ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് മുന്നണികൾ. സ്ഥാനാർഥികളുടെ ഓട്ടപ്പാച്ചിലിനൊപ്പം പ്രവർത്തകരെ പുതിയ രീതിയിൽ വിന്യസിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെട്ട വീടുകൾ മാത്രം സന്ദർശനം നടത്തി വോട്ട് തേടുന്ന രീതി നടപ്പിലാക്കുന്നതിലേക്കും മുന്നണികൾ കടന്നു. ആദ്യഘട്ടത്തിൽ പതിപ്പിച്ച പോസ്റ്ററുകൾക്ക് പുറമേ പുതിയ പോസ്റ്ററുകളും രംഗത്തെത്തി. ഓശാന ഞായർ പ്രമാണിച്ചുള്ള ഘോഷയാത്രയിലും ആരാധാനലയങ്ങളിലും വോട്ടു തേടിയാണ് സ്ഥാനാർഥികൾ രാവിലെ ഇറങ്ങിയത്. ശാസ്തമംഗലത്ത് കൊച്ചാർ റോഡിൽ ശശി തരൂരിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനം തുടങ്ങി.

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അധ്യക്ഷത വഹിച്ചു. എൻ.ശക്തൻ, എം.വിൻസന്റ് എംഎൽഎ, വി.എസ്.ശിവകുമാർ, മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, ടി.ശരത്ചന്ദ്രപ്രസാദ്, ജി.സുബോധൻ, കെ.മോഹൻ കുമാർ, വി.ടി.ബലറാം, സി.പി.ജോൺ, എ.ടി.ജോർജ്, ദീപ്തി മേരി വർഗീസ്, കെ.എസ്.ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ, പി.കെ.വേണുഗോപാൽ, ബീമാപള്ളി റഷീദ്, എം.പി.സാജു, ഇറവൂർ പ്രസന്നൻ, കരുമം സുന്ദരേശൻ, മണക്കാട് സുരേഷ്, കമ്പറ നാരായണൻ, എം.ആർ.മനോജ്, ആർ.ലക്ഷ്മി, ഗായത്രി, നേമം ഷജീർ, ഗോപു നെയ്യാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തീരദേശ, നഗര മേഖലകളിലാണിപ്പോൾ പ്രചാരണം നടത്തുന്നത്. ഓശാന ഞായർ ദിനം രാവിലെ പിഎംജി ലൂർദ് ഫൊറോന പള്ളി സന്ദർശിച്ച സ്ഥാനാർഥി ചങ്ങനാശേരി അതിരൂപത മെത്രാൻ ബിഷപ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച്ച നടത്തി. ഇടവക വികാരി ഫാ. മോർളി കൈതപ്പറമ്പിൽ അദ്ദേഹത്തിന് കുരുത്തോല കൈമാറി. തുടർന്നു വിവിധ സ്ഥലങ്ങളിൽ പാർട്ടി അംഗങ്ങളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. തിരുവനന്തപുരം എൻഎസ്എസ് യൂണിയൻ കരയോഗം ആരംഭിക്കുന്ന പത്മ കഫെയുടെ പാലുകാച്ചൽ  ചടങ്ങിലും പങ്കെടുത്തു.

കരമന തെലുങ്ക് ചെട്ടി തെരുവിൽ തെലുഗു വംശജരുടെ പൊങ്കാല മഹോത്സവത്തിലും കോട്ടയ്ക്കകത്ത് പ്രിയദർശിനി ഹാളിൽ രാജസ്ഥാൻ അസോസിയേഷൻ സംഘടിപ്പിച്ച ഹോളി ആഘോഷത്തിലും പങ്കെടുത്തു. രാജീവ് ചന്ദ്രശേഖർ കൈമനം അമൃതാനന്ദമയി മഠം സന്ദർശിച്ചു എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ കോവളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു. രാവിലെ 9നു കല്ലിയൂർ നിന്നാരംഭിച്ച പര്യടനം ബാലരാമപുരം, കോട്ടുകാൽ, വെങ്ങാനൂർ, വിഴിഞ്ഞം, കാഞ്ഞിരംകുളം, കരുങ്കുളം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പൂവാറിൽ സമാപിച്ചു.

ആറ്റിങ്ങൽ മണ്ഡലം പ്രചാരണ വേഗം കൂട്ടി സ്ഥാനാർഥികൾ
ആറ്റിങ്ങൽ ∙ വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൺവൻഷനുകളായിരുന്നു ഇന്നലെ ആറ്റിങ്ങൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പ്രധാന പ്രചാരണ വേദികൾ. ഇടവ, കിഴുവിലം തുടങ്ങിയ മണ്ഡലങ്ങളിലെ‍ കൺവൻഷനുകളിൽ സ്ഥാനാർഥി പങ്കെടുത്തു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽക്കണ്ടും വോട്ട് അഭ്യർഥന നടത്തി. ഇന്നു വെഞ്ഞാറമൂട്, അണ്ടൂർക്കോണം, വർക്കല എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യുഡിഎഫിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ‘തീരമാകെ ജോയി’ എന്ന പ്രചാരണ വാചകവുമായി തീരദേശ മേഖലയിലെ പര്യടനത്തിലാണ് ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി പങ്കെടുത്തത്. ഓശാന ഞായറിന്റെ ഭാഗമായി വർക്കല സെന്റ് തോമസ് പള്ളിയിലും സ്ഥാനാർഥി എത്തി. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന വിശ്വാസികൾ സ്ഥാനാർഥിയെ സ്വീകരിച്ചു.

ഇന്നു ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ വിവിധ കോളജുകളിൽ ‘ജോയ്ഫുൾ ക്യാംപസ്’ എന്ന പേരിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും.  കോരാണി വാറുവിളാകം ദേവീക്ഷേത്രം, നെടുമങ്ങാട് പാങ്കോട് ധർമശാസ്താ ക്ഷേത്രം, നന്ദിയോട് പച്ച നെടുംപറമ്പ് ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ പങ്കെടുത്തു. സമൂഹ സദ്യയിൽ പങ്കെടുക്കുകയും വിളമ്പാൻ ഒപ്പം ചേരുകയും ചെയ്തു. ഓശാന ഞായർ പ്രമാണിച്ച് പള്ളികളിലെത്തി മടങ്ങിയ വിശ്വാസികളെയും സന്ദർശിച്ചു. കാട്ടാക്കടയിൽ, ബിജെപി എക്സ് സർവീസ് സെൽ ആറ്റിങ്ങൽ കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷനെയും വി.മുരളീധരൻ അഭിസംബോധന ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com