വേനൽക്കാലത്ത് 17 ശതമാനം കൂടുതൽ സർവീസുകളുമായി തിരുവനന്തപുരം വിമാനത്താവളം
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ വിന്റർ ഷെഡ്യൂളിനേക്കാൾ 17 ശതമാനം കൂടുതൽ പ്രതിവാര വിമാന സർവീസുകളുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് 31 മുതൽ ഒക്ടോബർ 24 വരെയാണ് വേനൽക്കാല ഷെഡ്യൂൾ. ആകെ 716 പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റ് (എടിഎമ്മുകൾ) ആണ് ഈ ഷെഡ്യൂളിൽ ഉണ്ടാവുക. നിലവിൽ ഇത് 612 ആണ്.
മാലദ്വീപിലെ ഹനിമാധൂ പോലെയുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ ഷെഡ്യൂളിൽ ഉണ്ടാകും. ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകളും അബുദാബി, ദമ്മാം, കുവൈറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ രാജ്യാന്തര സർവീസുകളും തുടങ്ങും.
വേനൽക്കാലത്ത് രാജ്യാന്തര സർവീസുകളുടെ എടിഎമ്മുകൾ നിലവിലുള്ള 268 പ്രതിവാര എടിഎമ്മിൽ നിന്ന് 324 ആയി വർധിക്കും (21 ശതമാനം വർധന). ഏപ്രിൽ മുതൽ ഹനിമാധൂ സർവീസുകൾ ആരംഭിക്കും.
രാജ്യാന്തര പ്രതിവാര എടിഎമ്മുകൾ: തിരുവനന്തപുരം - അബുദാബി - 96, ഷാർജ - 56, മസ്‌കറ്റ് - 28, ദുബായ് - 28, ദോഹ - 22, ബഹ്‌റൈൻ - 18, കോലാലംപൂർ - 16, ദമ്മാം - 14, സിംഗപ്പൂർ - 14, കൊളംബോ - 10, കുവൈത്ത് - 10, മാലെ - 8, ഹനിമാധൂ - 4.
വേനൽക്കാലത്ത് ആഭ്യന്തര സർവീസുകളുടെ എടിഎമ്മുകൾ 344 പ്രതിവാര എടിഎമ്മിൽ നിന്ന് 14 ശതമാനം വർധിച്ച് 392 ആകും. ബെംഗളൂരുവിലേക്കുള്ള പ്രതിദിന സർവീസുകൾ 10 ആയി ഉയർത്തും.
ആഭ്യന്തര പ്രതിവാര എടിഎമ്മുകൾ: തിരുവനന്തപുരം - ബെംഗളൂരു - 140, ഡൽഹി - 70, മുംബൈ - 70, ഹൈദരാബാദ് - 56, ചെന്നൈ - 42, കൊച്ചി - 14.