കേന്ദ്രപദ്ധതി ആകെ ചിലവ് മൂന്നരക്കോടി തേവിയാരുകുന്ന് ശുദ്ധജല വിതരണ പദ്ധതി എന്ന് യാഥാർഥ്യമാകും ?
Mail This Article
ആര്യനാട്∙ പഞ്ചായത്തിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി നിർമിക്കുന്ന തേവിയാരുകുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ ജോലികൾ പാതിവഴിയിൽ നിലച്ചിട്ട് 8 മാസത്തോളമായി. പണികൾ തടസ്സപ്പെടുന്നത് മൂന്നാം തവണ. കേന്ദ്ര പദ്ധതിയായ ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൻ മിഷൻ വഴി മൂന്നരക്കോടി വിനിയോഗിച്ചാണ് പദ്ധതി നിർമിക്കുന്നത്. എന്നാൽ കരാറുകാരന് പണം ലഭിക്കാത്തതിനെത്തുടർന്നാണ് ഒടുവിൽ പണികൾ മുടങ്ങിയത്. ഇതോടെ കരാറുകാരൻ ഉപകരണങ്ങൾ തിരികെ കൊണ്ടുപോയി.
ചെയ്ത ജോലികൾക്ക് 20 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ഇതിൽ പത്ത് ലക്ഷത്തോളം രൂപ നികുതി ഇനത്തിൽ ആണെന്നും കരാറുകാരൻ പറഞ്ഞു. ശുദ്ധജല പദ്ധതിക്കായി തേവിയാരുകുന്ന് ധർമ ശാസ്താക്ഷേത്രത്തിന് മുകൾഭാഗത്ത് നിർമിക്കുന്ന വാട്ടർ ടാങ്കിന്റെ ജോലികൾ അവസാന ഘട്ടത്തിൽ എത്തിയതോടെ ആണ് ജോലികൾ നിലച്ചത്. ടാങ്കിന്റെ പുറത്തെ കുറച്ചു പണികൾ ആണ് ശേഷിക്കുന്നത്. ആറ്റിലെ ഗാലറിയുടെ പണികൾ പൂർത്തിയായി. പൈപ്പ് ലെൻ സ്ഥാപിക്കുന്നതിന്റെ 85% ജോലികൾ കഴിഞ്ഞു.
കിണറിന്റെ വശത്തെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാകാനുണ്ട്. ഇതിനു മുകളിലാണ് പമ്പ് ഹൗസിന്റെ നിർമാണം. തേവിയാരുകുന്ന് ആറ്റുമുക്കിൽ ആണ് കിണർ , പമ്പ്ഹൗസ് എന്നിവ നിർമിക്കുന്നത്. പമ്പ് ഹൗസിലേക്കുള്ള വഴി ശരിയാക്കി നൽകാത്തതിനെത്തുടർന്നാണ് രണ്ടാം തവണ ജോലികൾ നിർത്തിവച്ചത്. വാട്ടർ ടാങ്കിന്റെ അംഗീകൃത പ്ലാൻ ലഭിക്കാത്തതിനെത്തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആദ്യമായി ജോലികൾ തടസ്സപ്പെട്ടത്.
പ്രയോജനം 7 വാർഡുകൾക്ക്
പദ്ധതി യാഥാർഥ്യമായാൽ ആര്യനാട് പഞ്ചായത്തിലെ മീനാങ്കൽ, കീഴ്പാലൂർ, തേവിയാരുകുന്ന്, പൊട്ടൻചിറ, പറണ്ടോട്, പുറുത്തിപ്പാറ, വലിയ കലുങ്ക് എന്നീ വാർഡുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ.
പഞ്ചായത്ത് ഹൈക്കോടതിയിൽ
തേവിയാരുകുന്ന് ശുദ്ധജല പദ്ധതി യഥാസമയം പൂർത്തിയാകാത്തതിനെ തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനിക്കെതിരെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. 2021ൽ 12 മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കാലാവധി നീട്ടിയിട്ടും പൂർത്തിയായില്ലന്നു പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ പറഞ്ഞു.
ചൊവ്വര കനാലിൽ ജലം എത്താത്തത് പ്രശ്നമാകുന്നു കോട്ടുകാലിൽ ജലക്ഷാമം രൂക്ഷം; ജനത്തിന് ദുരിതം
വിഴിഞ്ഞം∙ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ പലയിടത്തും ജലക്ഷാമം രൂക്ഷം. കുടിവെള്ളത്തിനു പുറമെ കൃഷിക്കും ജലം കിട്ടാതായതോടെ കർഷകരും വലയുന്നു. സ്വാഭാവിക നീരുറവകൾ പലതും ഇല്ലാതായതാണ് പ്രധാനകാരണം. പുറമെ കനാലുകളുടെ ശുചീകരണ പ്രവൃത്തി യഥാ സമയം നടത്താത്തതിനാൽ നീരൊഴുക്ക് പല സ്ഥലത്തും തടസ്സപ്പെട്ടു. നീരൊഴുക്ക് കുറഞ്ഞതോടെ പഞ്ചായത്ത് പരിധിയിലെ കിണറുകളും ചെറുതോടുകളും വറ്റിവരണ്ടു.
ജലവിതരണ പദ്ധതികളിൽ പലതും പ്രവർത്തനം നിലച്ച സ്ഥിതിയാണെന്നു പ്രദേശവാസികൾ പറയുന്നു. ജലക്ഷാമം രൂക്ഷമായത് പഞ്ചായത്തിലെ ക്ഷീര–കാർഷിക മേഖലകളെയും ദോഷകരമായി ബാധിച്ചതായി കർഷകർ. കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങുന്നു. നെയ്യാർ ഡാമിൽ നിന്ന് വലത്കര കനാൽ വഴിയാണ് പൂവാർ വെസ്റ്റ്, ചൊവ്വര കനാലുകളിലേക്ക് ജലമെത്തുന്നത്. ഇതിൽ പൂവാർ കനാലിലൂടെ വെളളമൊഴുക്കുണ്ടെങ്കിലും കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ ജലമെത്തിക്കേണ്ട ചൊവ്വര കനാലിൽ ഇനിയും ജലമെത്തിയിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
ഇതിനാലാണ് ക്ഷാമം രൂക്ഷമായി തുടരുന്നത്. പഞ്ചായത്തിലെ പ്രധാന ജലവിതരണ പദ്ധതിയായ പുത്തളം പമ്പ് ഹൗസ് ജലമില്ലാത്ത നിലയിൽ തുടരാൻ തുടങ്ങിയിട്ടു നാളുകളേറെയായെന്ന് പ്രദേശവാസികൾ. ഉച്ചക്കട പുലിയൂർക്കോണം പമ്പ് ഹൗസിനും കനാൽ ജലം അനുഗ്രഹമാണ്. എല്ലാ തവണയും വേനൽക്കാലത്തിനു മുൻപേ കനാൽ ശൂചീകരണം പതിവുള്ളതാണെങ്കിലും ഇക്കുറി നടത്താത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നു നാട്ടുകാർ. ജലക്ഷാമത്തെ തുടർന്ന് ഏക്കർ കണക്കിനുള്ള വാഴയുൾപ്പെടെ മിക്ക വിളകളും ഉണങ്ങി കരിഞ്ഞതോടെ കർഷകർ ലക്ഷങ്ങളുടെ ബാധ്യതയിലായി. ചെറുവിളകളും നശിച്ചുവെന്ന് കർഷകർ പറഞ്ഞു.