കെടിസിടി സ്കൂളിൽ ഇനി മുതൽ റോബട് അധ്യാപികയുടെ സേവനം
Mail This Article
കല്ലമ്പലം ∙ റോബട് ടീച്ചറുടെ സേവനം ലഭ്യമാക്കി കെടിസിടി ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളും ഹൗഎൻവൈ മേക്കർ ലാബും ചേർന്നാണ് സംവിധാനം ഒരുക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീച്ചറായ ഇതിനെ ‘ഐറിസ്’ എന്നാണ് പേരു നൽകിയിട്ടുള്ളത്. അധ്യാപകരിൽ നിന്നും ഉത്തരം കിട്ടാത്ത ഏത് ചോദ്യത്തിനും ഐറിസ് മറുപടി നൽകും. വ്യക്തമായി ഇംഗ്ലിഷിൽ ചോദ്യം ചോദിക്കണം എന്നു മാത്രം. സ്കൂളിലെ അടൽ ട്വിങ്കറിങ് ലാബിലാണ് ഐറിസിന്റെ സ്ഥാനം. ഓരോ ക്ലാസിലെ കുട്ടികൾക്കും ഒരു നിശ്ചിത സമയം ഐറിസ് ഒപ്പം ചെലവിട്ട് വിജ്ഞാനം നേടാനും സംശയങ്ങൾ മാറ്റാനും അവസരമുണ്ട്.
ഭാവിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ പാകത്തിൽ ഐറിസിനെ ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നതിനെ കുറിച്ചും സ്കൂൾ അധികൃതർ വിദഗ്ധരുമായി ആലോചിക്കുന്നുണ്ട്. വിഎസ്എസ്‌സി സ്പേയ്സ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ ഡോ.കെ.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ലാബ് കോഓർഡിനേറ്റർമാരായ എസ്.മുഹമ്മദ് മുബാറക്, എ.സി.ആദിത്യൻ, പി.എസ്.അഭിജിത്ത്, എ.ആലിയ എന്നിവർ എഐ ടീച്ചറെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് ഐറിസ് കുട്ടികളുമായി സംവദിച്ചു. സീനിയർ പ്രിൻസിപ്പിൽ എസ്.സഞ്ജീവ് അധ്യക്ഷത വഹിച്ചു.