കരകുളം അരുവിക്കര റോഡിന്റെ ഓടകളിൽ ശുചിമുറി മാലിന്യം
Mail This Article
നെടുമങ്ങാട് ∙ കരകുളം കെൽട്രോൺ ജംക്‌ഷനിൽ നിന്നും അരുവിക്കരയിലേക്കു പോകുന്ന റോഡിന് ഇരുവശത്തെയും ഓടകളിൽ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നതായി പരാതി. രാത്രി വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങളാണ് ഓടകളിലേക്ക് ഒഴുക്കുന്നത്. കെൽട്രോൺ ജംക്‌ഷനു സമീപത്തെ അയണിക്കാട് അമ്പലം കഴിഞ്ഞ് തടിമില്ലിന് ഇടയിൽ വരുന്ന ആളൊഴിഞ്ഞ പ്രദേശത്താണ് ഇത്തരത്തിൽ വ്യാപകമായി മാലിന്യം കൊണ്ടു തള്ളുന്നത്.വൻ ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഓടകളിൽ ശൗചാലയ മാലിന്യങ്ങൾ കണ്ടെത്തിയത്.
തുടർന്നു പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറയുന്നു. വിനോദ സഞ്ചാരികളടക്കം നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡിന്റെ വശത്തെ ഓടകളിലാണ് ഇത്തരത്തിൽ മാലിന്യങ്ങൾ കൊണ്ടു തള്ളിയിരിക്കുന്നത്. ഇതുവഴി പോകുന്ന യാത്രക്കാർ മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് ശൗചാലയ മാലിന്യം കൊണ്ട് തള്ളുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.