ADVERTISEMENT

തിരുവനന്തപുരം ∙ സ്മാർട്ടാക്കാനായി പൊളിച്ച 12 റോഡുകളിൽ ഒരെണ്ണം കൂടി ഗതാഗതത്തിനായി തുറന്നു. സ്പെൻസർ ജംക്‌ഷൻ– ഗ്യാസ് ഹൗസ് റോഡാണ് (238 മീറ്റർ ) ഒരു ഘട്ടം ടാറിങ് നടത്തിയ ശേഷം ഇന്നലെ തുറന്നത്. രണ്ടാം ഘട്ട ടാറിങ്, നടപ്പാത നിർമാണം, ഹാൻഡ് റീൽ സ്ഥാപിക്കൽ, മാർക്കിങ് തുടങ്ങിയ പ്രവർത്തികൾ അവശേഷിക്കുന്നുണ്ട്. പദ്ധതിയിൽ ഉൾപ്പെട്ട റോസ് ഹൗസ് – പനവിള ജംക്‌ഷൻ റോഡ് (കലാഭവൻ മണി റോഡ്), മാനവീയം വീഥി എന്നിവ മാസങ്ങൾക്ക് മുൻപ് നവീകരണം പൂർത്തിയാക്കിയിരുന്നു.

‌വൈദ്യുതി, വെള്ളം തുടങ്ങിയ യൂട്ടിലിറ്റികൾ‌ക്കായി പ്രത്യേക ഡക്ടുകൾ, മികച്ച സുവിജ് ലൈൻ തുടങ്ങിയ സംവിധാനങ്ങളോടെയാണ് സ്പെൻസർ ജംക്‌ഷൻ– ഗ്യാസ് ഹൗസ് റോഡ് നിർമിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കെഎസ്ഇബിയുടെ ഫീഡർ പോയിന്റുകൾ സ്ഥാപിച്ചതിനെതിരെ പരാതിയുയർന്നാണ് ടാറിങ് വൈകാൻ കാരണം. സ്മാർട് സിറ്റി അധികൃതരുമായി ചർച്ച നടത്തി ഫീഡർ പോയിന്റുകൾ റോഡിന്റെ മറുവശത്തേക്ക് മാറ്റിയ ശേഷമാണ് ടാറിങ് നടത്തിയത്. 

നവീകരണം പുരോഗമിക്കുന്ന മറ്റു റോഡുകളിൽ ഡക്ടുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഏറെക്കുറെ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടുന്നതും സുവിജ് ലൈനുകളിലെ ചോർച്ചയും ചിലയിടങ്ങളിൽ നിർമാണ വേഗത്തെ ബാധിക്കുന്നുണ്ടെങ്കിലും ഈ മാസം അവസാനത്തോടെയും അടുത്ത മാസം ആദ്യവുമായി മിക്ക റോഡുകളും തുറക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.

12 റോഡുകൾ സ്മാർട് നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ 2019 ലാണ് ആരംഭിച്ചത്. ആദ്യ കരാറുകാരനെ മാറ്റിയ ശേഷം പണി മന്ദഗതിയിലായി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് ഓരോ റോഡും വ്യത്യസ്ഥ കരാറുകാരെ ഏൽപ്പിച്ചാണ് നിലവിൽ നിർമാണം നടത്തുന്നത്. സ്റ്റാച്യു– ജനറൽ ആശുപത്രി ജംക്‌ഷൻ റോഡ്, നോർക്ക– ഗാന്ധി ഭവൻ റോഡ് എന്നിവ ഈ മാസം 31 ന് മുൻപ് തുറക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com