ശശി തരൂരിന് പിന്തുണയുമായി 132 എഴുത്തുകാരുടെ സംഗമം
Mail This Article
തിരുവനന്തപുരം∙ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു പിന്തുണയുമായി 132 എഴുത്തുകാരുടെ സർഗസംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ടു 3.30നു തിരുവനന്തപുരം വൈഎംസിഎ ഹാളിൽ സാഹിത്യകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നെഹ്റു സെന്ററാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണൊപ്പവും എഴുത്തുകാരൻ അഖിൽ പി.ധർമജനൊപ്പവും സംവാദ പരിപാടിയിൽ തരൂർ പങ്കെടുത്തു. തിരുവനന്തപുരം മുസ്‍ലിം അസോസിയേഷൻ സംഘടിപ്പിച്ച സംഗമത്തിലുമെത്തി. ലോ അക്കാദമിയിലെ വിദ്യാർഥികളുമായും സംവദിച്ചു. ടെക് ടോക്ക് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ടെക്നോപാർക്കിലെ യുവാക്കളും സ്ഥാനാർഥിയുമായി കൂടിക്കാഴ്ച നടത്തി.
നാമനിർദേശ പത്രിക സമർപ്പിച്ചശേഷം പന്ന്യൻ രവീന്ദ്രൻ ബാലരാമപുരത്തും നാലാഞ്ചിറയിലും പൊതുയോഗങ്ങളിൽ പങ്കെടുത്തു. പൊതുപര്യടനം ഇന്ന് ആരംഭിക്കും. രാവിലെ 7.30ന് അരുവിപ്പുറത്ത് സിപിഎം നേതാവ് എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് എട്ടരയ്ക്കു പള്ളിവേട്ടയിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കുളത്തൂർ, കോവളം പ്രദേശങ്ങളിൽ വോട്ടഭ്യർഥിച്ചു. കുളത്തൂരിൽ തൊഴിലുറപ്പു തൊഴിലാളികളുമായി സംവദിച്ചു. ചെങ്കൽ സായി പബ്ലിക് സ്കൂളിൽ വോട്ടർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചെങ്കൽ ഏരിയ കമ്മിറ്റിയുടെ എൻഡിഎ തിരഞ്ഞെടുപ്പ് ഓഫിസിന്റെ ഉദ്ഘാടനവും നിർവഹിച്ചു.