ADVERTISEMENT

പെരുമ്പിലാവ് ∙ തിപ്പിലിശ്ശേരിയിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതു മൂടിപ്പോയ കുഴൽ കിണറിന്റെ അവശിഷ്ടത്തിൽ നിന്ന്. ഇന്നലെ കുന്നംകുളം ഡപ്യൂട്ടി തഹസിൽദാർ രാജേഷ് മാരാത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു സംഗതി വ്യക്തമായത്. കഴിഞ്ഞ വെള്ളി രാവിലെയാണു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി തിപ്പിലിശ്ശേരി മാട്ടം പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്ദം കേട്ടത്.

ദുരന്തനിവാരണം, ജിയോളജി, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയെങ്കിലും കൃത്യമായ കാരണം കണ്ടെത്തിയിരുന്നില്ല. ഭൂമിക്കടിയിലെ വെള്ളത്തിന്റെയും വസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തുന്ന ഡൗസിങ് റോഡ്‌ എന്ന ഉപകരണം ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണു കുഴൽ കിണർ കണ്ടെത്തിയത്. കിണറിന്റെ പ്രവേശന കവാടം കല്ല് വച്ച് അടച്ച് അതിനു മീതെ മണ്ണിട്ടു മൂടിയ നിലയിലായിരുന്നു. ഈ പ്രദേശത്ത് മണ്ണെടുപ്പ് നടത്തിയപ്പോഴാണു കിണർ മൂടിയത്. മർദ വ്യതിയാനം മൂലം കിണറ്റിലെ വെള്ളം ശക്തമായി ഇളകിയതാണ് ശബ്ദം ഉണ്ടാകുന്നതിനു കാരണമായത്. കാരണം അറിഞ്ഞതോടെ നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമായി.

ഡൗസിങ് റോഡ് 

ഡൗസിങ് റോഡ്‌ എന്ന ഉപകരണം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ് കുന്നംകുളം ഡപ്യൂട്ടി തഹസിൽദാർ രാജേഷ് മാരാത്ത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിലും ഇടുക്കി പെട്ടിമുടിയിലും ഇദ്ദേഹത്തിന്റെ സേവനം സർക്കാർ ഉപയോഗിച്ചിരുന്നു. മണ്ണിനടിയിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്തുന്നതിനാണു ഡൗസിങ് റോഡ് ഉപയോഗിച്ചു അന്ന് തിരച്ചിൽ നടത്തിയത്. ദുരന്തബാധിത ജില്ലകളിലെ ഭരണകൂടത്തിന്റെ അഭ്യർഥന പ്രകാരമാണു രാജേഷും സംഘവും ദുരന്ത മുഖത്ത് എത്തിയത്. കിണർ കുഴിക്കുന്നതിനു മുൻപു വെള്ളത്തിന്റെ സാന്നിധ്യം അറിയാനും ഇദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. തൃശൂർ അഞ്ചേരി സ്വദേശിയാണ്.

English Summary: Another strange noise from underground in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com