ADVERTISEMENT

കഴക്കൂട്ടം∙ 2017ൽ ആരംഭിച്ച കഴക്കൂട്ടം മുട്ടത്തറ സുവിജ് പദ്ധതി 2024 ആയിട്ടും എങ്ങും എത്തിയില്ലെങ്കിലും പദ്ധതി ആരംഭിച്ചതു മുതൽ അരശുംമൂട് കുഴിവിള വരെയും അവിടെ നിന്ന് കുഴിവിള കരിമണൽ വരെയും ഉള്ള നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു കുറവും ഇല്ല. 110.05 കോടി രൂപ ചെലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2017ൽ പദ്ധതി ആരംഭിച്ചത്. അരശുംമൂട്– കുഴിവിള റോഡ് അന്ന് വെട്ടിപ്പൊളിക്കാൻ തുടങ്ങിയതാണ്. പകുതി വഴിയിൽ ഇട്ടും വീണ്ടും തുടർന്നും ഉള്ള പൈപ്പിടൽ ഇന്നും പൂർണമായിട്ടില്ല. ബസ് സർവീസ് ഉൾപ്പെടെയുള്ള റോഡായിരുന്നു. ഇന്ന് ഇരു ചക്രവാഹനങ്ങളിൽ പോലും ഇതു വഴി യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതിനെക്കാൾ ദുരിതമാണ് കുഴിവിള തമ്പുരാൻ മുക്കു മുതൽ കരിമണൽ വരെയുള്ള റോഡ്.

സുവിജ് പദ്ധതിയുടെ ഒരു പ്രധാന ട്രീറ്റ്മെന്റ് പ്ലാന്റ് കരിമണലിൽ ആണ്. സുവിജ് പൈപ്പു ലൈൻ സ്ഥാപിക്കുന്നതിനായി തമ്പുരാൻമുക്കു മുതൽ കരിമണൽ വരെ കിണറുകൾ പോലെ തോന്നിക്കുന്ന മാൻ ഹോളുകൾ വർഷങ്ങൾക്കു മുൻപ് തന്നെ പണിയാൻ തുടങ്ങിയതാണ്. അതും പാതി വഴിയിലാണ്. ബൈപാസിനു കുറുകെ പൈപ്പു ലൈൻ ഇട്ട് അവിടെ നിന്നും കരിമണലിലേക്കു ബന്ധിപ്പിക്കാനായി തമ്പുരാൻമുക്കിൽ എടുത്ത വൻ കുഴി അതേ അവസ്ഥയിൽ കിടക്കുകയാണ്. കരാറുകാരൻ ജോലിക്കാരെ വിട്ട് വല്ലപ്പോഴും കുഴിയിൽ നിന്നും വെള്ളം പമ്പ് ചെയ്തു മാറ്റുന്നതൊഴിച്ചാൽ ജോലിയിൽ ഒരു പുരോഗതിയും ഇല്ല.

ഇതു വഴി ഇരു ചക്ര വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനത്തിനും പോകാനും ആവില്ല. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് കടകംപള്ളി സുരേന്ദ്രൻ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് നിയമസഭയിൽ നേരത്തെ സബ് മിഷൻ ഉന്നയിച്ചിരുന്നു. പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കും എന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. വർഷം രണ്ടു കഴിഞ്ഞെങ്കിലും ഒരു പുരോഗതിയും ഇല്ല. നേരത്തെ കരാറെടുത്ത രണ്ടു പേർ പദ്ധതി പാതി വഴിയിലാക്കി മുങ്ങിയിരുന്നു. പുതിയ കരാറുകാരൻ പണി തുടങ്ങിയെങ്കിലും കാര്യമായ ഒരു പുരോഗതിയും ഇല്ല. അതേ സമയം നാട്ടുകാരുടെ ദുരിതം നാൾക്കുനാൾ വർധിച്ചു വരികയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com