ADVERTISEMENT

തിരുവനന്തപുരം: പോളിങ് താഴ്ന്നു കൂട്ടിക്കിഴിക്കലുമായി..
തിരുവനന്തപുരം∙ ശക്തമായ ത്രികോണ മത്സരം പ്രവചിച്ച തിരുവനന്തപുരത്ത് പോളിങ് ശതമാനം കുറ​ഞ്ഞത് ആരെ സഹായിക്കുമെന്ന സംശയത്തിൽ മുന്നണികൾ. ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ട തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞതിനാൽ അടിയൊഴുക്കിന്റെ ദിശ നിർണയിക്കുക ദുഷ്കരമാണ്. എല്ലാ നിയോജകമണ്ഡലങ്ങളും പോളിങ്ങിൽ പിന്നിലായെങ്കിലും നഗരമണ്ഡലങ്ങളായ തിരുവനന്തപുരവും വട്ടിയൂർക്കാവുമാണു 2019ലേതുപോലെ ഏറ്റവും പിന്നിൽ പോയത്. ജില്ലയിൽ ആകെയുള്ള 134 പ്രശ്നബാധിത ബൂത്തുകളിൽ 125 ബൂത്ത് തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. എവിടെയും കാര്യമായ അക്രമ സംഭവമുണ്ടായില്ല. സമാധാനപരമായി പോളിങ് നടന്നിട്ടും എന്തുകൊണ്ട് പോളിങ് കുറഞ്ഞുവെന്നതിന്റെ കാരണം കണ്ടെത്താൻ മുന്നണികൾക്കായിട്ടില്ല. 

പോളിങ് ശതമാനം കുറഞ്ഞാലും കേഡർ വോട്ടുകൾ തങ്ങളുടെ പാർട്ടിക്കാർ ചെയ്തിട്ടുണ്ടെന്ന് എൽഡിഎഫും എൻഡിഎയും അവകാശപ്പെടുന്നു. എന്നാൽ 2009ൽ ശശി തരൂർ ഒരു ലക്ഷത്തിനടുത്തു ഭൂരിപക്ഷം നേടിയപ്പോഴും മണ്ഡലത്തിലെ പോളിങ് കുറവായിരുന്നു എന്നതാണു യുഡിഎഫിന്റെ ആത്മവിശ്വാസം. 3 മുന്നണികളും കാടിളക്കി പ്രചാരണം നടത്തിയിട്ടും താഴേത്തട്ടിലെ വോട്ടർമാരിലേക്കെത്തിയോ എന്നു സംശയം ജനിപ്പിക്കുന്നതാണു പോളിങ് ശതമാനം. പ്രധാന മത്സരം ആരു തമ്മിൽ എന്ന സംവാദമാണു മണ്ഡലത്തിൽ ഏറ്റവുമൊടുവിൽ വിവാദമായത്. മത്സരം യുഡിഎഫും എൻഡിഎയും തമ്മിലെന്നു യുഡിഎഫും, എൽഡിഎഫും എൻഡിഎയും തമ്മിലെന്നു മറ്റു 2 മുന്നണികളും പ്രചരിപ്പിച്ചു. ഈ വിവാദമാണു പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ എല്ലാവരും ഏറ്റുപിടിച്ചത്. ബെംഗളൂരുവിൽ വോട്ടുള്ള എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാത്തത് എൽഡിഎഫും യുഡിഎഫും വിമർശിച്ചതാണു പോളിങ് ദിനത്തെ ചൂടുപിടിപ്പിച്ചത്.

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിൻകര, നേമം എന്നിവയാണു നിയോജകമണ്ഡലങ്ങൾ. ഇവയിൽ നേമം ഒഴികെ എല്ലായിടത്തും ഭൂരിപക്ഷം നേടിയാണു തരൂർ കഴിഞ്ഞതവണ വിജയിച്ചത്. നേമത്ത് എൻഡിഎയായിരുന്നു മുന്നിൽ. എന്നാൽ നേമത്ത് ഇത്തവണ പോളിങ്ങിൽ 6 ശതമാനത്തോളം കുറവുണ്ടായി. യുഡിഎഫിന് എംഎൽഎയുള്ള ഏക നിയോജകമണ്ഡലമായ കോവളത്തും ഏതാണ്ട് അത്ര തന്നെ പോളിങ് കുറഞ്ഞു.  പോളിങ് കുറ‍ഞ്ഞെങ്കിലും 3 മുന്നണികളും വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. യുഡിഎഫ് 41.19 ശതമാനവും എൻഡിഎ 31.3 ശതമാനവും എൽഡിഎഫ് 25.6 ശതമാനവും വോട്ടാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത്. ഒന്നാമതെത്താൻ മാത്രമല്ല, മൂന്നാമതാകാതിരിക്കാനും വോട്ട് വിഹിതം ഉയർത്താനും കൂടിയാണു തിരുവനന്തപുരത്തെ മത്സരം.

66.43 ഇന്നലെ 8.30ന് ഒടുവിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട പോളിങ്  ശതമാനം. 66.43 (73.66) ബ്രാക്കറ്റിലുള്ളത് 2019ലെ കണക്ക്.

