ADVERTISEMENT

വടക്കാഞ്ചേരി ∙ കുണ്ടന്നൂർ പാടത്ത് വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനം അക്ഷരാർഥത്തിൽ നാടിനെ നടുക്കി. 5 കിലോമീറ്റർ ചുറ്റളവിൽ അത്താണി, വടക്കാഞ്ചേരി, ഓട്ടുപാറ എന്നിവിടങ്ങളിൽ വരെ സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകളിലെ ജനൽ വാതിലുകളും അടുക്കളയിലെ പാത്രങ്ങളും ഇളകി വിറച്ചു. വ്യാപാര സ്ഥാപനങ്ങളിലെ വാതിലുകൾക്കു കേടുപാടുകൾ സംഭവിച്ചു. ഭൂചലനമാണെന്നു ഭയന്ന് പലരും വീടുകളിൽനിന്ന് പുറത്തേക്ക് ഇറങ്ങിയോടി. കുണ്ടന്നൂർ കല്ലിങ്കൽ പുഴയോരത്തെ വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനമാണെന്നു പിന്നീടാണു പലർക്കും ബോധ്യമായത്.

കുണ്ടന്നൂരിൽ വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചതറിഞ്ഞ് എത്തിയ ജനം.	 ചിത്രം: മനോരമ
കുണ്ടന്നൂരിൽ വെടിക്കെട്ടുപുരയ്ക്ക് തീ പിടിച്ചതറിഞ്ഞ് എത്തിയ ജനം. ചിത്രം: മനോരമ

കുണ്ടന്നൂർ, കാഞ്ഞിരക്കോട് മേഖലയിൽ സ്ഫോടനത്തിന്റെ തീവ്രതയിൽ ഒട്ടേറെ കെട്ടിടങ്ങൾക്കു വിള്ളൽ സംഭവിച്ചു. ജനൽച്ചില്ലുകൾ പൊട്ടി. കുണ്ടന്നൂരിൽ സ്ഫോടനത്തിൽ നടുങ്ങി തലകറങ്ങി വീണ ഇവാനിയ എന്ന 6 വയസുകാരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടന്ന ഉടൻ വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്ന പാടത്തേക്ക് ഓടിക്കൂടിയ നാട്ടുകാർക്ക് സ്ഫോടനസ്ഥലത്തു നിന്നു പുക ഉയരുന്നതു മാത്രമാണു കാണാൻ സാധിച്ചത്. മുകളിൽ ടാർപോളിൻ കൊണ്ടു മറച്ച വെടിക്കെട്ടുപുര പൂർണമായും അപ്രത്യക്ഷമായിരുന്നു.

കുണ്ടന്നൂരിൽ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ് തകർന്നപ്പോൾ.
കുണ്ടന്നൂരിൽ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ് തകർന്നപ്പോൾ.

ചുറ്റുമുള്ള തെങ്ങുകളും മരങ്ങളും കത്തിക്കരിഞ്ഞ നിലയിലും. അതിസാഹസികമായാണു നാട്ടുകാരിൽ ചിലർ അവിടേക്കു പ്രവേശിച്ച് രക്ഷാപ്രവർത്തനം തുടങ്ങിയത്. കാവശേരി സ്വദേശി മണികണ്ഠനെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ട നാട്ടുകാർ അദ്ദേഹത്തെ കോരിയെടുത്ത് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. മുട്ടിക്കൽ എത്തിയപ്പോൾ എരുമപ്പെട്ടി ആക്ട്സിന്റെ വൊളന്റിയർമാർ കാറിൽ നിന്നിറക്കി ആക്ട്സിന്റെ ആംബുലൻസിൽ കിടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കുതിച്ചു. വെടിക്കെട്ടു സാമഗ്രികൾ തയാറാക്കിയിരുന്ന ഷെഡിൽ 4 തൊഴിലാളികളാണ്ടായിരുന്നതെന്നത് ആദ്യം ആശങ്ക പരത്തി.

Also read: എന്താണ് അമിട്ടിലെ ഗുളിക? അപകടസ്ഥലത്ത് കാർബൺ, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ

എന്നാൽ മണികണ്ഠൻ ഒഴികെയുള്ള 3 പേരും പുഴയിൽ കുളിക്കാൻ പോയ സമയത്താണു സ്ഫോടനം നടന്നതെന്നു ബോധ്യമായതോടെയാണു നാട്ടുകാർക്ക് ആശ്വാസമായത്. അധികം വൈകാതെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി സ്ഫോടനം നടന്ന സ്ഥലത്തേക്കു വെള്ളം ചീറ്റിച്ച് തിരച്ചിൽ നടത്തി. വെടിക്കെട്ട് സാമഗ്രികൾ തയാറാക്കിയിരുന്ന സ്ഥലത്ത് സ്ഫോടനത്തിന്റെ ആഘാതത്തിൽ വൻ കുഴി രൂപപ്പെട്ടിരുന്നു. ഭൂചലനമല്ല വെടിക്കെട്ടു പുരയിൽ ഉണ്ടായ സ്ഫോടനമാണെന്ന് അറിഞ്ഞതോടെ കുണ്ടന്നൂർ പ്രദേശത്തുള്ളവർ മാത്രമല്ല കിലോമീറ്റുകൾ അപ്പുറത്തു നിന്നുള്ളവർവരെ ഇവിടേക്ക് കുതിച്ചെത്തി.

