ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യം അന്തരീക്ഷം കലക്കിയ പുക. കത്തിജ്വലിക്കുന്ന സൂര്യൻ. അടുപ്പുകളിൽ എരിഞ്ഞ തീയുടെ ചൂട്. ഉള്ളിൽ അടങ്ങാത്ത ഭക്തിയുടെ കുളിരുറവ; കഠിനമായ ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ആറ്റുകാലമ്മയോടുള്ള വിശ്വാസം നൽകിയ ആത്മബലം മാത്രം മതിയായിരുന്നു ലക്ഷോപലക്ഷം വനിതകൾക്ക്. തിരുവനന്തപുരത്തെ വീണ്ടുമൊരു യാഗശാലയാക്കി ആറ്റുകാൽ പൊങ്കാല.

trivandrum-bhaktha
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല സമർപ്പിക്കുന്ന ഭക്ത. ചിത്രം: ആർ.എസ്.ഗോപൻ∙മനോരമ

ദിവസങ്ങൾക്കു മുന്നേ നഗരത്തിന്റെ പല ഭാഗങ്ങളിലായി പൊങ്കാലയെ അടയാളപ്പെടുത്തി ഇടംപിടിച്ച ചുടുകല്ലുകൾ ഇന്നലെ ലക്ഷക്കണക്കിന് അടുപ്പുകളായി രൂപപ്പെട്ടു. ഇന്നലെ രാവിലെ വരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പൊങ്കാലയർപ്പിക്കാൻ ഭക്തരെത്തി. വാഹനങ്ങൾ പൊതുവേ കുറവായതിനാൽ റോഡുകളിൽ തിരക്കു കുറഞ്ഞു. നിയന്ത്രണം കർശനമാക്കി വലിയ പൊലീസ് സന്നാഹം പൊങ്കാല നടക്കുന്ന ഭാഗങ്ങളിലെല്ലാം നിലയുറപ്പിച്ചു. പൊങ്കാല ഉത്സവത്തെ വരവേൽക്കാൻ ശനിയാഴ്ച വൈകിട്ടു മുതൽ നഗരത്തിലെ പലയിടങ്ങളിലും വലിയ ഉച്ചഭാഷിണികൾ നിരന്നിരുന്നു. 

trivandrum-reshma-arif
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പത്നി രേഷ്മ ആരിഫ് രാജ്ഭവനു സമീപം ഭക്തർക്ക് സംഭാരം വിതരണം ചെയ്യുന്നു.

പ്രധാന ജംക്‌ഷനുകളിലെല്ലാം സൗജന്യ ഭക്ഷണ വിതരണവും ശുദ്ധജല വിതരണവും നടന്നു. രാവിലെ പത്തര കഴിഞ്ഞതോടെ പൊങ്കാലയുടെ തുടക്കമായി. അടുപ്പുകൾ കത്തി പുകയുയർന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എംപിമാരായ ശശി തരൂർ, കെ. മുരളീധരൻ, എ.എ.റഹിം, വി..കെ.പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി.കെ.രാജു, ബിജെപി നേതാവ് ഒ.രാജഗോപാൽ, കൗൺസിലർമാരായ ആർ. ഉണ്ണികൃഷ്ണൻ, എം.ആർ.ഗോപൻ, നടൻ കൃഷ്ണകുമാ‍ർ തുടങ്ങിയവർ പണ്ടാര അടുപ്പിൽ തീ പകരുന്ന ചടങ്ങിൽ പങ്കെടുത്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ട്രസ്റ്റ് അംഗങ്ങളിൽ ഒരാൾക്ക് പ്രഥമ ശുശ്രൂഷ നൽകി. 

trivandrum-chippi
ആറ്റുകാലിൽ പൊങ്കാല അർപ്പിക്കുന്ന നടിമാരായ ചിപ്പി, ജലജ, സിന്ധു വർമ തുടങ്ങിയവർ.

