നബിദിന റാലി മഴ മുടക്കി; പിന്നെ പെയ്തത് സ്നേഹമഴ
Mail This Article
ചെമ്മാപ്പിള്ളി ∙ ഇന്നലെ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും നൂറുൽ ഹുദാ മദ്രസയും സംയുക്തമായി നടത്തിയ നബിദിന റാലി കനത്ത മഴ മൂലം ഇടയ്ക്കുവച്ച് റദ്ദാക്കേണ്ടി വന്നപ്പോൾ ഏറെ ദുഃഖിച്ചത് ആനേശ്വരം മഹാദേവ ക്ഷേത്രം ക്ഷേമസമിതി ഭാരവാഹികളാണ്. വർഷങ്ങളായി റാലിക്ക് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ആനേശ്വരം മഹാദേവ ക്ഷേത്ര ക്ഷേമസമിതി നൽകിവരാറുള്ള സ്വീകരണം മുടങ്ങിയതാണ് അവരെ വിഷമത്തിലാക്കിയത്. എല്ലാ തയാറെടുപ്പുകളുമായി ക്ഷേമ സമിതി ഭാരവാഹികൾ ക്ഷേത്രത്തിനു മുൻപിൽ കാത്തുനിന്നതായിരുന്നു. പക്ഷേ, മഴ കനത്തതോടെ മഹല്ല് ഭാരവാഹികൾ റാലി റദ്ദാക്കി വിവരം ക്ഷേത്ര ക്ഷേമസമിതിയെ അറിയിച്ച് ജുമാ മസ്ജിദിലേക്കു മടങ്ങി.
തുടർന്ന് ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികൾ പ്രസിഡന്റ് ടി.ജി.രതീഷ്, രക്ഷാധികാരി ഇ.പി.ഹരീഷ്, ഭരണസമിതി അംഗം ഇ.പി.ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണത്തിനായി ഒരുക്കിയ മധുരപലഹാരങ്ങളുമായി ജുമാ മസ്ജിദിൽ എത്തി. ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ കുമ്മംകണ്ടത്ത്, ജനറൽ സെക്രട്ടറി ടി.എസ്.ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് എം.എസ്.അബ്ദുൽ മജീദ്, ജോയിന്റ് സെക്രട്ടറി കെ.എം.ഷമ്മാസ്, ഖത്തീബ് അബ്ദുല്ല സഖാഫി എന്നിവർ ചേർന്ന് സ്വീകരിച്ചു. മധുരപലഹാരങ്ങൾ മദ്രസയിലെ വിദ്യാർഥികൾക്കു നൽകി. പരസ്പരം ആശംസകൾ നേർന്നാണ് ഇരുകൂട്ടരും പിരിഞ്ഞത്.