വീടിന്റെ തേക്കാത്ത മുറിയുടെ ചുമരിൽ എഴുതി, ‘ശ്രീജിത് വിൽ ബികം എ ഡോക്ടർ’: ഇതാ, ഡോക്ടർ ശ്രീജിത്
Mail This Article
മായന്നൂർ ∙ ‘ശ്രീജിത് വിൽ ബികം എ ഡോക്ടർ’ എന്നു വീടിന്റെ ചെത്തിത്തേക്കാത്ത മുറിയുടെ ചുമരിൽ കരിക്കട്ട കൊണ്ടു കോറിയിടുമ്പോൾ മാങ്കുളം വേളത്തൊടി മങ്ങാട്ട് ശ്രീജിത് (24) പത്താം ക്ലാസിലാണ്. 2 പശുക്കളുടെ കറവയും തൊഴിലുറപ്പു പണിയും കൊണ്ട് ഉപജീവനം നടത്തുന്ന അമ്മ ശ്രീദേവിക്കു മകൻ ചുമരിൽ എഴുതിയിട്ട വരികളുടെ അർഥവും മകന്റെ ആഗ്രഹവും അന്നു പിടികിട്ടിയില്ല.
പഠനത്തിനുള്ള സാമ്പത്തികവും സാഹചര്യവുമില്ലാത്തതിനാൽ എങ്ങനെ ഒരു ഡോക്ടർ ആകുമെന്ന് അന്നു ശ്രീജിത്തിനും അറിയില്ലായിരുന്നു, ചുവരെഴുത്ത് അയൽവാസിയും ബന്ധുവുമായ പി.എം. അനൂപ് കാണും വരെ! ഏഴാം ക്ലാസ് മുതൽ അവധിക്കാലങ്ങളിലെല്ലാം തന്റെ പലചരക്കു കടയിൽ സഹായിയായി നിന്നിരുന്ന ശ്രീജിത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ അനൂപ് പൂർണ പിന്തുണയുമായി ഒപ്പം നിന്നു.
കുടുംബത്തിന്റെ നിർധനാവസ്ഥയും ശ്രീജിത്തിന്റെ ആഗ്രഹവും അനൂപിലൂടെ തിരിച്ചറിഞ്ഞ മായന്നൂർ നിള സേവാ സമിതി സഹായവുമായി രംഗത്തെത്തി. വിശ്വ സേവാ ഭാരതിയിലൂടെ പഠന ചെലവും കണ്ടെത്തി. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു പരിശീലനം നൽകിയ തൃശൂർ റിജു ആൻഡ് പിഎസ്കെ കോച്ചിങ് സെന്റർ ശ്രീജിത്തിന്റെ പഠന മികവിൽ മതിപ്പു തോന്നി ഫീസിൽ ഇളവു നൽകിയും സൗജന്യ താമസം ഒരുക്കിയും അവസരം നൽകി.
പ്രവേശന പരീക്ഷയിൽ ദേശീയതലത്തിൽ യോഗ്യത നേടിയ ശ്രീജിത് കർണാടകയിലെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എച്ച്ഐഎംഎസിൽ) നിന്ന് എംബിബിഎസ് ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. ഹൗസ് സർജൻസി കഴിഞ്ഞ് എംഡി പഠിച്ച ശേഷം സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യണമെന്നാണു ശ്രീജിത്തിന്റെ ആഗ്രഹം.
അന്നത്തെ ശ്രീജിത്, ഡോക്ടർ ശ്രീജിത്തായി തിരിച്ചെത്തിയപ്പോൾ പക്ഷേ, വീടിന്റെ ചുമരിൽ ആ ചുമരെഴുത്തില്ല. ചുമർ ചെത്തിത്തേച്ചപ്പോൾ അതു മാഞ്ഞു. പക്ഷേ, ഇപ്പോഴും അമ്മയുടെയും നാട്ടുകാരുടെയും ശ്രീജിത്തിന്റെയും മനസ്സിൽ ആ വരികളുണ്ട്; അവൻ സ്വപ്നം നേടിയെടുത്തതിന്റെ അഭിമാനവും.