വാണിജയറാം മാല അണിയിച്ച നിമിഷത്തിന്റെ ഓർമയിൽ മുരളി
Mail This Article
വാടാനപ്പള്ളി ∙ തന്റെ പുല്ലാങ്കുഴൽ വാദനം കേട്ട് ഗായിക വാണി ജയറാം മുത്തിൽ സ്വർണംകെട്ടിയ മാല കഴുത്തിലണിയച്ചിന്റെ ഓർമയിലാണ് തളിക്കുളം സ്വദേശി മുരളി നാരായണൻ . 2018ൽ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സംഭവം. നന്മ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഒഎൻവി അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു വാണി ജയറാം.
ഉദ്ഘാടത്തിന് മുൻപ് മുരളി നാരായണൻ ഒഎൻവി ഗാനങ്ങൾ കോർത്തിണക്കി ‘വേനൽമഴ’എന്ന പേരിൽ പുല്ലാങ്കുഴൽ ഫ്യൂഷൻ അവതരിപ്പിച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹം ഗാനമാലപിക്കുകയും ചെയ്തിരുന്നു. ഈ സമയം സദസ്സിലുണ്ടായിരുന്ന വാണി ജയറാം പരിപാടി കഴിഞ്ഞപ്പോൾ മുരളിനാരായണനെ വിളിച്ചു അനുമോദിച്ചു.ഹരിപ്രസാദ് ചൗരസ്യയുടെ പോലെയായിരുന്നു മുരളിയുടെ വാദനമെന്നും അതിൽ ലയിച്ചിരിക്കുകയായിരുന്നുവെന്നും വാണിജയറാം പറയുകയും തന്റെ കഴുത്തിലെ മാലയൂരി മുരളിയെ അണിയിക്കുകയുമായിരുന്നു.
പിന്നീട് കുറച്ചു നാൾ ആ സൗഹൃദം ഇവർ നിലനിർത്തിയിരുന്നു. 2019 ൽ തേക്കിൻകാട് മൈതാനിയിൽ മുരളി നാരായണൻ നടത്തിയ 108 മണിക്കൂർ ദൈർഘ്യമുള്ള പുല്ലാങ്കുഴൽ വാദനത്തിന് അവരെ ക്ഷണിച്ചെങ്കിലും വരാൻ കഴിയില്ലെന്നു അറിയിക്കുകയായിരുന്നു. 27 മണിക്കൂറിലേറെ പുല്ലാങ്കുഴൽ വായിച്ച് 2016 ൽ ഗിന്നസ് റെക്കോർഡ് നേടിയ ആളാണ് മുരളി നാരായണൻ.