ADVERTISEMENT

നെയ്യാറ്റിൻകര ∙ കടൽക്കലി അടങ്ങിയെങ്കിലും കെട്ടിക്കിടക്കുന്ന ജലവും മാലിന്യവും തീരദേശത്തിന് ഭീഷണിയാകുന്നു. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള പ്രദേശത്ത് ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണമെന്ന് ജനം. അപൂർവമായി സംഭവിക്കുന്ന ‘കടൽ കള്ളൻ’ എന്ന പ്രതിഭാസത്തെ തുടർന്നാണ് തീരദേശ മേഖലയിൽ കടലേറ്റമുണ്ടായത്. കടൽ ശാന്തമായതോടെ മണ്ണുമാന്തി ഉപയോഗിച്ച് വെള്ളം കടലിലേക്ക് തിരികെ ഒഴുക്കിയെങ്കിലും പലയിടത്തും ഇപ്പോഴും വെള്ളം കെട്ടി നിൽക്കുകയാണ്. പലയിടത്തും ദുർഗന്ധം വമിച്ചു തുടങ്ങി. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് തീരം. ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റിയതായി കരുതിയിരുന്ന ‘കോളറ’ വർഷങ്ങൾക്കു മുൻപ് റിപ്പോർട്ട് ചെയ്ത പ്രദേശമാണ് കരുംകുളം. കോവിഡ് കാലത്ത് സമൂഹ വ്യാപനം സ്ഥിരീകരിച്ച പ്രദേശവും ഇവിടെ (കരുംകുളം പഞ്ചായത്ത്) ആയിരുന്നു. 

ഈ പഞ്ചായത്തിലെ കല്ലുമുക്ക്, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, കൊച്ചുപള്ളി, അടിമലത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. ജന സാന്ദ്രത വളരെ കൂടുതലുള്ള ഇവിടെ പകർച്ചവ്യാധികൾ പടർന്നു പിടിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും ജനത്തിന് ആശങ്കയുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പു കൂടി ഉണർന്നു പ്രവർത്തിച്ചാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകാതെ മുന്നോട്ടു പോകാമെന്നാണ് ജനം വിശ്വസിക്കുന്നത്.

കടലേറ്റത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ 35 കുടുംബങ്ങളിൽ നിന്നായി 55 പേരെ 2 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യുപി സ്കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തേട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലും ആണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. 16 കുടുംബങ്ങളിൽ നിന്നായി 11 പുരുഷന്മാരും 13 സ്ത്രീകളും ഒരു കുട്ടിയുമടക്കം 25 പേരാണ് പൊഴിയൂർ സ്കൂൾ താമസിക്കുന്നത്. പുല്ലുവിള സ്കൂളിൽ 19 കുടുംബങ്ങളിൽ നിന്നായി 30 പേരാണുള്ളത്. ഇതിൽ പത്ത് പുരുഷന്മാരും 17 സ്ത്രീകളും 3 കുട്ടികളുമുണ്ട്. 

അപ്രതീക്ഷിതമായുണ്ടായ വേലിയേറ്റത്തിൽ നാശ നഷ്ടങ്ങൾ സംഭവിച്ച തീരദേശവാസികൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എം.വിൻസെന്റ് എംഎൽഎ റവന്യു മന്ത്രിക്ക് കത്ത് നൽകി. കടൽ വെള്ളം കയറിയതു മൂലം ഒട്ടേറെ വീടുകളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന യാനങ്ങൾക്കും മറ്റും നശിച്ചു. ഇവ തിട്ടപ്പെടുത്തണമെന്നും എംഎൽഎ നൽകിയ കത്തിൽ പറയുന്നു. തീരദേശത്ത് അടിഞ്ഞു കൂടിയ മാലിന്യം നീക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com