കഴക്കൂട്ടം – 65.12 (73.20)
വട്ടിയൂർക്കാവ് – 62.87 (69.33)
തിരുവനന്തപുരം – 59.70 (67.40 )
നേമം – 66.05 (73.32)
പാറശാല – 70.60 (76.90)
കോവളം – 69.81 (76)
നെയ്യാറ്റിൻകര – 70.72 (77.26 )

(ഇന്നലെ 9.30 വരെ പോളിങ് നടന്നതിനാൽ ഇന്ന് ഈ കണക്കുകൾ കമ്മിഷൻ പരിഷ്കരിച്ചേക്കാം)

ആറ്റിങ്ങൽ  പോളിങ് കുറഞ്ഞു പ്രതീക്ഷ കൈവിടാതെ 
തിരുവനന്തപുരം∙ ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ 4 ശതമാനത്തോളം വോട്ട് കുറഞ്ഞത് ഫലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന കൂട്ടിക്കിഴിക്കലിലാണ് മുന്നണികൾ. പ്രാഥമിക വിലയിരുത്തലിൽ വിജയം ഉറപ്പായെന്ന് യുഡിഎഫ് ക്യാംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ കടുത്ത മത്സരമായിരുന്നെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എൻഡിഎ ക്യാംപ് വോട്ടെടുപ്പിന് ശേഷം അമിതമായ അവകാശവാദങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെങ്കിലും അത്ഭുതകമായ മുന്നേറ്റം നടത്തുമെന്നാണ് അവരുടേയും കണക്ക്. കഴിഞ്ഞ തവണ 74.23% വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ ബൂത്തുകളിൽ വീണ വോട്ട് 70% എത്തിയിട്ടില്ലെന്നാണ് പ്രാഥമിക കണക്ക്.

അന്തിമ കണക്കും വീട്ടിലെ വോട്ടും കൂടി ചേരുമ്പോൾ 71–72% വരെ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.അപ്പോഴും കഴിഞ്ഞ തവണത്തെക്കാൾ 3 ശതമാനത്തോളം വോട്ട് കുറവാണ്.  5 വർഷം കൊണ്ട് അടൂർ പ്രകാശ് മണ്ഡലത്തിൽ വളർത്തിയെടുത്ത അടിത്തറയ്ക്കൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള മേഖലകളിലെല്ലാം ശക്തമായ പോളിങ് നടന്നതു കൂടുതൽ അനുകൂലമായെന്ന കണക്കാണ് യുഡിഎഫ് ക്യാംപിന്റേത്. പ്രധാനമന്ത്രി മുസ്‌ലിം സമുദായത്തെ പരാമർശിച്ച് കോൺഗ്രസിനെതിരെ നടത്തിയ വിവാദ പരാമർശം കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായ ന്യൂനപക്ഷ ഏകീകരണത്തിന് സഹായിച്ചെന്നും അവർ പറയുന്നു. സർക്കാർ വിരുദ്ധ വികാരം വലിയ അനുകൂല ഘടകമായും അവർ കണക്കാക്കുന്നു. അതേസമയം ന്യൂനപക്ഷ വോട്ടുകൾ തങ്ങളുടെ പക്ഷത്തേക്കു ഗണ്യമായി എത്തിയെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. 

മണ്ഡലത്തിലെ തന്നെ താമസക്കാരനും എംഎൽഎയുമായ വി.ജോയിയുടെ സ്വീകാര്യതയ്ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പൗരത്വ നിയമനത്തിനെതിരെ ഉയർത്തിയ പ്രതിഷേധം ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കിയെന്ന് അവർ പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച വലിയ പിന്തുണയാണ് അവരുടെ ആത്മവിശ്വാസത്തിന്റെ അടിത്തറയെങ്കിലും ക്ഷേമ പെൻഷൻ മുടങ്ങിയതും വിലക്കയറ്റവും അടക്കമുളള കാര്യങ്ങളിൽ സർക്കാരിനെതിരായ വികാരം തിരിച്ചടിയാവുമെന്ന ആശങ്ക ഇടതു ക്യാംപിലുണ്ട്.  ഒരേ സമുദായത്തിൽ നിന്നുള്ളവരാണ് 3 മുന്നണി സ്ഥാനാർഥികളെങ്കിലും ഭൂരിപക്ഷ സമുദായ വോട്ടുകളിൽ ഏറെയും തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കാണ് വി.മുരളീധരനും കൂട്ടർക്കുമുള്ളത്. ജയിച്ചാൽ വീണ്ടും കേന്ദ്രമന്ത്രി എന്ന നിലയിലുള്ള പ്രചാരണം വലിയ സ്വാധീനം ചെലുത്തിയതായും അവർ കണക്കാക്കുന്നു. 

69.40 ഇന്നലെ 8.30ന് ഒടുവിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട പോളിങ് ശതമാനം. 69.40 (74.23) ബ്രാക്കറ്റിലുള്ളത് 2019ലെ കണക്ക്.

വർക്കല – 68.42 (70.29)
ആറ്റിങ്ങൽ – 69.88 (74.57)
ചിറയിൻകീഴ് – 68.10 (73.78)
നെടുമങ്ങാട് – 70.35 (75.53)
വാമനപുരം – 69.11 (73.58)
അരുവിക്കര – 70.31 (76.13)
കാട്ടാക്കട – 69.53 (75.58)

(ഇന്നലെ 9.30 വരെ പോളിങ് നടന്നതിനാൽ ഇന്ന് ഈ കണക്കുകൾ കമ്മിഷൻ പരിഷ്കരിച്ചേക്കാം)

English Summary:

Thiruvananthapuram's Low Turnout Leaves Political Fronts Guessing: Triangular Contest Hangs in the Balance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com