രാവിലെ പെയ്ത മഴയുടെ കുളിർമയും അന്തരീക്ഷം മൂടി നിന്ന മേഘങ്ങളുടെ കരുണയും കാരണം 11 മണി വരെ കാര്യമായ വെയിലുണ്ടായിരുന്നില്ല. എന്നാൽ, തുടർന്ന് അന്തരീക്ഷം ചൂടുപിടിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ തളരാതെ ഭക്തർ പൊങ്കാലയടുപ്പുകൾക്കരികിൽ നിലയുറപ്പിച്ചു. ആദ്യ മണിക്കൂറിൽ തന്നെ പൊങ്കാലക്കലങ്ങൾ തിളച്ചു തൂവി. പാകമായ പൊങ്കാലച്ചോറും പായസവും തെരളിയപ്പവും മണ്ടപ്പുറ്റുമെല്ലാം സുരക്ഷിതമായി അടച്ചു വച്ച് എല്ലാവരും കാത്തിരുന്നു. പല നാടുകളിൽ നിന്നെത്തി, അടുത്തടുത്ത് അടുപ്പു കൂട്ടി പൊങ്കാലയൊരുക്കിയവർ പരസ്പരം സംസാരിച്ചു സൗഹൃദം സൃഷ്ടിച്ചു. ലോകത്തെവിടെയും ആറ്റുകാലമ്മയുടെ ഭക്തർ അടുത്ത ബന്ധുക്കളാകുന്നതിങ്ങനെയാണെന്നതിന്റെ കാഴ്ചയായിരുന്നു അത്.രണ്ടരയോടെ പൊങ്കാല നിവേദിക്കാൻ തുടങ്ങി. പിന്നെ തിരിച്ചു പോകലിന്റെ തിടുക്കമായിരുന്നു.

trivandrum-smitha-samual
ചലച്ചിത്ര, സീരിയൽനടിമാരായ സ്മിത പി.സാമുവൽ, രേവതി മുരളി, ബിന്നി സെബാസ്റ്റ്യൻ, ഐശ്വര്യ, കൃഷ്ണേന്ദു, അർച്ചന കൃഷ്ണ, താര കല്യാൺ തുടങ്ങിയവർ പനവിള ജംക്‌ഷനു സമീപം പൊങ്കാലയിടുന്നു.

പതിവു തെറ്റിക്കാതെ ‌താരങ്ങൾ
‘‘അമ്മയുടെ നടയിൽ പൊങ്കാലയിടുന്നതിൽ സന്തോഷമുണ്ട്. അതിന്റെ പേരിൽ ആവശ്യത്തിലേറെ ട്രോളുകളുമുണ്ട്’’– 20 വർഷമായി ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ചലച്ചിത്രതാരം ചിപ്പി പ്രതികരിച്ചത് ഇങ്ങനെ.  പതിവു തെറ്റിക്കാതെ പല താരങ്ങളും ഇക്കുറിയും ആറ്റുകാൽ പൊങ്കാലയ്ക്കെത്തി. 

trivandrum-joshna-amrutha
കിള്ളിപ്പാലത്ത് പൊങ്കാല അർപ്പിക്കുന്ന നടിമാരായ ജോഷ്ന എം തകരൻ, അമൃത നായർ, റേബേക്ക സന്തോഷ്.

നടിമാരായ ജലജ, ചിപ്പി, രാധ, ആനി, സോനാ നായർ, സ്വാസിക, ഉമാ നായർ, കൃഷ്ണപ്രഭ, താര കല്യാൺ, സീമ ജി.നായർ, അനു റബേക്ക സന്തോഷ്, അമൃത, ജോഷ്ന, വീണാ നായർ, സിന്ധു മനുവർമ, അർച്ചന കൃഷ്ണ, കൃഷ്ണേന്ദു, ഐശ്വര്യ, ബിന്നി സെബാസ്റ്റ്യൻ, രേവതി മുരളി, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, നർത്തകി മേതിൽ ദേവിക എന്നിവരും പൊങ്കാലയിട്ടു. 

trivandrum-radha
നടി രാധ കുര്യാത്തിയിൽ പൊങ്കാലയിടുന്നു.

ഔഷധി ചെയർപഴ്സൻ ശോഭന ജോർജ്, വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി എംഡി ദിവ്യ എസ്.അയ്യർ, കെപിസിസി മാധ്യമ വിഭാഗം കൺവീനർ ദീപ്തി മേരി വർഗീസ്, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത, വി.എസ്.ശിവകുമാറിന്റെ ഭാര്യ സിന്ധു തുടങ്ങിയവരും പൊങ്കാലയിടാനെത്തി.

വലിയൊരു സംസ്കാരം: സുരേഷ് ഗോപി
നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശാസ്തമംഗലത്തെ വീട്ടിൽ പൊങ്കാലയിട്ടു. വിശ്വാസങ്ങൾക്കപ്പുറം വലിയൊരു സംസ്കാരമാണ് ആറ്റുകാൽ പൊങ്കാലയെന്നും എന്തു തിരക്കുണ്ടെങ്കിലും പൊങ്കാല ദിവസം വീട്ടിലെത്താൻ ശ്രമിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഭാരം നൽകി ഗവർണറുടെ ഭാര്യ
ആറ്റുകാൽ പൊങ്കാലയിടാനെത്തിയവർക്ക് സംഭാരം വിതരണം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാര്യ രേഷ്മ ആരിഫ്.  രാജ്ഭവനു മുന്നിലായിരുന്നു സംഭാര വിതരണം. ഗവർണർ ഇന്നലെ കോട്ടയത്തായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com