പ്രധാനമന്ത്രിയുടെ പ്രചാരണം: കൂറ്റൻ പന്തലിന്റെ ജോലികൾ പുരോഗമിക്കുന്നു; സുരക്ഷാ പരിശോധന കർശനം

Mail This Article
കാട്ടാക്കട ∙ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാന മന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിൽ എത്തുന്നതിനു മുന്നോടിയായി സുരക്ഷ പരിശോധനകൾ ശക്തമാക്കി. റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പ്രധാന മന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്പിജി ഉദ്യോഗസ്ഥരും പൊതു യോഗ സ്ഥലമായ കോളജ് മൈതാനിയിലെത്തി പരിശോധന നടത്തി. പൊതു സമ്മേളനത്തിനുള്ള കൂറ്റൻ പന്തലിന്റെ ജോലികളും പുരോഗമിക്കുന്നു.
പങ്കജ കസ്തൂരി കോളജ് അങ്കണത്തിൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കമാനങ്ങൾ 24 മണിക്കൂറിനകം മാറ്റാൻ കാട്ടാൽ മുടിപ്പുര ഭാരവാഹികൾക്ക് നോട്ടിസ് നൽകി. കമാനങ്ങൾ മാറ്റുന്നതിലെ ബുദ്ധിമുട്ട് മുടിപ്പുര ഭാരവാഹികൾ സംഘാടകരുമായി പങ്കുവച്ചിരുന്നു. കോളജ് മൈതാനത്തിനു മുന്നിൽ റോഡ് വക്കിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തട്ടുകൾ നീക്കം ചെയ്യാനും സുരക്ഷ ഉദ്യോഗസ്ഥർ നിർദേശിച്ചു.