മലിനജലക്കാനയിലൂടെ ശുദ്ധജല വിതരണ പൈപ്പ്
Mail This Article
ഇരിങ്ങാലക്കുട ∙ നഗരസഭ മാർക്കറ്റിൽ മലിനജലം കെട്ടിക്കിടക്കുന്ന കാനയിലൂടെ ശുദ്ധജല വിതരണ പൈപ്പ് ലൈൻ സ്ഥാപിച്ചത് പ്രതിഷേധത്തെത്തുടർന്ന് മാറ്റി സ്ഥാപിച്ചു. പച്ചക്കറി മാർക്കറ്റിലെ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന കാനയിലൂടെയാണ് പൈപ്പ് സ്ഥാപിച്ചത്. മാർക്കറ്റിൽ നാലിടത്തും തൊട്ടടുത്ത അങ്ങാടിയിലെ 13 വീടുകളിലേക്കും വെള്ളം എത്തിക്കുന്നതിനായി മാർക്കറ്റിൽ സ്ഥാപിച്ച ജലസംഭരണിയിൽ നിന്നുള്ള ജലവിതരണ പൈപ്പുകളാണ് കാനയിലൂടെ സ്ഥാപിച്ചത്.
റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ നഗരസഭാ എൻജിനീയർ പറഞ്ഞത് അനുസരിച്ചാണ് താൻ പൈപ്പുകൾ തോട്ടിലൂടെ സ്ഥാപിച്ചതെന്ന് കരാറുകാരൻ പറഞ്ഞു. ഇതിനെതിരെ മാർക്കറ്റിലെ തൊഴിലാളികൾ അടക്കമുള്ളവർ രംഗത്തെത്തിയതോടെയാണ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചത്.
കനാലിലൂടെ പൈപ്പുകൾ സ്ഥാപിച്ച് സ്‍ലാബ് ഇട്ടാൽ പൈപ്പിൽ പൊട്ടൽ ഉണ്ടാവുകയോ മഴക്കാലത്ത് വെള്ളം ശക്തമായി ഒഴുകുമ്പോഴോ കാനയിലെ മലിനജലം പൈപ്പിൽ കയറാൻ സാധ്യതയുണ്ട്. ചെലവ് കുറയ്ക്കാൻ ഉദ്യോഗസ്ഥരും കരാറുകാരും കുറുക്കുവഴികൾ കണ്ടെത്തുകയാണെന്നു തൊഴിലാളികൾ കുറ്റപ്പെടുത്തി.