കേരളവുമായി കൂടുതൽ മേഖലകളിൽ സഹകരിക്കുമെന്ന് റഷ്യൻ അംബാസഡർ
Mail This Article
തിരുവനന്തപുരം ∙ സാംസ്കാരികം, ടൂറിസം, വിദ്യാഭ്യാസം മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് ആലിപ്പോവ് . റഷ്യൻ ഹൗസ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ‘ഗോവ കഴിഞ്ഞാൽ റഷ്യൻ ടൂറിസ്റ്റുകളുടെ രണ്ടാമത്തെ പ്രിയപ്പെട്ട സ്ഥലമാണ് കേരളം. ഇവിടത്തെ ആയുർവേദം റഷ്യയിൽ പ്രശസ്തമാണ്. സംസ്ഥാനത്ത് നടത്തുന്ന ഇന്തോ റഷ്യൻ ട്രാവൽ ഫെയർ കൂടുതൽ റഷ്യൻ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കും. അതു പോലെ കേരളത്തിലെയും റഷ്യയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരിക്കുന്നുണ്ട്.
സമകാലിക റഷ്യൻ എഴുത്തുകാരെയും സിനിമയെയും പരിചയപ്പെടുത്തുന്നത് ഉൾപ്പെടെ സാംസ്കാരിക രംഗത്ത് പുതിയ ചുവടുവയ്പുകൾ ഉണ്ടാകു’മെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളും റഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപീകരിച്ച സംഘടനയുടെ ലോഗോ, അംബാസഡർ ആലിപ്പോവ്, റഷ്യയുടെ ഓണററി കോൺസലും, റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർക്കു നൽകി പ്രകാശനം ചെയ്തു. വ്യാപാര രംഗത്തെ സംഘടനകളുമായി സഹകരിച്ച് റഷ്യയിലേക്കുള്ള കയറ്റുമതി സാധ്യതകളെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് രതീഷ് സി.നായർ പറഞ്ഞു.