മൂന്നു റോഡുകൾ ഇന്ന് തുറക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല; സ്റ്റാച്യു–ജനറൽ ആശുപത്രി റോഡ് തുറക്കും
Mail This Article
തിരുവനന്തപുരം ∙ സ്മാർട് റോഡ് നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മൂന്നു റോഡുകൾ ഇന്ന് തുറക്കുമെന്ന അധികൃതരുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. സ്റ്റാച്യു ജനറൽ ആശുപത്രി റോഡ്, ഫോറസ്റ്റ് ഓഫിസ് ബേക്കറി ജംക്‌ഷൻ (പൗണ്ട് റോഡ്), നോർക്ക ഗാന്ധിഭവൻ റോഡ് എന്നിവയാണ് തുറന്ന് നൽകുമെന്ന് അറിയിച്ചിരുന്നത്. ഇതിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായ സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് മാത്രമാണ് ഗതാഗതത്തിനായി ഇന്നു തുറന്ന് നൽകുന്നത്. ആദ്യഘട്ട ടാറിങ് പൂർത്തിയായ റോഡിൽ നടപ്പാത നിർമാണം മറ്റു അനുബന്ധ ജോലികളും ബാക്കിയാണ്. വാഹന യാത്ര അനുവദിച്ചതിന് ശേഷമാകും രണ്ടാംഘട്ട ടാറിങ് ഉൾപ്പെടെ നടത്തുക.
രാവിലെ പത്തോടെ ആവശ്യമായ പരിശോധനകൾ നടത്തിയതിന് ശേഷമാകും സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് തുറന്ന് നൽകുക. തലസ്ഥാനത്ത് ഗതാഗത യോഗ്യമാകുന്ന അഞ്ചാമത്തെ സ്മാർട്ട് റോഡാണിത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം റോഡ് തുറക്കുന്നത് ഈ ഭാഗത്തെ കച്ചവടക്കാർക്കും വ്യാപാരികൾക്കും ആശ്വാസമാകും. 444 മീറ്റർ നീളമുള്ള സ്റ്റാച്യു ജനറൽ ആശുപത്രി റോഡിന്റെ നിർമാണ ചെലവ് 4 കോടി രൂപയാണ്.