എ.സി.മൊയ്തീൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.എൻ.സുരേന്ദ്രൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാൽ, വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും എഡിഎം റെജി പി.ജോസഫ്, തലപ്പിള്ളി തഹസിൽദാർ പി.ജി.നാരായണൻകുട്ടി, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അരുൺ ഭാസ്കർ, കുന്നംകുളം അസി. പൊലീസ് കമ്മീഷണർ ടി.എസ്.സിനോജ്, വടക്കാഞ്ചേരി പൊലീസ് ഇൻസ്പക്ടർ കെ.മാധവൻകുട്ടി, ഫയർ ആൻഡ് റെസ്ക്യൂ വടക്കാഞ്ചേരി സ്റ്റേഷൻ ഓഫിസർ ടി.കെ.നിധീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

കുളിക്കാൻ പോയത് രക്ഷയായി, തീ തൊടാതെ 3 ജീവനുകൾ

തൃശൂർ ∙ അമിട്ടിൽ നിറയ്ക്കാനുള്ള ഗുളികകളുടെ പണിതീർന്നപ്പോൾ കുളിക്കാൻ പോകാമെന്നു തീരുമാനിച്ച നിമിഷമാണ് കണ്ണന്റെയും മുരുകന്റെയും ഈശ്വറിന്റെയും തലവര മാറിയത്. ഇവർ പുഴയിലെത്തിയതിനു പിന്നാലെ കേട്ടത് ഉഗ്രമായ സ്ഫോടന ശബ്ദം. ആദ്യത്തെ നടുക്കം മാറുന്നതിനു മുൻപേ രണ്ടാമത്തെ പൊട്ടിത്തെറി കേട്ടു. ഓടി ഷെഡ്ഡിനു സമീപമെത്തുമ്പോൾ കണ്ടത് വൻ തീയും പുകയും. പരിസരത്തെ എട്ടോളം തെങ്ങുകൾ നിന്നുകത്തുന്നു. അൽപംമുൻപു വരെ ജോലിചെയ്ത ഷെഡ്ഡും പരിസരവും അപ്രത്യക്ഷമായിരിക്കുന്നു.

സമീപത്തെ തെങ്ങുകൾ ആഘാതത്തിൽ ഒടിഞ്ഞുചിതറിത്തെറിച്ചിരുന്നു. വസ്ത്രങ്ങൾ കരിഞ്ഞനിലയിൽ പൊള്ളലേറ്റു കിടന്ന മണികണ്ഠനെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. വെടിക്കെട്ടുപുരയ്ക്കു മുന്നിൽ പാടത്തിന്റെ മറുകരയിലാണു വെടിക്കെട്ട് ലൈസൻസി പുഴയ്ക്കൽ സുന്ദരാക്ഷന്റെ വീട്. ഇയാളുടേതടക്കം പ്രദേശത്തെ ഒട്ടേറെ വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. കുണ്ടന്നൂർ കർമലമാത പള്ളി, സെന്റ് ജോസഫ്സ് യുപി സ്കൂൾ, കോൺവന്റ് എന്നിവയുടെ കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.

ഒട്ടേറെ കെട്ടിടങ്ങളുടെ ചുമരിൽ വിള്ളലുണ്ട്. പൊട്ടിത്തെറിയുണ്ടായ ഷെഡ്ഡിന്റെ മേൽക്കൂര ടാർപായ കൊണ്ടു നിർമിച്ചതാണെങ്കിലും ഭിത്തി സിമന്റുകട്ടകൾ പാകിയതാണ്. ഇതിലെ കട്ടകൾ ഒരു കിലോമീറ്ററോളം അകലേക്കു തെറിച്ചതായി സൂചനയുണ്ട്. കട്ടകൾ വീണ് സമീപത്തെ 15 വീടുകൾക്കെങ്കിലും കേടുപാടു സംഭവിച്ചു. സ്ഫോടനസ്ഥലത്തിനു സമീപത്തെ പറമ്പിൽ ഏകദേശം 100 മീറ്ററകലെ അടച്ചുറപ്പുള്ള വലിയ വെടിക്കെട്ടുപുരയുണ്ടായിരുന്നു. ഇതിന്റെ മേൽക്കൂര ചിതറിത്തെറിച്ചു.

കെട്ടിടത്തിനുള്ളിൽ അമിട്ട് നിറയ്ക്കാനുള്ള കുഴലുകൾ ഉൾപ്പെടെ വെടിക്കെട്ട് സാമഗ്രികൾ ഉണ്ടായിരുന്നെങ്കിലും മറ്റു ദുരന്തങ്ങളിലേക്കു നീങ്ങിയില്ല. അപകടം നടന്ന പാടത്തുകൂടെ 210 കെവി ഹൈ ടെൻഷൻ വൈദ്യുത ലൈൻ കടന്നു പോകുന്നുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊഴിവായി. അപകടസ്ഥലത്തിനു ചുറ്റ‍ുമുള്ള പ്രദേശത്ത് തൊട്ടടുത്തായി വീടുകളൊന്നും ഇല്ലാതിരുന്നതും രക്ഷയായി. 

