരുവല്ലം ∙ ഇടയാർ ദ്വീപ് നിവാസികളുടെ ചിരകാല ആവശ്യമായ വലിയ പാലം ഇനിയും യാഥാർഥ്യമായില്ല. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇടയാർ ദ്വീപ് തലസ്ഥാന നഗരഅതിർത്തിയോടടുത്ത തിരുവല്ലത്താണ്. നിവാസികൾ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നതാണ് ഗതാഗത യോഗ്യമായ വലിയ പാലം. മൂന്നു വശങ്ങളിലായി പാർവതി പുത്തനാർ ,കരമനയാർ എന്നിവയാൽ ചുറ്റപ്പെട്ട ഇടയാറിന്റെ ഒരു വശത്ത് കടലാണ്. ഇവിടേക്കുള്ള ഏക സഞ്ചാരമാർഗമാണ് നിലവിലെ ഇരുമ്പ് പാലം. വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത ഇരുമ്പുപാലം കാലപ്പഴക്കത്താൽ തകർച്ച ഭീഷണി നേരിടുകയാണ്.പാലത്തിൻ്റെ പ്രതലത്തിലെ ഇരുമ്പ് ഷീറ്റുകളുൾപ്പെടെ ദ്രവിച്ചു തുടങ്ങി. അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള വലിയ കോൺക്രീറ്റ് പാലമാണ് ദ്വീപ് നിവാസികൾ ആവശ്യപ്പെടുന്നത്. ചുറ്റി സഞ്ചരിക്കാൻ ഏകദേശം മൂന്നു കിലോമീറ്ററും ഒന്നര കിലോമീറ്റർ നീളവും ഉള്ളതാണ് ദ്വീപ്.
മുന്നൂറ്റമ്പതിലേറെ വരുന്ന കുടുംബങ്ങൾ ആണ് ഇവിടെ അധിവസിക്കുന്നത്. പ്രധാന റോഡുമായി ബന്ധിപ്പിച്ചിട്ടുള്ള വലിയ പാലത്തിന്റെ അഭാവത്തിൽ പ്രദേശവാസികൾ അനുഭവിക്കുന്നത് വലിയ സഞ്ചാര ദുരിതം.ഇരുമ്പു പാലത്തിലൂടെ ആംബുലൻസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് കടന്നു വരാൻ ആകില്ല. കിടപ്പുരോഗികളെയും മറ്റും പാലത്തിലൂടെ ചുമന്ന് മറുകര എത്തിക്കേണ്ട അവസ്ഥയാണ്.2006 ഡിസംബറിൽ ആണ് നഗരസഭയുടെ സുവർണ ജൂബിലി സ്മാരകമായി നിലവിലെ ഇരുമ്പുപാലം സ്ഥാപിച്ചത്.അതിനു മുൻപ് വെറും നടപ്പാലം മാത്രമായിരുന്നു. നഗര അതിർത്തിയോട് ചേർന്ന പ്രദേശത്താണ് സഞ്ചാരദുരിതം ഉൾപ്പെടെയുള്ള ജനത്തിന്റെ ദുരവസ്ഥ. വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടം ആണെങ്കിലും പൊഴി മിക്കപ്പോഴും തുറന്ന അവസ്ഥയായത് ഇവിടത്തുകാർ ഭാഗ്യമായി കരുതുന്നു.