യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 2പേർ അറസ്റ്റിൽ
Mail This Article
വെള്ളറട∙ സംഘട്ടന കേസിലെ പ്രതിയുടെ ബന്ധുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ അറസ്റ്റിലായി. പൂഴനാട് കടമ്പറ കുരിവിൻപുറം ഹബീബ് മൻസിലിൽ ഹമീദി(27)നെ തട്ടിക്കൊണ്ടുപോയ കേസിൽ കുരുതംകോട് ഗോകുലത്തിൽ രാഹുൽ(25), ചാരുപാറ എഎ നിവാസിൽ അമൽ സുരേഷ്(25) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇയാളെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. 2 പേരെ കോടതിയിൽ ഹാജരാക്കി. പൊലീസിൽ കീഴടങ്ങാൻ വേണ്ടി പ്രതിയുടെ മേൽ സമ്മർദം ചെലുത്തുന്നതിനായാണു ബന്ധുവായ ഹമീദിനെ തട്ടിക്കൊണ്ടുപോയത്. അറസ്റ്റിലായ രാഹുൽ ഡിവൈഎഫ്ഐ കുരുതംകോട് യൂണിറ്റ് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു.
കാട്ടാക്കടയിലാണ് സംഭവം. ആഴ്ചകൾക്കു മുൻപ് ഇരുവിഭാഗങ്ങൾ വാക്കേറ്റത്തെ തുടർന്ന് ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ അജ്ഫർ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽപോയ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒളിവിൽ കഴിഞ്ഞ് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനായിരുന്നു ഇയാളുടെ നീക്കം. ബന്ധുവായ ഹമീദ് അജ്ഫറിനെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതായി വാദികൾക്ക് ഇതിനിടെ വിവരം കിട്ടി. ഇവർ പൊലീസാണെന്നു പറഞ്ഞ് ഹമീദിനെ മൈലക്കരയിൽ വിളിച്ചുവരുത്തി. അവിടെ നിന്നു ബലമായി കാറിൽ കയറ്റി വിളവൻകോട് ഭാഗത്തേക്ക് കൊണ്ടുപോയി. 3 പേരാണ് കാറിലുണ്ടായിരുന്നത്.
അജ്ഫർ പൊലീസിൽ കീഴടങ്ങിയാൽ മാത്രമേ വിടുകയുള്ളൂവെന്ന് ഇയാളെകൊണ്ടുതന്നെ ബന്ധുക്കൾക്ക് ഫോൺ ചെയ്യിച്ചു ബന്ധുക്കൾ ഇക്കാര്യം ആര്യങ്കോട് പൊലീസിനെ അറിയിച്ചു. തുടർന്ന് ആര്യങ്കോട്് പൊലീസിന്റെ സഹായത്തോടെ വിളവൻകോടുള്ള ഒരു ഹോളോബ്രിക്സ് കമ്പനിയിൽ നിന്ന് ഇയാളെ കണ്ടെത്തി. കാറിലുണ്ടായിരുന്ന 2പേരെയും പൊലീസ് പിടികൂടി. മാരകായുധങ്ങൾ ഉൾപ്പെടെ കാറും കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്നവർ ബൈക്കിൽ രക്ഷപെട്ടു. സിഐ ആർ.രാജീവ്, എസ്ഐ ജി.ഷൈലാക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.