ADVERTISEMENT

തിരുവനന്തപുരം∙ ‘മലയാളി മക്കളെ’ കോൾമയിർ കൊള്ളിച്ച് തമിഴ് ചലച്ചിത്ര താരം വിജയ്‌യുടെ മലയാളത്തിലുള്ള പ്രസംഗം ! പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തന്നെ കാണാനെത്തിയ നൂറുകണക്കിന് ആരാധകരെ അമ്പരപ്പിച്ചു കൊണ്ടാണ് വിജയ് മലയാളത്തിൽ പ്രസംഗിച്ചത്. ഷൂട്ടിങ് ലൊക്കേഷനിലെ വാഹനത്തിനു മുകളിൽ കയറി അഭിവാദ്യം ചെയ്ത ശേഷമായിരുന്നു താരത്തിന്റെ വാക്കുകൾ:

‘എന്റെ പ്രിയപ്പെട്ട ചേച്ചീ ചേട്ടന്മാരേ.. അനിയന്മാർ അനിയത്തിമാരേ....നിങ്ങൾ എല്ലാവരെയും കാണുന്നതിൽ വലിയ സന്തോഷം.  മഹാബലിയെത്തുന്ന ഓണം കേരളത്തിൽ വലിയ സന്തോഷമാണല്ലോ. അതു പോലെ  ഓണം വന്നതു പോലെ ഒരു സന്തോഷമാണ് നിങ്ങളെ കാണുമ്പോൾ എന്റെ മനസ്സിലുള്ളത്. എന്നെ കാണാനെത്തിയ എല്ലാവർക്കും എന്റെ കോടാനുകോടി.. കോടാനുകോടി.. നന്ദി... ചുറ്റും നിറഞ്ഞ ആരവത്തിനിടയിൽ വിജയ് പറഞ്ഞു. 

‘ദ് ഗോട്ട്’ എന്ന സിനിമയുടെ 15 ദിവസത്തെ ചിത്രീകരണത്തിനായാണ് വിജയ് തലസ്ഥാനത്ത് എത്തിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രിയാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.   വിജയ് താമസിക്കുന്ന വഴുതക്കാട്ടെ ഹോട്ടലിനു മുന്നിലും താരത്തെ കാണാൻ ഏറെ ആളുകൾ തടിച്ചുകൂടി. ഹോട്ടലിൽ നിന്നിറങ്ങിയ വേളയിൽ വിജയ് മതിലിന് അരികിൽ വന്ന് ആരാധകർക്കു ഹസ്തദാനം നൽകി. ചിലർ വിജയ്‌യെ പൂമാല അണിയിക്കുകയും ചെയ്തു.   വിജയ്‌യെ കാണാൻ തമിഴ്നാട്ടിൽ നിന്നുള്ള ആരാധകരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇവിടെ എത്തിയതു മുതലുള്ള അദ്ദേഹത്തിന്റെ ഷോർട്ട് വിഡിയോകൾ പ്രചരിച്ചതോടെ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നുള്ളവരും തലസ്ഥാനത്ത് എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com