ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഗോഡൗണുകളിലും റേഷൻ കടകളിലുമായി കെട്ടിക്കിടക്കുന്ന രണ്ടരക്കോടിയിലേറെ കിലോഗ്രാം (25,958 ടൺ) സാധാരണ റേഷനരി (നോൺ ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യാൻ 2 ദിവസം മാത്രം; പതിനാലായിരത്തോളം റേഷൻ വ്യാപാരികളും താലൂക്കുതല ഉദ്യോഗസ്ഥരും അങ്കലാപ്പിൽ. മാർച്ച് 31നു മുൻപ് വിതരണം ചെയ്യാനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് 5 ദിവസം മുൻപ് നിർദേശിച്ചത്. അരിയിൽ ഒന്നരക്കോടിയിലേറെ കിലോ വിവിധ റേഷൻ കടകളിലാണ്.

ബാക്കി സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള എൻഎഫ്എസ്എ ഗോഡൗണുകളിൽ നിന്നു കടകളിലേക്ക് എത്തുന്നതേയുള്ളു. നിശ്ചിത സമയങ്ങളിൽ ഗോഡൗണുകളിൽ നിന്നു കടകളിലേക്ക് അരി എത്തിക്കുന്നതിൽ വകുപ്പിന് ഉണ്ടായ വീഴ്ചയാണ് അരി കെട്ടിക്കിടക്കാൻ കാരണം. ഇന്നും ശനിയാഴ്ചയുമാണ് മാർച്ച് മാസത്തെ റേഷൻ വിതരണത്തിന് അവശേഷിക്കുന്നത് എന്നതിനാൽ വിതരണം പൂർത്തിയാക്കാനാവില്ല. സ്റ്റോക്ക് വിറ്റഴിച്ച കടകളിൽ വീണ്ടും അതേ അരി എത്തുന്നതും റേഷൻ വ്യാപാരികളെ സമ്മർദത്തിലാക്കിയിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് രാജ്യത്ത് ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 എന്നീ പോഷകങ്ങൾ ഉൾപ്പെടുത്തി സമ്പുഷ്ടീകരിച്ച അരി കേന്ദ്രം ഘട്ടം ഘട്ടമായി വിതരണം ചെയ്തു തുടങ്ങിയത്. പൂർണമായി സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിലേക്കു മാറാനായിരുന്നു കേന്ദ്ര നിർദേശം. ഒരു വർഷം സാവകാശമുണ്ടായിട്ടും സാധാരണ അരി വിതരണം ചെയ്തു തീർക്കാൻ കേരളത്തിന് കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com