ADVERTISEMENT

കടലാസ് പോയി യന്ത്രം വഴിയായി വോട്ടെടുപ്പ്. വാൾ പോസ്റ്ററുകൾ മാറി ഡിജിറ്റൽ പോസ്റ്ററുകളായി. സ്ഥാനാർഥികളുടെ രൂപവും ഭാവവും മാറി. തിരഞ്ഞെടുപ്പും അടിമുടി മാറി. എന്നിട്ടും മാറാതെ നിൽക്കുന്നു തിരഞ്ഞെടുപ്പിൽ കേട്ടു ശീലമായ ചില വാക്കുകൾ. കളരിയും ഗോദയും നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്നുതന്നെ ഇല്ലാതായിട്ടു പതിറ്റാണ്ടുകളായെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നും ഉപയോഗിക്കുന്ന വാക്കുകൾ ഗുസ്തിയും അങ്കക്കളരിയും അടിസ്ഥാനമാക്കിയുള്ളതുതന്നെ. 

തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ എല്ലാവരും പറയും: തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയെന്ന്. എന്താണീ കാഹളമെന്നു പുതുതലമുറ വോട്ടർമാർ അമ്പരന്നേക്കും. യുദ്ധം പോലുള്ള വൻകാര്യങ്ങൾ തുടങ്ങാനുള്ള അനൗൺസ്മെന്റാണിത്. കാഹളം മുഴക്കിയാൽ പിന്നെന്തുവേണം? കച്ചമുറുക്കുകതന്നെ. കച്ചമുറുക്കിയാലും അഴിച്ചാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അതൊരു പ്രശ്നമേയല്ല. എങ്കിലും സ്ഥാനാർഥികളെക്കൊണ്ടു കച്ച മുറുക്കിച്ചാലേ എഴുത്തിലും അനൗൺസ്മെന്റിലും ഒരു സുഖമുള്ളു. സംഗതി ഇത്രയുമേയുള്ളു. അങ്കത്തിനു മുൻപു ചേകവർ മുണ്ടു മുറുക്കിയുടുത്തെന്ന് ഉറപ്പിക്കണം. അങ്കത്തിനിടയിൽ തുണി അഴിഞ്ഞു പോകരുതല്ലോ! കച്ച മുറുക്കും മുൻപുതന്നെ അങ്കം കുറിക്കണം. പോരാട്ടത്തിന് ഒരു തീയതി നിശ്ചയിക്കണമെന്നേ അർഥമുള്ളു. ആ ജോലി തിരഞ്ഞെടുപ്പു കമ്മിഷൻ ചെയ്തിട്ടുണ്ടെങ്കിലും സ്ഥാനാർഥികൾ ഫീൽഡ് ചെയ്യുന്നതിനെ അങ്കം കുറിക്കലായി വാഴ്ത്തുന്നു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഇടവേളകളിലൊക്കെ കേൾക്കുന്ന വാക്കാണു തിരഞ്ഞെടുപ്പു ഗോദ, അങ്കത്തട്ട് എന്നൊക്കെ. തിരഞ്ഞെടുപ്പ് സീൻ എന്നു മാത്രം കരുതിയാൽ മതി. ചിലപ്പോഴതു പോർക്കളം എന്നും വിശേഷിപ്പിക്കപ്പെടും. ചില വാക്കുകൾ മൂലം മുറിവേറ്റാൽ വാക്കിന്റെ വാൾത്തലയേറ്റെന്നു പറയും. മത്സരത്തിന് ഇത്തിരി കൊഴുപ്പും ആൾക്കൂട്ടവും തിരക്കുമൊക്കെയുണ്ടെങ്കിൽ വെറും തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പു മാമാങ്കം ആകാൻ വേറെന്തു വേണം. 

പ്രചാരണത്തിനിടയിൽ ഇടയ്ക്കിടയ്ക്കു വരുന്ന വാക്കാണപ തിരഞ്ഞെടുപ്പു പോര്. മത്സരം അതീവ സൗഹാർദത്തോടെയാണെങ്കിലും ‘പോര് കടുക്കാതിരി’ക്കില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞ് വിജയ പ്രഖ്യാപനം വന്നാലും ഗോദയിൽ നിന്നു വിട്ടുപോകാത്ത ചില വാക്കുകളുണ്ട്. മലർത്തിയടിക്കുക, നിലംപരിശാക്കുക, തറപറ്റിക്കുക എന്നിങ്ങനെ. മൂന്നും ഗുസ്തി വേദിയിൽ എതിരാളിയുടെ സമ്പൂർണ പരാജയം ഉറപ്പാക്കുന്ന പദങ്ങളാണ്.

കളരിയും ഗുസ്തിയും നാടൻ കായിക വിനോദങ്ങളായിരുന്ന കാലത്ത് പോർവിളിയും അങ്കം വെട്ടും വടക്കൻ പാട്ടുകളിലൂടെ മനസ്സിൽ മായാതെ നിന്ന തലമുറയുടെ നാവിൻ തുമ്പിൽ വന്ന വാക്കുകളായിരിക്കാം ഇത്. പക്ഷേ, ഗുസ്തിയും കളരിയും നേർക്കുനേരുള്ള പോരാണ്. ഇൗ വാക്കുകൾ തിരഞ്ഞെടുപ്പ് അരങ്ങിൽ വന്ന കാലത്തെ മത്സരവും മിക്കവാറും േനരിട്ടുള്ള പോരാട്ടമായിരുന്നു. ഇപ്പോഴങ്ങനെയല്ല, മൂന്നു മുന്നണികൾ ഏറ്റുമുട്ടുമ്പോൾ ഗോദയും കളരിയും എത്രകാലം ഇനി തിരഞ്ഞെടുപ്പ് അരങ്ങിലുണ്ടാവും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com