ADVERTISEMENT

തിരുവനന്തപുരം∙ നാം എല്ലാം ഒന്നാണെന്നും അതിനാൽ തന്നെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിക്കുകയാണു വേണ്ടതെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ കോൺഗ്രിഗേഷന്റെ സുവർണ ജൂബിലി വർഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മൾ എല്ലാം ഒരേ ചോരയാണ്. ഒരേ വിശ്വാസമാണ്. ഒന്നായി കാര്യങ്ങൾ ചെയ്യേണ്ടവരാണ്. പരസ്പരം മാറിനിൽക്കേണ്ടവരല്ല. ഒന്നിച്ചു മുന്നോട്ടുപോവുകയാണ് വേണ്ടത്. അതിനായി നമുക്കു പ്രവർത്തിക്കാം. വിശ്വാസികൾ ക്രിസ്തുവിനെ ഉള്ളത്തിൽ വഹിക്കുന്നവരാകണമെന്നും ക്രിസ്തുസാക്ഷ്യം വെളിപ്പെടുത്തുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. സ്നേഹത്തിലൂന്നിയുള്ള അനുരഞ്ജനമാണ് വേണ്ടത്.

മുഖ്യമന്ത്രിയിൽ നിന്നു ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറയുന്നതായും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച വിസ്മരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി.ബാബുപോൾ, ടി.എം.ജേക്കബ് എന്നിവരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.

ഡോ. സി.എ.നൈനാൻ സഭാ സേവനങ്ങൾ തുടരുന്നത് ശ്ലാഘനീയമാണെന്നും ബാവ പറഞ്ഞു. സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ കുർബാന അർപ്പിക്കാനെത്തിയ പാത്രിയർക്കീസ് ബാവായെ ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിൽ ജേക്കബ്സ് ജംക്‌ഷനിൽ നിന്നു സ്വീകരിച്ചു.

പാത്രിയർക്കീസ് ബാവായോടൊപ്പം മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഐസക് മാർ ഒസ്താത്തിയോസ്, എൽദോ മാർ തീത്തോസ്, ഗീവർഗീസ് മാർ സ്തേഫാനോസ്, മാത്യൂസ് മാർ അപ്രേം, മർക്കോസ് മാർ ക്രിസ്റ്റഫോറസ്, മാർ ഔഗേൻ അൽഖൂറി അൽക്കാസ് എന്നിവർ സഹകാർമികരായി.

സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ആദ്യകാല ഭാരവാഹികളെ പാത്രിയർക്കീസ് ബാവാ ആദരിച്ചു. ജൂബിലി സുവനീറിന്റെ പ്രകാശനവും നിർവഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സഭാ സെക്രട്ടറി ജേക്കബ് സി.മാത്യു, ഇടവക വികാരി ഫാ. അനീഷ് ടി.വർഗീസ്, ട്രസ്റ്റി എം.ജി.ജയിംസ് എന്നിവർ പ്രസംഗിച്ചു.

പാത്രിയർക്കീസ് ബാവായ്ക്ക് സ്വീകരണം  ഒരുക്കി മലങ്കര കത്തോലിക്കാ സഭ
തിരുവനന്തപുരം ∙ ആകമാന സുറിയാനി സഭയുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭ സ്വീകരണം നൽകി. പട്ടം സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിൽ എത്തിയ ബാവായെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതേലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്നു മെത്രാപ്പൊലീത്തമാർക്കും വൈദികർക്കുമൊപ്പം പ്രദക്ഷിണമായി ദേവാലയത്തിലേക്ക് ആനയിച്ചു. കത്തീഡ്രൽ കവാടത്തിൽ ധൂപാർപ്പണം നടത്തിയാണ് പാത്രിയർക്കീസ് ബാവായെ പള്ളിക്ക് അകത്തേക്കു സ്വീകരിച്ചത്. എല്ലാ കത്തോലിക്കാ വിശ്വാസികളും ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിനായി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര കത്തോലിക്കാ സഭയുടെ ആശംസകളും പ്രാർഥനയും മാർ ക്ലീമീസ് ബാവാ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. തുടർന്ന് പാത്രിയർക്കീസ് ബാവായ്ക്ക് ഉപഹാരം നൽകി. ജോസഫ് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവർ പ്രസംഗിച്ചു.

ബിഷപ്പുമാരായ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. സാമുവൽ മാർ ഐറേനിയസ്, ഡോ.ജോസഫ് മാർ തോമസ്, ഡോ.വിൻസന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, യൂഹാനോൻ മാർ തിയഡോഷ്യസ്, ഡോ. ഏബ്രഹാം മാർ യൂലിയോസ്, ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ് എന്നിവർ പങ്കെടുത്തു.

ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്ന സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മാർ തോമസ് തറയിൽ, മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പൊലീത്തമാരായ ജോസഫ് മാർ ബർണബാസ്, യുയാക്കിം മാർ കൂറിലോസ്, പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.

പാത്രിയർക്കീസ് ബാവായെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ സന്ദർശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലുള്ള അനുശോചനം ബാവാ അറിയിച്ചു.

മണിപ്പുർ സംഘർഷം: പുറമേ മതപരം,മറ്റു കാരണങ്ങളും ഉണ്ടാകാമെന്ന്  പാത്രിയർക്കീസ് ബാവാ 
തിരുവനന്തപുരം ∙ മണിപ്പുരിൽ ഇരു ഗോത്രങ്ങൾ തമ്മിലുണ്ടായ സംഘർഷം പുറമേ മതപരമായ സ്പർധയാണെങ്കിലും അന്തർലീനമായ മറ്റു പല കാരണങ്ങളും അതിനുണ്ടാകാമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. മതം ആളുകളുടെ ഹൃദയത്തെയും വികാരത്തെയും ബാധിക്കുന്ന ഒന്നായതിനാൽ മതത്തിന്റെ പേരിൽ ആളുകളെ തമ്മിലടിപ്പിക്കാൻ എളുപ്പമാണെന്നു കരുതുന്നവരുണ്ട്.

രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ സാഹോദര്യത്തോടെ കഴിയുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത എല്ലാ സർക്കാരുകൾക്കുമുണ്ട്. എന്നാൽ മണിപ്പുർ വിഷയത്തിൽ ഇന്ത്യൻ സർക്കാർ ചെയ്തതിലെ ശരിയും തെറ്റും പറയാൻ തനിക്കു പരിമിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ പാത്രിയർക്കീസ് ബാവാ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു. കേരളത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ പോസിറ്റീവായ മാറ്റം ഇത്തവണത്തെ വരവിൽ തനിക്കു കാണാനായില്ല.

അടുത്തിടെ ചില വേദനാജനകമായ സംഭവങ്ങളുണ്ടായി. അതിന്റെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്നാണു മനസ്സിലാക്കുന്നത്. എന്നാൽ ഉറപ്പായും ഇരു സഭകൾക്കുമിടയിൽ സമാധാനം വരും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ ആശങ്കകൾ പങ്കുവച്ചു. ചർച്ച് ബിൽ നിയമസഭയിൽ കൊണ്ടുവരാൻ ശ്രമം തുടരണമെന്ന് അഭ്യർഥിച്ചു.

സഭകൾക്കിടയിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ കഴിയാവുന്നതെല്ലാം ചെയ്യാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകി. കേരളത്തിലെ ജനങ്ങൾ നൽകിയ സ്വീകരണത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും പാത്രിയർക്കീസ് ബാവാ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com