രാത്രി യാത്രക്കാരെ ആക്രമിച്ച് കവർച്ച: പ്രതികൾ പിടിയിൽ
Mail This Article
തൃശൂർ ∙ രാത്രിയാത്രക്കാരെ ആക്രമിച്ചു പണംതട്ടുന്നതു പതിവാക്കിയ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. കുറ്റൂർ വലിയപറമ്പ് പൊന്നമ്പത്ത് അക്ഷയ് (26), അത്താണി സിൽക്ക് നഗർ ആലിങ്ങപ്പറമ്പിൽ അഖിൽ (30) എന്നിവരെയാണു നിഴൽ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്. പാലസ് ഗ്രൗണ്ട് പരിസരത്തു പതിയിരുന്ന ശേഷം പട്ടിക്കാട് സ്വദേശിയെ ആക്രമിച്ചു പണം കവർന്ന കേസിലാണ് അറസ്റ്റ്. പറവട്ടാനി സ്വദേശിയായ മറ്റൊരു യുവാവിനെയും സംഘം ഇതേ രീതിയിൽ ആക്രമിച്ചു.
പാലസ് ഗ്രൗണ്ട് ഭാഗത്തുകൂടി രാത്രിയിൽ സഞ്ചരിക്കുന്ന യാത്രക്കാരെ വാഹനാപകടത്തിൽപ്പെടുത്തുകയാണു പ്രതികളുടെ രീതി. നഷ്ടപരിഹാരമായി വലിയ തുക ആവശ്യപ്പെടും. നൽകാൻ തയാറല്ലാത്തവരെ മർദിക്കുകയും പണവും മറ്റും കവരുകയും ചെയ്യും. പറവട്ടാനി സ്വദേശിയായ യുവാവിനെ മർദിച്ച ശേഷം മോതിരം പിടിച്ചുപറിക്കുകയും പണം മോഷ്ടിക്കുകയും ചെയ്തു.
തിരൂരിൽ പ്രതികൾ ഒളിവിൽ കഴിയുന്നുവെന്നു സൂചന ലഭിച്ചതോടെ എസ്എച്ച്ഒ പി. ലാൽകുമാർ, എസ്ഐ എഫ്. ഫിയാസ്, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവൻ, വിപിൻദാസ്, എം.എസ്. ലികേഷ്, വിനീത് മോൻ, എസ്. സജീഷ്, കെ.വി. ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.