സുരക്ഷാ വെല്ലുവിളികൾ നേരിടാൻ വേണം പുതു രീതികൾ: വ്യോമസേനാ മേധാവി
Mail This Article
തിരുവനന്തപുരം ∙ ഭാവിയിലെ യുദ്ധങ്ങൾ സങ്കര സ്വഭാവമുള്ളതായിരിക്കുമെന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി. ദക്ഷിണ വ്യോമസേനയുടെ വാർഷിക കമാൻഡേഴ്സ് കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . പുതിയ കാലത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പുതിയ രീതികൾ സ്വീകരിക്കണം. സൈബർ, ബഹിരാകാശം, ഇലക്ട്രോണിക് വാർഫെയർ തുടങ്ങിയ മേഖലകളിലെ ആഗോള സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം മികവു വർധിപ്പിക്കണമെന്ന് അദ്ദേഹം കമാൻഡർമാർക്കു നിർദേശം നൽകി.
ഓപ്പറേഷൻസ്, മെയിന്റനൻസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ മികവ് നേടിയ സ്റ്റേഷനുകൾക്ക് വ്യോമസേനാ മേധാവി ട്രോഫികൾ നൽകി. വ്യോമസേനയുടെ വ്യോമ, കര സംഘത്തിന് സമുദ്രാതിർത്തിയിലും വായുവിലും രക്ഷാപ്രവർത്തനങ്ങൾക്ക് പരിശീലനത്തിനുള്ള നോഡൽ കേന്ദ്രമായ കൊല്ലം കാപ്പിൽ തടാകത്തിലെ എയർഫോഴ്‌സ് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മാരിടൈം സർവൈവൽ ആൻഡ് എയർ റസ്‌ക്യൂ (എഎഫ്സിഇഎംഎസ്എആർ) അദ്ദേഹം വിർച്വലായി ഉദ്ഘാടനം ചെയ്തു,