നെയ്യാറ്റിൻകര നഗരസഭ: ബജറ്റ് ചർച്ച ബഹിഷ്കരിച്ച് യുഡിഎഫ്
Mail This Article
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭയുടെ 2024–25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചു. ബിജെപി ബജറ്റിന്റെ പകർപ്പ് കത്തിച്ചു പ്രതിഷേധിച്ചു. അതേസമയം ഭരണപക്ഷം ചർച്ച പൂർത്തിയാക്കി. പൊള്ളയായ വികസന വാഗ്ദാനങ്ങളുടെ പെരുമഴ പെയ്ത്ത് നിറഞ്ഞ ബജറ്റ് അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ എത്തിയ ബിജെപി കൗൺസിലർമാർ ബജറ്റിന്റെ പകർപ്പ് അഗ്നിക്കിരയാക്കി ആണ് പ്രതിഷേധിച്ചത്. കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, സ്വപ്നജിത്ത്, വേണുഗോപാൽ, മരങ്ങാലി ബിനു, അജിത, കല, സുമ എന്നിവർ നേതൃത്വം നൽകി. പൊതു ശ്മശാനം, മാലിന്യ സംസ്കരണം, ടൗൺഷിപ്, മൾട്ടി കോംപ്ലക്സ് തിയറ്റർ, ഇൻഡോർ സ്റ്റേഡിയം, ഇളവനിക്കര ടൂറിസം, ചരിത്ര മ്യൂസിയം തുടങ്ങിയ പദ്ധതികൾ വർഷങ്ങളായി ബജറ്റിൽ പറയുന്നവയാണ്.
അവയൊന്നും ഇതുവരെ നടപ്പാക്കാൻ ഭരണപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ കുറ്റപ്പെടുത്തി. എന്നാൽ, നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനുമായി ബജറ്റ് ചർച്ചയിൽ പങ്കെടുക്കേണ്ട കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ പോലും തയാറായില്ലെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ചൂണ്ടിക്കാട്ടി. ബിജെപി കൗൺസിലർമാർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തെങ്കിലും മറുപടി കേൾക്കാൻ നിൽക്കാതെ ബഹിഷ്കരിക്കുകയുമാണ് ഉണ്ടായത്. ഇതു ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി ആണെന്നും ചെയർമാൻ പറഞ്ഞു.