കുണ്ടന്നൂരിൽ നാലാം തവണ 

എരുമപ്പെട്ടി∙ കുണ്ടന്നൂരിൽ വെടിക്കട്ടപകടമുണ്ടാകുന്നത്‍ ഇതാദ്യമായല്ല. ആളുകളുടെ ജീവൻ നഷ്ടപ്പട്ടതടക്കം നാലാം തവണയാണ് കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്നത്. കുണ്ടന്നൂരിലെ പന്തലങ്ങാട്ട്, പുഴയ്ക്കൽ കുടുംബങ്ങളിലെ സഹോദരൻമാരാണ്  വെടിക്കെട്ട് സാമഗ്രികളുടെ നിർമാണത്തിനു പേരുകേട്ടവർ. തൃശൂർ  പൂരത്തിനടക്കം ജില്ലയ്ക്കകത്തും പുറത്തുമായി ഒട്ടേറെ ക്ഷേത്രോത്സവങ്ങൾക്ക് ഇവരാണ് സ്ഥിരമായി വെടിക്കെട്ട് നടത്തുന്നത്.

പതിറ്റാണ്ടുകളായി ഇൗ കുടുംബങ്ങളിലെ സ്ത്രീകളടക്കമുള്ളവര്‍ വെടിക്കെട്ട് നിർമാണവുമായി പ്രവർത്തിക്കുന്നു. വെടിക്കെട്ട് നിർമാണത്തിൽ ഏറെ പ്രശസ്തനായിരുന്ന കുണ്ടന്നൂർ സുന്ദരൻ പന്തലങ്ങാട്ട് കുടുംബാംഗമായിരു ന്നു. 17വർഷം മുൻപ് തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമ്പിൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സുന്ദരൻ മരിച്ചു. 2004ലാണ് കുണ്ടന്നൂർ മുട്ടിക്കൽ മോസ്കോ റോഡിലെ ഒരു പറമ്പിൽ കുണ്ടന്നൂരിലെ ആദ്യ വെടിക്കെട്ട് അപകടമുണ്ടാകുന്നത്.

വെടിക്കെട്ടിനുപയോഗിക്കുന്ന രാസപദാർഥങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ ആ അപകടത്തിൽ പാലക്കാട് സ്വദേശിയായ ഒരു തൊഴിലാളി മരിക്കുകയും ലൈസൻസിയായിരുന്ന പുഴയ്ക്കൽ ജനാർദനന് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. 6 വർഷം മുൻപ് ഉത്സവത്തിന്റെ വെടിക്കെട്ട് നടത്തി ബാക്കിവന്ന പടക്കങ്ങളും വെടിക്കെട്ട് സാമഗ്രികളും കുണ്ടന്നൂർ പാടത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്നത് പുലർച്ചെ പൊട്ടിത്തെറിച്ചതാണ് രണ്ടാമത്തെ സംഭവം. പുലർച്ചെയായതിനാലും തൊഴിലാളികള‍ാരും ഇല്ലാതിരുന്നതും ദുരന്തം ഒഴിവാക്കി.

പുഴയ്ക്കൽ സുന്ദരാക്ഷന്റെയായിരുന്നു പൊട്ടിത്തെറിച്ച വെടിക്കെട്ട് സമാഗ്രികൾ. 5 വർഷം മുൻപ് വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ച് പുതിയ ഒരു കോൺക്രീറ്റ് വീടു തന്നെ തകർന്നു നിലംപൊത്തിയ സംഭവമാണ് മൂന്നാമത്തേത്. കുണ്ടന്നൂർ തെക്കേകരയിൽ പന്തലങ്ങാട്ട് ആനന്ദനെന്ന വെടിക്കെട്ട് പണിക്കാരന്റെ ഏറെക്കുറെ നിർമാണം പൂർത്തിയായ വീടാണ് അന്ന് തകർന്നത്. ഉത്സവത്തിന് കൊണ്ടുപോകനായി തയാറാക്കിയിരുന്ന കുറച്ച് വെടിക്കോപ്പുകൾ വീടിനുള്ളിൽ സൂക്ഷിച്ചത് പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ഇന്നലെ കുണ്ടന്നൂർ കല്ലിങ്ങൽ പുഴയോരത്ത് പുഴയ്ക്കൽ സുന്ദരാക്ഷൻ പാട്ടത്തിനെടുത്ത സ്ഥലത്ത് കള്ളിവളപ്പിൽ ശ്രീനിവാസന്റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന വെടിക്കെട്ട് നിർമാണശാലയിലാണ് അപകടമുണ്ടായത്. ആദ്യകാലത്ത് കുണ്ടന്നൂരിലും പരിസരപ്രദശങ്ങളിലു മുള്ളവരാണ് വെടിക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതെങ്കിലും പിന്നീട് പാലക്കാട് സ്വദേശികളും എത്തിത്തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com