‘അപകട വണ്ടി’ പൊലീസിന്റെ കണ്ണിൽപ്പെടാതെ ഒളിപ്പിച്ചത് ഒന്നരമാസം; പുറത്തെടുത്ത ദിവസം തന്നെ പിടിയിൽ

അപകടത്തിൽ തകർന്ന സ്കൂട്ടർ.
SHARE

ഒല്ലൂർ ∙ അപകടമുണ്ടാക്കിയ കാർ പൊലീസിന്റെ കണ്ണിൽപ്പെടാതെ ഒന്നരമാസം ഒളിപ്പിച്ചുവച്ച ശേഷം ആദ്യമായി പുറത്തിറക്കിയ ദിവസം തന്നെ പിടിയിലായി! വടൂക്കര സ്വദേശി നിതീഷിനെയാണ് കാർ സഹിതം കഴിഞ്ഞദിവസം ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിപ്പിച്ചുവച്ച കാർ ജനുവരി 21നാണ് പിന്നീട് പുറത്തെടുക്കുന്നത്.

അപകടത്തിനിടയാക്കിയ കാർ.

ഒല്ലൂർ സ്റ്റേഷനിലെ  സിപിഒ സി.പി. റിൻസൺ പുല്ലഴിയെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ  നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ വർക്‌ഷോപ്പിലേക്കു  ഈ കാർ പോകുന്നത് ശ്രദ്ധിച്ചാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.   

കഴിഞ്ഞ ഡിസംബർ ആറിനായിരുന്ന കേസിന് ആസ്പദമായ അപകടം. അടൂർ സ്വദേശിയായ സന്ദീപ് (32) സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടി ഇദ്ദേഹത്തിന്റെ താടിയെല്ലിനു ഗുരുതര പരുക്കേറ്റു. രക്തംവാർന്നു റോഡിൽ കിടന്ന സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കാതെ കാറിലുള്ളവർ പാഞ്ഞു. നാട്ടുകാരാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

ചികിത്സയ്ക്കു മാത്രം 3 ലക്ഷം രൂപ ചെലവായി. ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും ജോലിക്കു പോകാനാകാതെ സന്ദീപ് വിശ്രമത്തിലാണ്. അപകടത്തിൽ ഭാഗികമായി തകർന്ന കാർ കണ്ടെത്താൻ ഒല്ലൂർ പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കെഎൽ 58 എന്നു തുടങ്ങുന്ന നമ്പറിലുള്ള പച്ച നിറത്തിലുള്ള കാർ ആണെന്നല്ലാതെ മറ്റു സൂചനകളൊന്നും ലഭിച്ചില്ല. 

ഇതോടെ ഒല്ലൂർ, മണ്ണുത്തി മേഖലയിലെ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു പൊലീസ് പരിശോധന തുടങ്ങി. പുറത്തു കാണാത്ത വിധം വീട്ടുപരിസരത്തു തന്നെയാണ് നിതീഷ് കാർ ഒളിപ്പിച്ചിരുന്നത്. അന്വേഷണം നിലച്ചെന്ന തോന്നലിലാണ്  ഇപ്പോൾ കാർ പുറത്തെടുത്തത്.

ഒല്ലൂർ മേഖലയിൽ നിന്നു മാറി പുല്ലഴിയിൽ കാർ നന്നാക്കാൻ എത്തിച്ചതും പൊലീസിന്റെ കണ്ണിൽപ്പെടില്ലെന്ന തോന്നലിലാണ്.  ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ എസ്ഐ കെ.കെ. ജോർജ്, സിപിഒ കെ.സി. അജിത് കുമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.