ADVERTISEMENT

തിരുവനന്തപുരം∙ ‘ടിപ്പർ ലോറിയുടെ അമിതലോഡും അമിതവേഗവുമാണ് അനന്തുവിന്റെ ജീവനെടുത്തത്. ഇനിയും മരണപ്പാച്ചിൽ തുടർ‌ന്നാൽ റോഡിൽ കിടന്ന് പ്രതിഷേധിക്കും. എന്റെ മോന്റെ അവസ്ഥ ഇനി ഈ നാട്ടിൽ ആർക്കും സംഭവിക്കരുത്’– വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കു പോയ ലോറിയിൽ നിന്നു കല്ലു തെറിച്ചുവീണ് മരിച്ച ബിഡിഎസ് വിദ്യാർഥി അനന്തു ബി.അജികുമാറിന്റെ അമ്മ പി.എസ്.ബിന്ദുവിന്റെ വാക്കുകൾ. ‘ടിപ്പർ‌ ലോറിയുടെ അമിതവേഗം മൂലം മുൻപ് വീടിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. മുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. വർഷങ്ങളായി തുടരുന്ന പ്രശ്നമാണെങ്കിലും പരിഹാരം കണ്ടെത്തിയിട്ടില്ല. ഇനിയൊരു ജീവൻ നഷ്ടമാകാൻ സമ്മതിക്കില്ല’– ബിന്ദു പറഞ്ഞു.

സംസ്കാരത്തിനു മുൻപ് അനന്തുവിനെ അവസാനമായി ഒരുനോക്കു കാണാൻ വീടിനു സമീപത്തായി ജനങ്ങൾ തിങ്ങി നിറഞ്ഞു. ഒന്നര മണിക്കൂറോളം മൃതദേഹം വീട്ടിൽ വച്ചതിനു ശേഷം മുട്ടത്തറ മോക്ഷകവാടത്തിലേക്ക് സംസ്കരിക്കുന്നതിനായി എത്തിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, എം.വിൻസന്റ് എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8ന് അനന്തു കോളജിലേക്കു പോകുന്ന വഴി മുക്കോല–ബാലരാമപുരം റോഡിൽ മണലിയിൽ വച്ചായിരുന്നു അപകടം. ടിപ്പർ ലോറിയിൽ നിന്നു കല്ല് തെറിച്ചു സ്കൂട്ടർ യാത്രികനായ അനന്തുവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ അനന്തു ആശുപത്രി ചികിത്സയിലിരിക്കെ ചൊവ്വ ഉച്ചയോടെ മരിച്ചു.

കുടുംബത്തിന് സർക്കാർ സഹായം: മന്ത്രി
അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അദാനി തുറമുഖ കമ്പനിയും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. അനന്തു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അതും പരിഗണിച്ചാവും നഷ്ടപരിഹാരം. സംഭവത്തിൽ വിശദമായ

അന്വേഷണമുണ്ടാകും. 
ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. യുവതിയുടെ കാലു മുറിക്കേണ്ടി വന്നതുൾപ്പെടെയുള്ള പരാതികൾ കേട്ടു. തുറമുഖ നിർമാണം വേഗം പൂർത്തിയാക്കുമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ജനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ടിപ്പർ അപകടം: യോഗം ഇന്ന് 
ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ലു പതിച്ചു  ബിഡിഎസ് വിദ്യാർഥി അനന്തു മരിച്ച സംഭവത്തോടനുബന്ധിച്ച പ്രതിഷേധങ്ങളെ തുടർന്ന് ഇന്ന് ചർച്ച. രാവിലെ 10ന് വിഴിഞ്ഞം ഐബിയിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ അദാനി തുറമുഖ കമ്പനി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൊലീസ് എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com