ADVERTISEMENT

ചേർപ്പ് ∙ ലക്ഷണമൊത്ത ആനകൾ, തികവാർന്ന ആനച്ചമയങ്ങൾ, ഒന്നിനൊന്ന് മികച്ച പാണ്ടി, പഞ്ചാരിമേളങ്ങൾ എല്ലാം കണ്ടും അറിഞ്ഞും ആസ്വദിക്കണോ? പോരൂ പെരുവനത്തേക്ക്. ദൃശ്യ- നാദ- താള വിസ്മയങ്ങളുടെ പെരുവനം പൂരം ഇന്നാണ്. കേരളത്തിലെ കൊമ്പനാനകളുടെയും നെറ്റിപ്പട്ടം, കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നീ ചമയങ്ങളുടെയും ചെണ്ട, കൊമ്പ്, കുഴൽ, താളം എന്നീ വാദ്യങ്ങളുടെയും യോഗ്യത നിർണയിച്ചിരുന്നത് പെരുവനം പൂരത്തിനായിരുന്നു.

വൈകിട്ട് 4ന് നടവഴിയിൽ കിഴക്കുനിന്ന് പെരുവനം ക്ഷേത്രത്തിലേക്ക് കടല്ലാശ്ശേരി പിഷാരിക്കൽ ഭഗവതി എഴുന്നള്ളുന്നതോടെ പെരുവനം പൂരം തുടങ്ങുകയായി. 5 ആനകളും പഞ്ചാരിമേളവും അകമ്പടിയാകും. 6.30ന് ആറാട്ടുപുഴ ശാസ്താവ് 7 ആനകളോടെ പെരുവനം ക്ഷേത്രത്തിന്റെ തെക്കേനടയിൽ അണിനിരക്കും. ഇവിടെവച്ചാണ് പാണ്ടിമേളം ആരംഭിക്കുന്നത്. പെരുവനം നടവഴിയിൽ ഇറക്ക പാണ്ടി 9.40നുള്ളിൽ കൊട്ടി കലാശിക്കും.

ഏഴോടെ നടവഴിയുടെ കിഴക്കുഭാഗത്തുനിന്നും തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം 7ആനകളുടെ അകമ്പടിയോടെ ചാത്തക്കുടം ശാസ്താവിന്റെ  കയറ്റ പഞ്ചാരിയോടെയുള്ള എഴുന്നള്ളിപ്പ്. 11 ന് ആറാട്ടുപുഴ, കല്ലേലി, മാട്ടിൽ ശാസ്താക്കന്മാരുടെ ഒരുമിച്ചുള്ള എഴുന്നെള്ളിപ്പും പഞ്ചാരിമേളവും. രാത്രി 11 ന് തൊടുകുളം ഭാഗത്തുനിന്ന് ഊരകത്തമ്മ തിരുവടി എഴുന്നള്ളും. ആദ്യം പാണ്ടിമേളം.

ചാത്തക്കുടം ശാസ്താവിനോടൊപ്പമുള്ള ഈ എഴുന്നള്ളിപ്പിനുശേഷം കയറ്റപഞ്ചാരിമേളമാണ്. 7 ആനകൾ അകമ്പടിയാവും. രാത്രി 12 ന് പെരുവനം വിളക്ക്. പെരുവനം പൂരത്തിൽ പങ്കെടുക്കുന്ന 18 ദേവീദേവന്മാരിൽ 11 പേർ അണിനിരക്കുന്നതാണിത്. പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അർധരാത്രിയോടടുത്ത സമയത്ത് പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിൽ കൂട്ടിയെഴുന്നള്ളിപ്പ്. ഈ വിളക്കിൽ നായകസ്ഥാനം നെട്ടിശ്ശേരി ശാസ്താവിനാണ്.

വിളക്കുമാടത്തിനടുത്ത് എഴുന്നള്ളി നിൽക്കുന്ന നെട്ടിശ്ശേരി ശാസ്താവിന്റെ ഇടതുഭാഗത്ത് നാങ്കുളം, കോടന്നൂർ, ചക്കംകുളങ്ങര, മേടംകുളം, ചിറ്റിച്ചാത്തക്കുടം, പൂനിലാർക്കാവ്, കല്ലേലി, മാട്ടിൽ ശാസ്താക്കന്മാരും എടക്കുന്നി, തൈക്കാട്ടുശ്ശേരി ഭഗവതിമാരും അണിനിരക്കും. പഞ്ചാരിമേളം വിളക്കിന് അകമ്പടിയാകും. 11 ദേവീദേവന്മാരും ഒരുമിച്ച് ക്ഷേത്രം പ്രദക്ഷിണം വയ്ക്കും.

കയറ്റപ്പഞ്ചാരിക്കുശേഷം ഊരകത്തമ്മത്തിരുവടി പെരുവനം ക്ഷേത്രം പ്രദക്ഷിണംവച്ച് പുറത്തേക്ക് എഴുന്നള്ളിയാൽ വിളക്കിൽ പങ്കെടുത്ത മറ്റു ദേവീദേവന്മാരുടെ ഉപചാരം. പെരുവനം ക്ഷേത്രത്തിനകത്ത് കിഴക്കേനടയിൽ നെട്ടിശ്ശേരി ശാസ്താവ് എഴുന്നള്ളി പടിഞ്ഞാട്ട് തിരിഞ്ഞ് മാടത്തിലപ്പന് ഉപചാരം പറയും. തുടർന്ന് നാങ്കുളം, കോടന്നൂർ ശാസ്താക്കന്മാരും ഉപചാരം ചൊല്ലും.

ഈ 3 ശാസ്താക്കന്മാരും ഒരുമിച്ച് ശ്രീപാർവതിയുടെ നടയിൽ  മേളത്തോടെ മതിൽക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളും. തുടർന്ന് എടക്കുന്നി ഭഗവതിയും മാടത്തിലപ്പന് ഉപചാരം പറഞ്ഞ് തിരിച്ചെഴുന്നള്ളുന്നതോടെ പെരുവനം വിളക്കിന് സമാപനമാകും. രാത്രി 11 ന് ചേർപ്പ് ഭഗവതിക്ക് 3 ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യം. 3.30 മുതൽ പെരുവനം പടിഞ്ഞാറേനടയിൽ പാണ്ടിമേളം.

4.30 ന് ചേർപ്പ് ഭഗവതിയുടെ കിഴക്കോട്ടിറക്കം. അയ്കുന്ന് ഭഗവതിയോടൊപ്പമുള്ള ഈ എഴുന്നെള്ളിപ്പിന് 7 ആനയും പഞ്ചാരിമേളവും. തുടർന്ന്തൊടുകുളത്തിൽ ആറാട്ട്. പെരുവനം ക്ഷേത്രത്തിൽ ചേർപ്പ് ഭഗവതിയും ആറാട്ടുപുഴ ശാസ്താവും തമ്മിലുള്ള ഉപചാരത്തോടെ പൂരം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com