വാദ്യകലാകാരൻമാർക്കു തണൽ; ഒരു കോടിയുമായി സുരേഷ് ഗോപി
Mail This Article
തൃശൂർ ∙ ക്ഷേത്രവാദ്യ കലാകാരന്മാരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവശ്യഘട്ടങ്ങളിൽ സഹായിക്കുന്നതിനുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിക്കുന്നു. താൻ ഒരു കോടി രൂപ നിക്ഷേപിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ കലാകാരൻമാരുടെയും പേരുവിവരങ്ങൾ ശേഖരിക്കാൻ ഇന്നലെ മേളക്കാരുടെയും വിവിധ കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിൽ സുരേഷ് ഗോപി നിർദേശിച്ചു. പൂരപ്രേമികളും വാദ്യപ്രേമികളുമായ, നിക്ഷേപിക്കാൻ ശേഷിയുള്ള ആളുകളെക്കണ്ട് അവസ്ഥ ബോധ്യപ്പെടുത്തി അവർ നൽകുന്ന തുക കൂടി ചേർത്ത് വിപുലമായ ഒരു ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേളക്കാരിൽ 80% പേരും 60 ശതമാനത്തോളം ശ്രവണ വൈകല്യമുള്ളവരാണെന്നു വാദ്യകലാ അക്കാദമി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ ശ്രദ്ധയിൽപ്പെടുത്തി.
അനാരോഗ്യകരമായ അവസ്ഥയിലുള്ളവരുടെയും മറ്റു സാമ്പത്തിക സഹായം ആവശ്യമുള്ളവരുടെയും പേരുവിവരങ്ങൾ പ്രത്യേകമായി കാണിക്കാനും സുരേഷ് ഗോപി നിർദേശിച്ചു. മക്കളുടെ പഠനത്തിന് അടക്കം വാദ്യകലാകാരന്മാർക്ക് ഇവിടെനിന്നു സഹായം ചെയ്യാൻ കഴിയണം. എന്നാൽ, മറ്റു വരുമാനങ്ങൾ ഇല്ലാത്തവരെ വേണം സഹായിക്കാൻ. കലാമണ്ഡലത്തിന്റെയോ കേരള സംഗീത നാടക അക്കാദമിയുടെയോ ഭാരവാഹികളെ ഗവേണിങ് ബോഡിയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നാൽ, അവിടെ ഭാരവാഹികൾ മാറിമാറി വരുമെന്നതിനാൽ അവർക്ക് കൺസോർഷ്യത്തിന്റെ പ്രവർത്തനം വിട്ടുകൊടുക്കാൻ കഴിയില്ല– അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ വാദ്യകലാകാരന്മാർക്കും ഇതിന്റെ ഗുണം ലഭിക്കണമെന്നും തൃശൂരിൽ മാത്രമായി ഒതുക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതു തന്റെ ചുമതലയായി കരുതിയാണ് ചെയ്യുന്നത്.
ഇതിന്റെ പേരിൽ ഒരു വോട്ടും തനിക്കു വേണ്ട– സുരേഷ് ഗോപി വ്യക്തമാക്കി. വാദ്യകലാകാരന്മാർക്കു വേണ്ടി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുന്നോട്ടു വന്നതിനെ അഭിനന്ദിക്കുന്നതായി പെരുവനം കുട്ടൻ മാരാർ പറഞ്ഞു. കിഴക്കൂട്ട് അനിയൻ മാരാരുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ കേക്കും മുറിച്ചു. പഴുവിൽ രഘു മാരാർ, ശങ്കരംകുളങ്ങര രാധാകൃഷ്ണൻ, തൃപ്രയാർ അനിയൻ മാരാർ, കൊടകര ഉണ്ണി, തൃക്കൂർ അനിൽ, ഏഷ്യാഡ് ശശി, കേളത്ത് സുരേന്ദ്രൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ, ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് മേനോൻ, സതീഷ് മേനോൻ, പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, സെക്രട്ടറി വിനോദ് കണ്ടേംകാവിൽ എന്നിവർ പങ്കെടുത്തു.